തിരുവനന്തപുരം: ഇപ്പോഴത്തെ വിദ്യാഭ്യാസസമ്പ്രദായത്തെ രൂക്ഷമായി വിമര്‍ശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്റ്റര്‍. എസ്എസ്എല്‍സിക്ക് 100 ശതമാനത്തിനടുത്ത് വിജയം കൈവരിക്കുന്നതിന് പിന്നിലെ യഥാര്‍ത്ഥ വസ്തുതകള്‍ പരിശോധിക്കണമെന്നും ഡിപിഐ. എഴുത്ത് പരീക്ഷക്ക് പത്ത് മാര്‍ക്ക് മാത്രം നേടുന്ന വിദ്യാര്‍ത്ഥി ജയിക്കുന്നത് കണക്കിലെ കളി കൊണ്ടാണ്. കേരള സമൂഹത്തെ എത്രനാള്‍ ഇങ്ങനെ പറ്റിക്കാന്‍ സാധിക്കുമെന്നും ഡിപിഐ ചോദിക്കുന്നു.
അധ്യാപക സംഘടനകളുടെ യോഗത്തില്‍ വിതരണം ചെയ്ത കുറിപ്പിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
സ്പെയര്പാര്ട്ടുകള് മാറ്റിയിട്ടും മികച്ച ഡ്രൈവര്‍മാര്‍ വന്നിട്ടും ശരിയായ ദിശയില്‍ ചലിക്കാത്ത വാഹനം പോലെയാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസം. ‘നമ്മുടെ സ്കൂള്‍ വിദ്യാഭ്യാസം എങ്ങോട്ട്’ എന്ന കുറിപ്പിലാണ് ഡിപിഐയുടെ ഈ പരാമര്‍ശങ്ങള്‍. സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ വിദ്യാഭ്യാസരീതിയെ വിമര്‍ശനാത്മകമായി വിലയിരുത്തുന്ന കുറിപ്പിലെ പരാമര്‍ശങ്ങള്‍ ചര്‍ച്ചയായിട്ടുണ്ട്. ഡിപിഇപി, സര്‍വശിക്ഷാഅഭിയാന്‍, പരിക്ഷാസമ്പ്രദായം, ഭരണപരമായ കാര്യങ്ങള്‍ എന്നിവ പതിനെട്ട് പേജുള്ള കുറിപ്പില്‍ വിശദമായി വിലയിരുത്തുന്നു.
99 ശതമാനം കുട്ടികളും വിജയിക്കും എന്നുറപ്പ് ഉണ്ടായിട്ടും എയ്ഡഡ് സര്‍ക്കാര്‍ സ്കൂളുകളിലേക്ക് എന്തുകൊണ്ട് സാധാരണക്കാര്‍ പോലും കുട്ടികളെ അയയ്ക്കുന്നില്ല എന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ബിജു പ്രഭാകര്‍ ചോദിക്കുന്നു. പരീക്ഷയ്ക്ക് 10 മാര്‍ക്ക് നേടുന്ന വിദ്യാര്‍ത്ഥി പോലും വിജയിക്കുന്ന സമ്പ്രദായം ലോകത്ത് വേറെ എവിടെയും കാണില്ല. എന്നിട്ടും എയ്ഡഡ് സര്‍ക്കാര്‍ സ്കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ഷം തോറും ഗണ്യമായി കുറയുന്നു. 2005ല്‍ ആരംഭിച്ച നിരന്തരമൂല്യനിര്‍ണയം വസ്തുനിഷ്ഠമല്ലാതായി. എയ്ഡഡ് സ്കൂളുകള്‍ കുട്ടികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് എത്രകാലം കേരളസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാകും.
2001ല്‍ 56ലക്ഷം കുട്ടികളാണ് പൊതുവിദ്യാലയങ്ങളിലുണ്ടായിരുന്നത്. ഇന്നത് 36ലക്ഷമായി ചുരുങ്ങിയിരിക്കുന്നു. 2011വരെ 25കുട്ടികളില്താഴെ ക്ലാസ് ആവറേജുള്ള സ്കൂളുകള്‍ ലാഭകരമല്ല എന്ന് നിര്‍വചിച്ചിരുന്നു. ക്ലാസ് ആവറേജ് 15താഴെ എന്നാക്കിമാറ്റുകയാണ് സര്‍ക്കാര്‍ ചെയ്തത്. അവസാനം പൂജ്യം കുട്ടികളെന്ന കണക്കിലെത്തുമ്പോഴും ഒരുകുട്ടിയും ഇല്ലാത്ത സ്കൂളും പ്രവര്‍ത്തിക്കും എന്ന ഖ്യാതിയും കേരളം നേടുമെന്നും ബിജു പ്രഭാകര്‍ ചൂണ്ടിക്കാട്ടുന്നു. ആവുന്ന കാലത്ത് പശുവിനെ പരമാവധി കറന്നെടുത്തശേഷം ഇപ്പോള്‍ ഇറച്ചിവെട്ടുകാരനെ ഏല്‍പ്പിക്കുന്ന മനോഭാവമാണ് പല എയ്ഡഡ് മാനെജര്മാര്ക്കുമെന്നാണ് ഡിപിഐയുടെ പരിഹാസം.
ഐടി അധിഷ്ഠിത വിദ്യാഭ്യാസം ഇതുവരെ ലക്ഷ്യം കണ്ടിട്ടില്ല. ഐടി വിദ്യാഭ്യാസം പുരോഗമിച്ചിട്ടും അധികസമയവും അധ്യാപകര്‍ വായ കൊണ്ടു പഠിപ്പിക്കുന്ന രീതിക്ക് മാറ്റം വന്നിട്ടില്ല. സര്‍വശിക്ഷാ അഭിയാന് പദ്ധതി ഇതുവരെ വിലയിരുത്തിയിട്ടില്ല. എസ്എസ്എയെ പൊതു ഓഡിറ്റിങ്ങിനു വിധേയമാക്കണം. പാട്ട് ടീച്ചറേയും തയ്യല്‍ ടീച്ചര്‍മാരെയും മഷിയിട്ട് നോക്കിയാല്‍ പോലും കാണാനില്ല. സംസ്ഥാനത്തെ 12500 സ്കൂളുകളിലായി 2553 കായികാധ്യാപകര്‍ മാത്രമാണ് ഉള്ളത്. നമ്മള് കൊട്ടിഘോഷിക്കുന്ന കേരള മോഡല്‍ വിദ്യാഭ്യാസ സമ്പ്രദായം ഇങ്ങനെ അല്ല. സമൂഹത്തിന് ഗുണകരമായ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കാത്ത ഇന്നത്തെ പഠന സമ്പ്രദായത്തിന് ആരു മണികെട്ടുമെന്നും ഡിപിഐ ചോദിക്കുന്നു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ സജീവ ചര്‍ച്ചാവിഷയമാക്കാനാണ് അധ്യാപക സംഘടനകളുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: