തിരുവനന്തപുരം: പാര്‍ട്ടിയിലെ വലതുപക്ഷ, വിഭാഗീയ നയവിയതിയാനത്തിനെതിരെ പ്രതികരിച്ച തന്നെ ശത്രുവിനെപ്പോലെയാണ് കാണുന്നതെന്ന് വി.എസ് അച്യുതാനന്ദന്. പാര്‍ട്ടികകത്ത് പ്രത്യശാസ്ത്ര പ്രശ്നം ഉയര്‍ത്തുന്നവരോട് നേതൃത്വത്തിന് വൈരാഗ്യ ബുദ്ധിയാണെന്നും വിഎസ് വ്യക്തമാക്കി.
പോളിറ്റ്ബ്യൂറോ കമ്മിഷന് മുമ്പാകെ നല്കിയ പരാതിയെ അടിസ്ഥാനമാക്കി ഇന്നലെ കമ്മിഷന് അംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ സംസാരിക്കുകയായിരുന്നു വി.എസ്. 20 പേജോളം വരുന്ന വിശദീകരണക്കുറിപ്പ് ഔദ്യോഗിക ചേരിയിലെ എ. വിജയരാഘവന്റെ സഹായത്തോടെയാണ് വി.എസ് വായിച്ചത്.
തനിക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളെല്ലാം ബാലിശമാണ്. വലതുപക്ഷ വ്യതിയാനം പാര്‍ട്ടിയെ നശിപ്പിക്കുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത്. വിജയന് സെക്രട്ടറി ആയപ്പോള്‍ മുതല്‍ പാര്‍ട്ടിക്കുള്ളില്‍ ഈ വ്യതിയാനം ആരംഭിച്ചു. ഇതിനെതിരെ സംസാരിക്കുന്നവരെ തരംതാഴ്ത്തുന്ന നിലപാടാണ്. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കുണ്ട്. അത് ചെയ്തവര്‍ക്കെതിരെ നടപടി ഉണ്ടാവുകയാണ് വേണ്ടത്. പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് പോയവരല്ലേ യഥാര്‍ത്ഥത്തില്‍ കുലംകുത്തികള്‍. അതോ നടപടി നേരിട്ടിട്ടും പ്രത്യയശാസ്ത്രത്തില്‍ ഉറച്ചുനിന്നവരാണോ? പി. കരുണാകരന് കമ്മിഷന് എന്ന പേരില്‍ തനിക്കെതിരെ എഴുതിവച്ച ആരോപണങ്ങളെല്ലാം വെറും തോന്ന്യാസമാണ്. യു.ഡി.എഫിനെ ഉപയോഗിച്ച് പോലും തന്നെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. ലാവ്ലിന് ഇടപാട് അഴിമതി തന്നെയാണ്. ഇതുവരെ കേട്ടിട്ടില്ലാത്തതാണിത്. പ്രത്യയശാസ്ത്രത്തില്‍ ഉറച്ചുനില്‍ക്കുന്ന നിലപാട് സ്വീകരിക്കുന്നവരെ ശത്രുക്കളായി കാണരുത്. ഇന്നത്തെ നേതൃത്വത്തെ വച്ച് കേരളത്തിലെ പാര്‍ട്ടിക്ക് മുന്നോട്ട് പോകാനാവില്ലെന്നും വി.എസ് പറഞ്ഞു.
പിബി കമ്മീഷന് തെളിവെടുപ്പില്‍ വിഎസിനെതിരെ സംഘടനാ തലത്തില്‍ നടപടിയെടുക്കണമെന്ന് ഔദ്യോഗിക നേതൃത്വം ആവശ്യപ്പെട്ടിരുന്നു. കമ്മീഷന് അംഗങ്ങളുടെ സാന്നിധ്യത്തില്‍ നടന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് വിഎസിനെതിരെ വിമര്‍ശനമുണ്ടായത്.
ഇന്നും നാളെയും സംസ്ഥാനകമ്മിറ്റി യോഗമാണ്. അതിന് മുമ്പായി ആറംഗ പി.ബി കമ്മിഷന് അംഗങ്ങള്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: