തിരുവനന്തപുരം: ലോക സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രചരണ പരിപാടികളുടെ ഭാഗമായുള്ള സോണിയയുടെ സന്ദര്‍ശനത്തിന് സര്‍ക്കാര്‍ ഖജനമാവില് നിന്ന് ലക്ഷങ്ങള്‍ പൊടിക്കുന്നു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ റവന്യൂ വകുപ്പിന്റെ ഭൂരഹിതര്‍ക്കു ഭൂമി വിതരണം ചെയ്യുന്ന ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ഉദ്ഘാടനത്തിനാണ് സോണിയ എത്തുന്നത്. എന്നാല്‍ സോളാര്‍ കേസും സ്വര്‍ണ്ണക്കടത്ത് കേസുമുള്‍പ്പെടെ കോണ്‍ഗ്രസിന്റെ പ്രതിശ്ചായ നഷ്ടപ്പെട്ടിരിക്കുന്ന സമയത്ത് ലോകസഭ തെരഞ്ഞെടുപ്പിനെ ഇത് ബാധിക്കാതിരിക്കാനാണ് പദ്ധതിയുടെ പേരില്‍ സോണിയാ ഗാന്ധിയെ കേരളത്തിലെത്തിച്ചിരിക്കുന്നതെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
പരിപാടിക്കായി ലക്ഷങ്ങള്‍ മുടക്കിയാണ് കൂറ്റന്‍ പന്തല്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഉണ്ടാക്കിയിരിക്കുന്നത്. സിമന്റ് കട്ടകളും അലുമിനിയം ഷീറ്റുകളും ഉപയോഗിച്ച് എസ്പിജിയുടെ നിര്‍ദ്ദേശ പ്രകാരം ഏഴ് ലക്ഷത്തോളം രൂപ ചെലവഴിച്ചാണു വേദി നിര്‍മ്മിക്കുന്നത്. എല്‍സിഡി ടിവികള്‍ ഫാനുകള്‍, നിരീക്ഷണ ക്യാമറകള്‍ എന്നിവയടക്കം പട്ടയവിതരണത്തിനായുള്ള 35 കൗണ്ടറുകളും സജ്ജീകരിച്ചാണു പന്തല്‍ തയ്യാറാക്കിയിട്ടുള്ളത്. കൂടാതെ പ്രചരണത്തിനായി പോസ്റ്ററുകളും ഫ്ലക്സുകളുമടിച്ച് ലക്ഷങ്ങളാണ് പൊടിക്കുന്നത്.
ഈ ധൂര്‍ത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാന്ദന് അടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. സോണിയാഗാന്ധിയുടെ സന്ദര്‍ശനത്തിന് ചെലവാകുന്ന തുക മുഴുവന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് ഈടാക്കണമെന്നാവശ്യപ്പെട്ട് വിഎസ്ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ഭൂരഹിതരില്ലാത്ത കേരളം, ആരോഗ്യ കിരണ്‍ എന്നീ പരിപാടികളുടെ ഉദ്ഘാടനത്തിനായാണ് സോണിയാഗാന്ധി തിരുവനന്തപുരത്ത് എത്തുന്നത്. ഈ പരിപാടികളുടെ ഉദ്ഘാടകയാകാനുള്ള ഔദ്യോഗിക പദവികളൊന്നും സോണിയാഗാന്ധിക്ക് ഇല്ലെന്നും രണ്ടു പരിപാടികളും തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും രാഷ്ട്രീയ പ്രചാരണ പരിപാടികളാണെന്നും വിഎസ് കത്തില്‍ ആരോപിച്ചു.
ഒരു തരത്തിലും സോണിയാഗാന്ധിക്ക് വരാന്‍ യോഗ്യതയില്ലാത്ത പരിപാടികള്‍ക്കായി അവരുടെ വിമാനയാത്ര, സുരക്ഷാ സംവിധാനം, കൂറ്റന്‍ പന്തലുകള്‍, പ്രചാരണ ബോര്‍ഡുകള്‍ തുടങ്ങിയ ഇനങ്ങളില്‍ കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവാക്കുന്നത്. ജനങ്ങളുടെ പൊതുപണം ഇങ്ങനെ രണകക്ഷിയുടെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നത് ഗുരുതരമായ ചട്ടലംഘനമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
പബ്ലിസിറ്റിക്കുവേണ്ടി മാത്രം ദശലക്ഷണക്കിന് രൂപ ചെലവഴിച്ചിട്ടുണ്ട്. രണ്ടുലക്ഷം ഫോള്‍ഡറുകള്‍, ഓരോ ജില്ലയിലും 25 വീതം കൂറ്റന്‍ ഫ്ലക്സ് ബോര്‍ഡുകള്‍, ദുരദര്ശന്, ആകാശവാണി പരസ്യങ്ങള്‍ തുടങ്ങിയവയാണ് പ്രചാരണത്തിനായി ഉപയോഗിക്കുന്നത്. സോണിയാഗാന്ധിയുടെ പടം അടക്കം വെച്ചാണ് സംസ്ഥാന സര്‍ക്കാരിനുവേണ്ടി കോണ്‍ഗ്രസ് നേതാവിന്റെ പരിപാടിയാക്കി ഇത് മാറ്റിയിരിക്കുന്നത് പൊതുജനങ്ങളുടെയാകെ പണം ഉപയോഗിച്ചാണ്.
കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉദ്ഘാടനം എന്ന നിലയിലാണ് ഈ പരിപാടി കോണ്‍ഗ്രസ് അധ്യക്ഷയെ മുഖ്യാതിഥിയാക്കി സംഘടിപ്പിക്കുന്നതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: