തിരുവനന്തപുരം: ഡാറ്റാ സെന്റര്‍ കേസിനെ ചൊല്ലി കോണ്‍ഗ്രസില്‍ കലഹം. ഡാറ്റാ സെന്റര്‍ കേസില്‍ സിബിഐ അന്വേഷണം ഉപേക്ഷിക്കാനുള്ള സര്‍ക്കാര്‍ നീക്കം വിവാദ ഇടനിലക്കാരന് ദല്ലാള്‍ നന്ദകുമാറിനെ രക്ഷിക്കാനാണെന്ന് പി.സി.ജോര്‍ജ്ജ് പറഞ്ഞു. കേസ് സിബിഐയ്ക്ക് വിടാനുള്ള മന്ത്രിസഭയുടെ തീരുമാനം ടി.ജി നന്ദകുമറിന് ചോര്‍ത്തി നല്‍കിയത് ഒരു മന്ത്രിയാണെന്നും ജോര്‍ജ് ആരോപിച്ചു.
സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി കെ.മുരളീധരന് എംഎല്‍എയും രംഗത്ത് വന്നു. ഡേറ്റാ സെന്റര്‍ കൈമാറ്റം സംബന്ധിച്ച് സിബിഐ അന്വേഷണം വേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അത് ദൗര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പ്രതികരിച്ചു. അച്യുതാനന്ദനും ദല്ലാള്‍ നന്ദകുമാറും ഉള്‍പ്പെട്ട സംഘം നടത്തിയ അഴിമതിയാണിത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്കും കെപിസിസി പ്രസിഡന്റിനും താന്‍ കത്ത് നല്‍കും. സര്‍ക്കാരിനെ വിമര്‍ശിക്കുമ്പോള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സ്വരത്തില്‍ സംസാരിക്കുകയാണെന്നാണ് പറയുന്നത്. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന പല നടപടികളും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ സഹായിക്കുന്ന തരത്തിലാണെന്നും മുരളീധരന് ആരോപിച്ചു.
നന്ദകുമാറിന്റെ ചാരനായി ഒരു മന്ത്രി പ്രവര്‍ത്തിക്കുന്നുണ്ടെന്ന ജോര്‍ജിന്റ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പ്രതികരിച്ചു. ചോര്‍ത്തുന്നതും ചാരപ്പണിയും ആര്‍ക്കാണെന്ന് കേരളത്തിനറിയാം. കഴിഞ്ഞ രണ്ട് കൊല്ലമായി ജോര്‍ജ് എന്തെല്ലാമോ പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇന്ന് ഇത്, നാളെ വേറെന്തെങ്കിലുമാകുമെന്നും അദ്ദേഹം ഇങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കുമെന്നും തിരുവഞ്ചൂര്‍ തിരിച്ചടിച്ചു.
വി.എസ് അച്യുതാനന്ദന് മുഖ്യമന്ത്രിയായിരിക്കെ നടന്ന ഡേറ്റാ സെന്റര്‍ കൈമാറ്റത്തില്‍ വിവാദ ദല്ലാള്‍ ടി.ജി നന്ദകുമാറിന് പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. സംഭവം സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കാനുള്ള തീരുമാനം പിന്‍വലിച്ചതാണ് വിവാദമായത്.
കേസില്‍ സിബിഐ അന്വേഷണം നടത്തുമെന്ന് 2102 ഫെബ്രുവരി 24നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. 2012 മാര്‍ച്ച് ഏഴിന് മന്ത്രിസഭ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത് നന്ദകുമാര്‍ കോടതിയെ സമീപിച്ചു. അഡ്വക്കേറ്റ് ജനറല്‍ നല്കിയ ഉറപ്പ് രേഖപ്പെടുത്തിയ കോടതി ഇതുസംബന്ധിച്ച് പി.സി. ജോര്‍ജ് നല്‍കിയിരുന്ന ഹര്‍ജി തീര്‍പ്പാക്കി. 2012 ഏപ്രില്‍ 12ന് സുപ്രീംകോടതി കേസിന്റെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്തു. സര്‍ക്കാരിന്റെ വാദം പോലും കേട്ടില്ല. ഇതോടെ സിബിഐ അന്വേഷണം സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല.
എന്നാല്‍ ഈ മാസം പത്താം തിയതി കേസ് സിബിഐക്ക് വിടുകയാണെന്ന് എജി വീണ്ടും ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഇതിന് ആധാരമായ രേഖ ഹാജരാക്കാന്‍ സുപ്രീംകോടതി എ.ജിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സിബിഐ അന്വേഷിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്. രണ്ടുവര്‍ഷത്തോളം ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസാണിത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: