തിരുവന്തപുരം: മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരുടെ ഓഫീസുകളില്‍ കുറ്റവാളികള്‍ കയറിയിറങ്ങുന്നുവെന്ന് ഡിജിപിയുടെ സാക്ഷ്യം. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷയുമായി ബന്ധപ്പെട്ട സെക്യൂരിറ്റി അലെര്‍ട്ട് ചാര്‍ട്ട് തയ്യാറാക്കുന്നതുസംബന്ധിച്ച് ജില്ലാ പോലിസ് മേധാവികള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് ഡിജിപിയുടെ പരാമര്‍ശം. ഇന്റലിജന്‍സ് എഡിജിപി ടി.പി. സെന്‍കുമാറിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യം സര്‍ക്കുലര്‍ ഇറക്കിയത്.
സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുളള കേസുകളുടെ പൂര്‍ണമായ ഡാറ്റാ ബാങ്ക് ഇല്ലാത്തത് കാരണം ഒരു ജില്ലയില്‍ താമസിക്കുന്നയാള്‍ മറ്റൊരു ജില്ലയില്പ്പോയി കുറ്റകൃത്യങ്ങളില്‍ പങ്കാളിയായാല്‍ ആ വിവരം സ്വന്തം ജില്ലയില്‍ അറിയാന്‍ കഴിയാത്ത അവസ്ഥയാണുളളത്. ഇക്കാരണത്താല്‍ പോലിസ് വെരിഫിക്കേഷന്, പാസ്പ്പോര്‍ട്ട് വെരിഫിക്കേഷന്, ജോബ് വെരിഫിക്കേഷന് എന്നിവ വളരെ ലാഘവത്തോടെ മറികടക്കാന്‍ കുറ്റവാളികള്‍ക്ക് സാധിക്കുന്നു.
ലോങ്ങ് പെന്റിങ് വാറണ്ട് ഉണ്ടെങ്കില്‍ക്കൂടി ഇത്തരക്കാര്‍ക്ക് സ്വന്തം ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളിലും മന്ത്രിമാരുടെ ഓഫീസുകളിലും കയറിയിറങ്ങി പുതിയ കുറ്റകൃത്യങ്ങളില്‍ പങ്കാളികളാവാന്‍ കഴിയും. സാമ്പത്തിക കുറ്റകൃത്യങ്ങളില്പ്പെടുന്നവരാണ് മന്ത്രിമാരുടെ ഓഫിസുകളില്‍ കയറിയിറങ്ങുന്നതെന്നും ഡിജിപി സൂചിപ്പിക്കുന്നു.
സോളാര്‍ കേസിലെ പ്രതികള്‍ മുഖ്യമന്ത്രിയടക്കമുളള മന്ത്രിമാരുടെ ഓഫീസുകളില്‍ കയറിയിറങ്ങിയത് വിവാദമായ പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനുള്ള പോലീസിന്റെ തീരുമാനം. സെക്യൂരിറ്റി അലെര്‍ട്ട് സിസ്റ്റം എന്ന പേരിലാണ് ഡാറ്റാ ബേസ് തയ്യാറാക്കുന്നത്. കേരളത്തിലെ മുഴുവന്‍ പോലിസ് സ്റ്റേഷനുകളെയും ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോകളെയും ഓണ്‍ലൈന്‍വഴി ബന്ധിപ്പിച്ചാവും പുതിയ പദ്ധതി നടപ്പാക്കുക. ഓണ്‍ലൈന്‍ ഡാറ്റാ ബേസ് തയ്യാറാക്കിയാല്‍ സ്റ്റേഷനില്‍ ഇരുന്നുകൊണ്ടുതന്നെ കുറ്റവാളിയുടെ മുന്‍കാല കുറ്റകൃത്യങ്ങളെക്കുറിച്ച് ഓണ്‍ലൈന്‍വഴി കണ്ടെത്താനും പുതിയ കുറ്റകൃത്യങ്ങള്‍ തടയാനും കഴിയുമെന്നാണ് കണക്കുകൂട്ടല്‍.
കുറ്റകൃത്യങ്ങളുടെ വിവരങ്ങള്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതോടൊപ്പംതന്നെ അന്വേഷണ ഉദ്യോഗസ്ഥന് ഡേറ്റാ ബാങ്കില്‍ അപ്ലോഡ് ചെയ്യണം. അന്വേഷണം തുടങ്ങിയതുമുതല്‍ കോടതിയില്‍ കുറ്റപത്രം കൊടുക്കുന്നതുവരെയുള്ള വിശദാംശങ്ങളുണ്ടാവണം. വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്നതിനും തിരുത്തല്‍ വരുത്തുന്നതിനും കംപ്യൂട്ടര്‍ പരിജ്ഞാനമുള്ള രണ്ടു പോലിസ് ഉദ്യോഗസ്ഥരെ എ.ആറില്നിന്നോ ബറ്റാലിയനില്നിന്നോ നിയോഗിക്കണം.
സംസ്ഥാന ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കീഴിലുള്ള ക്രിമിനല്‍ ഇന്റലിജന്‍സ് ബ്യൂറോ വിഭാഗത്തിന് ഇതിന്റെ പൂര്‍ണ ചുമതല നല്‍കണം. അതത് മാസത്തെ വിവരങ്ങള്‍ അടുത്തമാസം അവലോകനം ചെയ്യണം. നിലവിലെ സംവിധാനമുപയോഗിച്ച് ജില്ലാതലത്തിലുള്ള വിവരങ്ങള്‍ ശരിയായ വിധത്തില്‍ ശേഖരിച്ചിട്ടുണ്ടോയെന്നും അവലോകനം ചെയ്യേണ്ടതാണെന്നും ഡിജിപി സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. ക്രൈം കേസുകളില്‍ പ്രതികളാകുന്നവരുടെ ഒരു ഏകീകൃതഡേറ്റാബേസ് തയ്യാറാക്കുന്നത് സംബന്ധിച്ച് ജില്ലാ പോലിസ് മേധാവിമാര്‍ക്ക് നല്കിയ നിര്‍ദ്ദേശം ജൂലൈ 10ലെ സര്‍ക്കാര്‍ സര്‍ക്കുലര്‍ പ്രകാരമുള്ളതാണെന്ന് ഡിജിപി അറിയിച്ചു.
ഒരു ജില്ലയില്‍നിന്ന് മറ്റൊരു ജില്ലയില്‍ പോയി ക്രൈം കേസുകളില്‍ പ്രതികളായാല്‍ സ്വന്തം ജില്ലയില്‍ അറിയാന്‍ കഴിയാത്ത സാഹചര്യമുള്ളതിനാല്‍ ഇത്തരക്കാര്‍ക്ക് സര്‍ക്കാര്‍ ഓഫിസുകളില്‍ കയറിയിറങ്ങി പുതിയ കുറ്റകൃത്യങ്ങളില്‍ പങ്കാളിയാവാന്‍ കഴിയുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് സെക്യൂരിറ്റി അലര്‍ട്ട് സിസ്റ്റം എന്ന പേരില്‍ ഒരു ഏകീകൃത ക്രിമിനല്‍ ഡേറ്റാബേസ് തയ്യാറാക്കാന്‍ നിര്‍ദേശിച്ചതെന്നും ഡിജിപി വ്യക്തമാക്കി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: