ആലപ്പുഴ: പാര്‍ട്ടി ഔദ്യോഗിക നേതൃത്വത്തിന്റെ അപകടകരമായ പുത്തന്‍ കൂട്ടുകെട്ടുകള്‍ പാര്‍ട്ടിയെ തകര്‍ക്കും. ഇത് ചോദ്യം ചെയ്യുന്നതും തിരുത്താന്‍ ശ്രമിക്കുന്നതും പാര്‍ട്ടി സഖാവ് എന്ന നിലയില്‍ തന്റെ കടമയാണെന്നും, ഇതില്‍ കമ്യൂണിസ്റ്റ് നയങ്ങള്‍ കാറ്റില്‍പ്പറത്തുന്ന യാതൊന്നുമില്ലെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും വി.എസ്.അച്യുതാനന്ദന്. ഔദ്യോഗിക പക്ഷത്തിനെതിരെ അക്കമിട്ട് ആരോപണങ്ങള്‍ നിരത്തി കഴിഞ്ഞദിവസം നല്കിയ പുതിയ പരാതിയിലാണ് വി.എസ്. ഇതു പറയുന്നത്.
ഏറ്റവും പുതിയ സംഭവവികാസം ചൂണ്ടിക്കാണിച്ചാണ് കത്ത് തുടങ്ങുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളും, ഭീകരവാദ സംഘടനാ ബന്ധവുമുള്ളവരുമാണ് ഇപ്പോള്‍ സഖാക്കളുടെ സുഹൃത്തുക്കള്‍. സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, കൊലപാതകം, ആഡംബര ജീവിതം എന്നിവയെ മാത്രമാണ് പലപ്പോഴായി താന്‍ ചോദ്യം ചെയ്തിട്ടുള്ളത്. ഇത് പാര്‍ട്ടി ചരിത്രം പരിശോധിച്ചാല്‍ എല്ലാക്കാലവും തുടര്‍ന്നുവന്ന രീതിയാണ്. ഇതു മാത്രമേ താന്‍ ചെയ്യുന്നുള്ളൂ. ചില അഴിമതി കേസുകള്‍ ചൂണ്ടിക്കാട്ടുകയും പൊതുപ്രവര്‍ത്തകനെന്ന നിലയിലും ഉത്തമ സഖാവെന്ന നിലയിലും എടുക്കേണ്ട നിലപാടുകള്‍ മാത്രമാണ് താന്‍ എടുത്തിട്ടുള്ളതെന്നും കത്തില്‍ പറയുന്നു. അടുത്തകാലത്തായി ഇത്തരം ആള്‍ക്കാര്‍ക്ക് പാര്‍ട്ടി നേതാക്കളുമായി അടുത്തബന്ധമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. ചിലരെ ജയിലില്‍ പോയി കണ്ട ആള്‍ക്കാരെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് നിത്യേന മാധ്യമങ്ങളിലൂടെ വെളിയില്‍ വരുന്നത്.
തനിക്കെതിരെ നയവ്യതിയാനങ്ങളെ കുറിച്ച് പറയുന്നവര്‍ കമ്യൂണിസ്റ്റ് നയങ്ങള്‍ക്ക് അനുസരിച്ചാണോ ജീവിക്കുന്നതും പ്രവര്‍ത്തിക്കുന്നതുമെന്ന് പരിശോധിക്കേണ്ടതുണ്ട്. എണ്ണത്തിന്റെ വലിപ്പം നോക്കി തീരുമാനങ്ങള്‍ എടുക്കുന്നവരല്ല കമ്യൂണിസ്റ്റ് പാര്‍ട്ടി. ശരി ന്യൂനപക്ഷത്താണെങ്കില് അവരോടൊപ്പം നിലയുറപ്പിച്ച പ്രസ്ഥാനമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് താന്‍ ഇപ്പോഴും വിശ്വസിക്കുന്നു, ചരിത്രവും അതാണ്.
താന്‍ ചില നേതാക്കള്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി പറയുവാനോ ആരോപണങ്ങള്‍ ശരിയല്ലെന്ന് തെളിയിക്കാനോ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ തനിക്കെതിരെ തിരിയുന്നവരുടെ എണ്ണം നോക്കിയാണ് തീരുമാനങ്ങള്‍ എടുക്കുന്നതെങ്കില്‍ അത് പാര്‍ട്ടിയെ അപചയത്തിലേക്ക് നയിക്കുന്നുവെന്നതിന്റെ സൂചനയാണെന്നും പരാതിയില്‍ പറയുന്നുണ്ട്.
തനിക്കെതിരെ വ്യക്തമായ തെളിവുകള്‍ നല്‍കാമെന്ന് പറയുന്ന ചിലര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് താന്‍ നേരത്തെ തന്നെ മറുപടി നല്‍കിയിരുന്നതാണ്. അതുപോലെ തന്നെ പാര്‍ട്ടി നിര്‍ദേശങ്ങള്‍ അവഗണിച്ച് പാര്‍ട്ടിയെ വെല്ലുവിളിച്ച് പ്രവര്‍ത്തിക്കുന്നതായുള്ള ആരോപണങ്ങളും ശരിയല്ലെന്ന് ബോധ്യപ്പെട്ടിട്ടുള്ളതാണ്. ലാവലിന്‍ കേസില്‍ താന്‍ ഗൂഢാലോചന നടത്തിയെന്നുള്ള ആരോപണങ്ങള്‍ ഒട്ടും ശരിയല്ല. ഇതില്‍ എന്തെങ്കിലും അഴിമതി നടന്നിട്ടുണ്ടെങ്കില്‍ സഖാക്കള്‍ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കേണ്ടത് തന്നെയാണ്. അതില്‍ നിന്നും പിന്നോട്ടു പോകുകയല്ല, ധൈര്യപൂര്‍വം മുന്നോട്ടു വരികയാണ് പാര്‍ട്ടി ചെയ്യേണ്ടതെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
ആര്.അജയകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: