ന്യൂദല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷം കറന്റ് അക്കൗണ്ട് കമ്മി പ്രതീക്ഷിച്ചതിനേക്കാള്‍ താഴുമെന്ന് ധനകാര്യ മന്ത്രി പി.ചിദംബരം. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ കറന്റ് അക്കൗണ്ട് കമ്മി മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 4.9 ശതമാനമായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം ഇത് 3.7 ശതമാനത്തിലെത്തിക്കുകയാണ് ലക്ഷ്യം. സാമ്പത്തിക വളര്‍ച്ച 5.5 ശതമാനത്തോട് അടുത്തതും പ്രതീക്ഷ നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഏപ്രില്‍, മെയ് മാസങ്ങളില്‍ സ്വര്‍ണ ഇറക്കുമതി ഉയര്‍ന്നതാണ് ആദ്യപാദത്തില്‍ കറന്റ് അക്കൗണ്ട് കമ്മി വര്‍ധിക്കാന്‍ കാരണമെന്നും ചിദംബരം വ്യക്തമാക്കി. ആദ്യപാദത്തില്‍ 345 ടണ്‍ സ്വര്‍ണമാണ് മൊത്തം ഇറക്കുമതി ചെയ്തത്. രണ്ടാം പാദത്തില്‍ സപ്തംബര്‍ 25 വരെയുള്ള കണക്ക് അനുസരിച്ച് കേവലം 64 ടണ്‍ സ്വര്‍ണമാണ് ഇറക്കുമതി ചെയ്തിരിക്കുന്നത്. സ്വര്‍ണം ഇറക്കുമതിയില്‍ കുറവുണ്ടാകുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 4.8 ശതമാനത്തില്‍ എത്തിയിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ ജിഡിപി വളര്‍ച്ചാ നിരക്ക് ആദ്യപാദത്തേക്കാള്‍ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചിദംബരം പറഞ്ഞു. കയറ്റുമതി രംഗവും ശക്തമായ വളര്‍ച്ചയാണ് പ്രകടിപ്പിക്കുന്നത്. ഇരുചക്ര വാഹന വില്പനയും ചെറുകിട, ഇടത്തരം സംരംഭങ്ങളും റീട്ടെയില്‍ മേഖലയും വളര്‍ച്ചയുടെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: