കൊല്ലം: ക്ഷേത്രസങ്കേതങ്ങളില്‍ നവരാത്രി മണ്ഡപങ്ങളൊരുങ്ങി. കൊല്ലം പുതിയകാവ്, കൂനമ്പായിക്കുളം ഭദ്രകാളീ ക്ഷേത്രം, കൊട്ടാരക്കര മഹാഗണപതിക്ഷേത്രം, കരുനാഗപ്പള്ളി പുതിയകാവ് ക്ഷേത്രം, കൊട്ടാരക്കുളം മഹാഗണപതി ക്ഷേത്രം, പറവൂര്‍ പുറ്റിംഗല്‍ ക്ഷേത്രം, നെടിയവിള ഗേവീക്ഷേത്രം എന്നിവിടങ്ങളിലെല്ലാം നവരാത്രി ആഘോഷം ഇന്നുമുതല്‍ ആരംഭിക്കും.
പെരിനാട് കലാവേദിയുടെ 45-ാം വാര്‍ഷികാഘോഷവും നവരാത്രി മഹോത്സവവും പുരസ്കാര വിതരണവും സംഘനൃത്ത മത്സരവും 12, 13, 14 തീയതികളില്‍ കലാവേദി നഗറില്‍ നടക്കും. 12ന് വൈകിട്ട് 5ന് ചലച്ചിത്രനടന്‍ മധു ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും.
ജില്ലാ കളക്ടര്‍ ബി. മോഹനന് മുഖ്യാതിഥിയായിരിക്കും. 13ന് വൈകിട്ട് 6ന് അഖിലകേരള സംഘനൃത്ത മത്സരം നടക്കും. 14ന് വൈകിട്ട് 6ന് നടക്കുന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനവും പുരസ്കാര വിതരണവും ഡോ. തോമസ് ഐസക് എംഎല്‍എ നിര്‍വഹിക്കും. വിജയദശമി നാളില്‍ ഡോ. വസന്തകുമാര്‍ സാംബശിവന് കുട്ടികള്‍ക്ക് ഹരിശ്രീ കുറിക്കും.
ആര്‍ട്ട് ഓഫ് ലിവിംഗ് കൊല്ലം ആശ്രമത്തിലെ നവരാത്രി ആഘോഷങ്ങള്‍ ആറു മുതല്‍ 14 വരെ വിപുലമായി നടത്തക്കും. നവരാത്രി പൂജകള്‍, ഹോമങ്ങള്‍, നവരാത്രി കലോത്സവം, അന്നദാനം, പൂജവയ്പ്, വിദ്യാരംഭം, വിജയീയാത്ര എന്നിവയാണ് പ്രധാന പരിപാടികള്‍. തോപ്പില്‍കടവിലെ ജ്ഞാനക്ഷേത്രത്തില്‍ ഇതിനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.
നവരാത്രി പൂജകള്‍ക്കും, ഹോമങ്ങള്‍ക്കും ആചാര്യസ്ഥാനം വഹിക്കുന്നതിനും ആഘോഷപരിപാടികളില്‍ സംബന്ധിക്കുന്നതിനുമായി ബാംഗ്ലൂര്‍ ആശ്രമത്തില്‍ നിന്നും ശ്രീശ്രീയുടെ പ്രതിനിധിയായി ഋഷി നിത്യ പ്രഗ്യ കൊല്ലത്ത് എത്തിച്ചേരും.
നവരാത്രി കലോത്സവം ആറിന് വൈകിട്ട് ഏഴിന് സിനിമാനടി മേനകയും ചലച്ചിത്ര നിര്‍മാതാവ് സുരേഷ്കുമാറും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കൊല്ലം കാളിദാസ കലാകേന്ദ്രം അവതരിപ്പിക്കുന്ന മാക്ബത്ത് നാടകവും അരങ്ങേറും. ഏഴിന് വൈകിട്ട് ഏഴുമുതല്‍ ജെ.പി ജയശങ്കര്‍ അവതരിപ്പിക്കുന്ന നാദാര്‍ച്ചന നടക്കും. 11ന് രാത്രി ഏഴിന് നടക്കുന്ന പൂജാപരിപാടികളില്‍ കേന്ദ്രമന്ത്രി കെ.സി വേണുഗോപാല്‍ മുഖ്യാതിഥിയായിരിക്കും. രാവിലെ ഏഴിന് രുദ്രാഭിഷേകവും വൈകിട്ട് അഞ്ചിന് മഹാസുദര്‍ശനഹോമവും, ദുര്ഗാസപ്തശിത പാരായണവും, ലളിതാസഹസ്രനാമജപവും, നവചണ്ഡിഹോമവുമാണ് പ്രധാന പൂജകള്‍. 12ന് രാവിലെ ഏഴിന് ശതചണ്ഡിഹോമം ആരംഭിക്കും. 13ന് വൈകിട്ട് ഏഴുമുതല്‍ സരസ്വതി പൂജയും വിദ്യാസങ്കല്പ്പവും. 14ന് രാവിലെ 8 മുതല്‍ വിദ്യാരംഭം. ശ്രീശ്രീ അക്കാദമിയുടെ നേതൃത്വത്തിലാണ് വിദ്യാരംഭ പരിപാടികള്‍. രാവിലെ പത്തിന് പൂജാ-ഹോമ ഫലസിദ്ധിക്ക് തെരഞ്ഞെടുത്ത കോളനികളിലെത്തി വസ്ത്രങ്ങളും മരുന്നുകളും ഭക്ഷണവും വിതരണം ചെയ്യുന്ന പ്രത്യേക പരിപാടിയായ വിജയീയാത്ര. തുടര്‍ന്ന് വൃഷത്തൈ നടീലും ശുചിത്വ ബോധവല്‍ക്കരണവും. 10 മുതല്‍ 12 വരെ തീയതികളില്‍ ദമ്പതി പൂജകളും സങ്കല്പ്പ പൂജകളും നടക്കും.
പുത്തൂര്‍: തെക്കുംപുറം കണ്ണങ്കര കളരിയില്‍ ഭഗവതിക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കമാകും. എല്ലാ ദിവസവും ഭാഗവത പരായണവും വിശേഷാല്‍ പൂജകളും ഉണ്ടാകും. വിജയ ദശമിദിനത്തില്‍ വിദ്യാഗോപാല മന്ത്രാര്‍ച്ചന നടക്കും. പുത്തൂര്‍ തൃക്കണ്ണാപുരം കാവില്‍ ഭഗവതിക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം ഇന്ന് ആരംഭിക്കും. വിദ്യാരംഭ ചടങ്ങുകള്‍ക്ക് കൃഷ്ണശര്‍മ്മ നേതൃത്വം നല്‍കും.
ചവറ: കൊറ്റംകുളങ്ങര ദേവിക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞവും നവരാത്രി ഉത്സവവും ഇന്ന് തുടങ്ങി 14ന് സമാപിക്കും. ഇന്ന് വൈകിട്ട് 7ന് യജ്ഞശാലയില്‍ ഭദ്രദീപം തെളിക്കലും അനുഗ്രഹപ്രഭാഷണവും കളക്ടര്‍ ബി. മോഹനന് നിര്‍വഹിക്കും. പയ്യന്നൂര്‍ ജയകൃഷ്ണന് നമ്പൂതിരിയാണ് യജ്ഞാചാര്യന്‍. തേവലക്കര മണിക്കുട്ടന്‍പിള്ള, പള്ളിക്കല്‍ മദനന്, തൊടിയൂര്‍ സുബാഷ് എന്നിവരാണ് യജ്ഞ പൗരാണികര്‍.
യജ്ഞ ദിവസങ്ങളില്‍ ഗണപതിഹോമം, ആചാര്യപ്രഭാഷണം എന്നിവയുണ്ടാകും. 8ന് ശ്രീകൃഷ്ണാവതാരം, 10ന് രക്മിണിസ്വയംവരം, 11ന് കുചേലഗതി എന്നിവ പാരായണം ചെയ്യും.
യജ്ഞ സമാപന ദിവസമായ 12ന് 11 മണിക്ക് ഗജപൂജയും ഗജയൂട്ടും ഉണ്ടാകും. വാദ്യമേളങ്ങളുടേയും ഗജവീരന്മാരുടേയും അകമ്പടിയോടെ 3ന് അവഭൃഥസ്നാന ഘോഷയാത്ര നടക്കും.
മഹാനവമി ദിവസമായ ഞായറാഴ്ച അഖണ്ഡനാമജപ യജ്ഞമുണ്ടാകും. വിജയദശമി ദിവസമായ തിങ്കളാഴ്ച 7ന് പൂജയെടുപ്പും വിദ്യാരംഭവും നടക്കും. യജ്ഞശാലയില്‍ വിവിധ അര്‍ച്ചനകള്‍ ചെയ്യാന്‍ സൗകര്യമുണ്ടാകും.
കൊട്ടാരക്കര: വയയ്ക്കല്‍ ശ്രീദുര്‍ഗാദേവി ക്ഷേത്ര നവരാത്രി ആഘോഷങ്ങള്‍ ഇന്ന് മുതല്‍ 14 വരെ ക്ഷേത്ര സന്നിധിയില്‍ നടക്കും. എല്ലാ ദിവസവും ദേവീഭാഗവതപാരായണം, വൈകിട്ട് ലളിതസഹസ്രനാമജപം, ദീപാരാധനയ്ക്കുശേഷം ഭഗവതിസേവ എന്നിവയുണ്ടായിരിക്കും. മഹാനവമി ദിവസം രാവിലെ 6 മുതല്‍ വിജയദശമി ദിവസം രാവിലെ 6 വരെ അഹോരാത്ര അഖണ്ഡനാമജപം. വിജയദശമിദിനത്തില്‍ രാവിലെ മുതല്‍ വിദ്യാരംഭം ക്ഷേത്രം മേല്‍ശാന്തി ബ്രഹ്മശ്രീ കൃഷ്ണന് നമ്പൂതരി കുട്ടികളെ എഴുത്തിനിരുത്തും. തുടര്‍ന്ന് സതീഷ് ചന്ദ്രന് മുട്ടത്തറയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിദ്യാരാജഗോപാലമന്ത്രാര്ച്ചനയും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: