തിരുവനന്തപുരം: മതനിരപേക്ഷതയും ഐക്യവും ഊട്ടിയുറപ്പിച്ച് കേരളത്തെ നയിച്ച നേതാവായിരുന്നു മുന്‍ മുഖ്യമന്ത്രി ആര്. ശങ്കറെന്ന് യുപിഎ അധ്യക്ഷ സോണിയ. ആധുനിക ഭാരതം കെട്ടിപ്പെടുക്കുന്നതില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഉപകരിച്ചിട്ടുണ്ട്. മികച്ച രാഷ്ട്രീയ നേതാവ്, വിദ്യാഭ്യാസ വിചക്ഷണന്‍, സംഘാടകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു അദ്ദേഹമെന്നും സോണിയ പറഞ്ഞു. തിരുവനന്തപുരം നഗരത്തിലെ പാളയത്ത് സ്ഥാപിച്ച ആര്. ശങ്കര്‍ പ്രതിമയുടെ അനാഛാദന കര്‍മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
രാജ്യത്ത് ഏറ്റവുമധികം സാമൂഹ്യക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്ന സംസ്ഥാനമെന്ന പദവി കേരളത്തിനാണെന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് ശങ്കറിന്റെ കാലത്തായിരുന്നെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അദ്ദേഹം പിന്നോക്ക സമുദായങ്ങളുടെ അവശത മാറ്റാന്‍ പ്രയത്നിച്ചു. പ്രതിമ സ്ഥാപിക്കപ്പെട്ടതോടെ തിരുവനന്തപുരം നഗരത്തിന്റെ ഒരു കുറവാണ് പരിഹരിക്കപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ സാമൂഹ്യ നവോത്ഥാനത്തിന് നേതൃത്വം നല്കിയ ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ പ്രായോഗികമാക്കാന്‍ ആര്. ശങ്കറിന് കഴിഞ്ഞതായി സമ്മേളനത്തില്‍ അധ്യക്ഷതവഹിച്ച കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതിമ നിര്‍മിച്ച ശില്പി സിദ്ധന് ആര്.ശങ്കര്‍ ഫൗണ്ടേഷന്റെ ഉപഹാരം സോണിയാഗാന്ധി സമ്മാനിച്ചു. മണല്‍ ചിത്രകലയില്‍ പ്രശസ്തനായ ആര്‍ട്ടിസ്റ്റ് കൃഷ്ണന് മണല്‍ കൊണ്ട് നിര്‍മിച്ച രാജീവ് ഗാന്ധിയുടെ ചിത്രം സോണിയാ ഗാന്ധിക്ക് സമര്‍പിച്ചു. ആര്.ശങ്കര്‍ ഫൗണ്ടേഷന്റെ ഉപഹാരം പ്രസിഡന്റ് ശരത്ചന്ദ്രപ്രസാദ് സോണിയാ ഗാന്ധിക്ക് നല്കി. കേന്ദ്രമന്ത്രി ഡോ. ശശി തരൂര്‍, സംസ്ഥാന മന്ത്രിമാരായ കെ.ബാബു, അടൂര്‍ പ്രകാശ്, കെ. മുരളീധരന് എംഎല്‍എ, അഡ്വ. കുന്നുകുഴി. ജി. സുരേഷ് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: