കോട്ടയം:മാധ്യമപ്രവര്‍ത്തകര്‍ സത്യത്തിന്റെ വിശുദ്ധി കാത്തു സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂണിയന് 51 ാം സംസ്ഥാന സമ്മേളനം കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ ( സി എ ചന്ദ്രന് നഗര്‍) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളില്‍ വരുന്ന ഓരോവാക്കും ശരിയെന്ന് ഭൂരിപക്ഷവും വിശ്വസിക്കുന്നു. ജനാധിപത്യത്തിന്റെ ശക്തി വിശ്വസനീയതയാണ്. അത് കാത്ത് സൂക്ഷിക്കുന്നതിനുള്ള വലിയ ബാധ്യത മാധ്യമങ്ങള്‍ക്കുണ്ട്. ജനാധിപത്യത്തിന്റെ തിരുത്തല്‍ ശക്തിയായി മാറാന്‍ മാധ്യമങ്ങള്‍ക്ക് കഴിയണം. പാരമ്പര്യം കൊണ്ടും, എണ്ണം കൊണ്ടും, പ്രവര്‍ത്തനം കൊണ്ടും വിശ്വാസ്യത ആര്ജജിച്ചതാണ് കേരളത്തിലെ മാധ്യമ ലോകം.
ജനാധിപത്യത്തിന്റെ കരുത്ത് സഹിഷ്ണുതയാണ്. സഹിഷ്ണത നഷ്ടപെടുമ്പോളാണ് മാധ്യപ്രവര്‍ത്തകര്‍ക്ക് നേരെ കടന്നുകയറ്റമുണ്ടാകുന്നത്.വിഭാഗീയതക്കെതിരെ മാധ്യമങ്ങള്‍ ഒറ്റകെട്ടായി നിലകൊള്ളണം. നാടിന്റെ വികസന കാര്യങ്ങളില്‍ പത്രപ്രവര്‍ത്തകര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രി, കേരളത്തിലെ യുവാക്കളുടെ കഴിവുകള്‍ പൂര്‍ണ്ണമായും ഉപയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ആകുന്നില്ലെന്ന് അറിയിച്ചു. അതു കൊണ്ടാണ് ഐ.ടി മേഖലയില്‍ കേരളം ഒന്നാമതെത്താത്തത്. പ്രസ്സ് അക്കാഡമിയുടെ പേര് കേരള മീഡിയ അക്കാഡമി എന്നാക്കുമെന്നും,വര്‍ക്കിംഗ് ജേര്ണസിസ്റ്റില് വിഷല്‍ മീഡിയയേ കൂടി ഉള്‍പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.വിഭാഗിയതയ്ക്ക് എതിരേ ഒറ്റക്കെട്ടായി നില്ക്കുന്ന മാധ്യമങ്ങള്‍ രാജ്യത്തിന്റെ പ്രാണവായുവായ മതേതരത്വത്തെയും സമുദായ സൗഹാര്‍ദത്തെയും കാത്തു സൂക്ഷിക്കുന്നതില്‍ വലിയ പങ്കാണ് വഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവാദങ്ങള്‍ സൃഷ്ടിക്കാതെ സെന്‍സേഷണലിസത്തിന് പകരം സെന്‍സിറ്റീവായി മാധ്യമ പ്രവര്‍ത്തനം മാറണമെന്ന് ധനമന്ത്രി കെ എം മാണി പറഞ്ഞു. വികസനം ത്വരിതപ്പെടുത്തുകയെന്നത് മാധ്യമങ്ങളുടെ കടമയാണ്.സത്യത്തെ തമസ്കരിക്കാതെ ജനങ്ങളുടെ മുമ്പില്‍ സത്യം എത്തിക്കാനാണ് മാധ്യമങ്ങള്‍ പരിശ്രമിക്കേണ്ടതെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. പെയ്ഡ് ന്യൂസും പ്ലാന്‍ ചെയ്ത് വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന പ്രവണതയും മാധ്യമ രംഗത്ത് എത്രമാത്രം ഗുണകരമാണെന്ന് ചിന്തിക്കണമെന്ന് മന്ത്രി കെ സി ജോസഫ് പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് കെ സി രാജഗോപാല്‍ അധ്യക്ഷത വഹിച്ചു.
എം.പിമാരായ ആന്റോ ആന്റണി, പി ടി തോമസ്, ജോയി എബ്രഹാം, എം.എല്‍.എമാരായ സി എഫ് തോമസ്, മോന്‍സ് ജോസഫ്, സി.പി.എം ജില്ലാ സെക്രട്ടറി കെ ജെ തോമസ്, എം പി സന്തോഷ്കുമാര്‍, മനോഹരന് മോറായി, എസ് മനോജ്, ഷാലുമാത്യു പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: