“അമ്മയെ കാണാന്‍ വന്നതാണ് മോദിയേയും കണ്ടു; അങ്കം കണ്ടു താളിയുമൊടി ച്ചുവെന്നപോലെ. പക്ഷേ ഒരു സംശയം ഇവരൊക്കെ പറയുന്നതെല്ലാം ഇങ്ങനെ പൊളിതന്നെയാണോ. എങ്കില്‍ എനിക്ക് ഒട്ടേറെ തിരുത്താനുണ്ട്,” പാലക്കാട്ടെ കൊഴിഞ്ഞാമ്പാറയില്‍ നിന്ന് വന്ന ജനാര്ദ്ദനന് ഇങ്ങനെ പറയുമ്പോള്‍ അയാളുടെ പിന്നില്‍ 68 വയസ്സിനിടെ ഏതാണ്ട് അരനൂറ്റാണ്ടായി കെട്ടിപ്പൊക്കിയ പല വിശ്വാസങ്ങളും ഇടിഞ്ഞുവീഴുകയായിരുന്നു. അതില്‍ ചെങ്കോട്ടകളും ചെങ്കൊടികളും ചില മുദ്രാവാക്യങ്ങളും അവശിഷ്ടങ്ങളോ മാലിന്യങ്ങളോ ആയി. ചുവപ്പില്‍നിന്ന് കാവിയിലേയ്ക്കുള്ള ജീവിതയാത്രയില്‍ അമ്മയേയും മോദിയേയും ഒരുമിച്ചു കണ്ടത് ആ കമ്മ്യൂണിസ്റ്റുകാരന്റെ (പഴയ) ഒരു നാഴികക്കല്ലായി. ജനാര്ദ്ദനന് പറയുന്നു, “മോദിയെക്കുറിച്ച് എന്തെല്ലാമാണ് അവര്‍ വായിപ്പിച്ചതും കേള്‍പ്പിച്ചതും. സെപ്തംബര്‍ 26 ന് താന്‍ വിശ്വസിച്ചിരുന്ന പ്രസ്ഥാനത്തിന്റെ മുഖപത്രം മോദിയെ വിശേഷിപ്പിച്ചത് ‘നരാധമന്’ എന്നായിരുന്നുവെന്ന് തോള് ബാഗില്‍നിന്ന് പത്രം നിവര്‍ത്തി അദ്ദേഹം കാട്ടിത്തന്നു. ആദ്ധ്യാത്മികതയുടെ ഇത്രയേറെ ദര്‍ശനവും തത്വവും ഉരുവിടാന്‍ കഴിയുന്ന ഒരാള്‍ക്ക് നരാധമനാകാനാകില്ല, എനിക്കുറപ്പുണ്ട്.”
സാമാന്യം ശബ്ദമുയര്‍ത്തി ജനാര്ദ്ദനന് സംസാരിക്കുന്നത് കേട്ട ഒട്ടേറെപ്പേര്‍ അക്കാര്യത്തില്‍ തലയാട്ടി. അമൃതപുരിയില്‍ മാതാ അമൃതാനന്ദമയീ ദേവിയുടെ അറുപതാം പിറന്നാള്‍ ആഘോഷത്തിന്റെ രണ്ടാം ദിവസം ഉച്ചമുതല്‍ ഉയര്‍ന്ന് കേട്ടത് മോദിയെക്കുറിച്ചുള്ള മോടിയില്‍ മുങ്ങിയ വര്‍ത്തമാനങ്ങളായിരുന്നു.
റിട്ടയേര്‍ഡ് വായുസേനാഉദ്യോഗസ്ഥന് ജി.കെ.പണിക്കര്‍, മോദിയില്‍ കണ്ടത് ക്ഷാത്രപ്രഭാവം തികഞ്ഞ, ആത്മീയ തേജസ്സ് നിറഞ്ഞ ഒരു വ്യക്തിവൈഭവമാണ്. “ഉറച്ച കാല്‍വയ്പ്പ്, കൃത്യമായ അകലത്തിലേയ്ക്കുള്ള പതറാത്ത നോട്ടം, പറയുന്നതിലെ കണിശത, പ്രസംഗത്തിലെ ഗാംഭീര്യം, അംഗചേഷ്ടയിലെ ആഢ്യത്വം, മോദിയെ ഒരു സൈനികനായ എനിക്ക് അനുസരിക്കാന്‍ കൊതി തോന്നിപ്പോയി”, പണിക്കര്‍ പറഞ്ഞു.
അതെ മോദി ഒരു ഹ്രസ്വ സാന്നിദ്ധ്യം കൊണ്ട് അനുയായികളെ സൃഷ്ടിക്കുകയായിരുന്നുവല്ലൊ. മോദിയുടെ ശബ്ദവും രീതിയും വേഷധാരണവും അംഗചലനങ്ങളും തന്നേ ഒരു ആരാധികയാക്കിയെന്ന് പറയാന്‍ മടിയൊന്നുമുണ്ടായിരുന്നില്ല ആലപ്പുഴക്കാരിയായ ഡോ.ലതികക്ക്. അച്ഛനും ഭര്‍ത്താവും അരികത്തു നില്‍ക്കെ ലതിക പറഞ്ഞു, “ശരീരത്തിന്റെ അനാട്ടമി, ഒരാള്‍ക്ക് മറ്റുള്ളവരില്‍ ആധിപത്യം നേടാന്‍ ചിലര്‍ക്കു കിട്ടുന്ന അനുഗ്രഹമാണ്. മുമ്പൊരിക്കല്‍ എനിക്കിങ്ങനെ തോന്നിയത് അടല്‍ബിഹാരി വാജ്പേയിയെ നേരില്‍ കണ്ടപ്പോഴാണ്”. മോദിയുടെ സാമീപ്യത്തില്‍ അത്തരം ചില പ്രത്യേകതകള്‍ കാണാനാവുമെന്ന് ഡോ.ലതിക സമര്‍ത്ഥിച്ചപ്പോള്‍ ഒരു പ്രമുഖ സ്ഥാപനത്തിന്റെ എച്ച്ആര്‍ഡി മാനേജരായ ഭര്‍ത്താവ് രാജീവും അതു ശരിവച്ചു.
സ്കൂള്‍ കുട്ടികള്‍ മോദിയെ ഭാവി പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ചു. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളായ ചിലര്‍ മോദിയുടെ ആസൂത്രണത്തെ വാഴ്ത്തി. അതിനവര്‍ ഗുജറാത്തിലെ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനത്തെക്കുറിച്ച് പ്രസംഗിച്ചില്ല. പകരം രോഹിത് ജി.ശിവ ചൂണ്ടിക്കാട്ടിയത് മോദിയുടെ വേദിയിലെ പെര്‍ഫോമന്‍സായിരുന്നു. ഒരുനിമിഷം പോലും മേദി പാഴാക്കിയില്ലെന്ന് രോഹിത് ചൂണ്ടിക്കാട്ടി. “മറ്റുള്ളവരുടെ പ്രസംഗം ചോദിച്ചു മനസ്സിലാക്കി. വേദിയിലെ ഓരോ ചലനങ്ങളും കണ്ടറിഞ്ഞു പ്രതികരിച്ചു. ഏറ്റവും ശ്രദ്ധാകേന്ദ്രം താനാണെന്ന് തിരിച്ചറിഞ്ഞ് ഒരു വിരലനക്കം പോലും ബോധത്തോടെ നിര്‍വഹിച്ചു. ഒരു പാഴ്വാക്കുപോലും പറയാതെ പറയുവാനുള്ളത് മുഴുവന്‍ പറഞ്ഞു. പറയാതെ പറയുന്ന കല പ്രാവര്‍ത്തികമാക്കി,” രോഹിതിന്റെ വിശകലനം സഹപാഠികളും തലകുലുക്കി സമ്മതിച്ചു. അപ്പോള്‍ ഇന്ദു പി. തോമസിന്റെ ചോദ്യം വന്നു, Why you people are not recognising his attractive costumes and physical fitness?- ഇന്ദുവിനെ പിന്താങ്ങി വിവരിച്ചത് സുകന്യായിരുന്നു. “വേഷത്തിലെ ലാളിത്യവും പ്രൗഢിയും താടിയും മുടിയും എല്ലാം ആകര്‍ഷകമായിരുന്നു. കുറച്ച് മൂക്കിന് പ്രാധാന്യം കൊടുത്തുള്ള ആ സംഭാഷണവും ശബ്ദവും ഉള്ളില്‍ കടന്നു പിടിക്കുന്നതുപോലെ അനുഭവപ്പെട്ട”തായി സുകന്യ വിശേഷിപ്പിച്ചപ്പോള്‍ മോദി കവര്‍ന്നത് യുവതയുടെ ഹൃദയവുമായിരുന്നുവെന്ന് വ്യക്തമാവുകയായിരുന്നു.
കാണാതെ പഠിക്കാന്‍ പോലും കഴിയാത്തതിനാല്‍ എഴുതി തയ്യാറാക്കി കഥാപ്രസംഗം നടത്തുന്ന രാഷ്ട്രീയ നേതാക്കളില്‍നിന്ന് അദ്ദേഹം എത്രയെത്ര വ്യത്യസ്തനെന്ന് ശിവമണി അയ്യര്‍ മോദിയെ വേര്‍തിരിച്ചു നിര്‍ത്തി. “അനര്‍ഗളം സംസ്കൃതശ്ലോകം ചൊല്ലി അര്‍ത്ഥ വിവരണം നടത്തുകയും ഭാരതീയ സംസ്കാരത്തെയും പൈതൃകത്തെയും ഹൃദയത്തിന്റെ ഭാഷയില്‍ ഇത്ര കാച്ചിക്കുറുക്കിപ്പറയുകയും ചെയ്ത മോദി ഒരു തികഞ്ഞ പണ്ഡിതനാണെ”ന്ന് അയ്യര്‍ സാക്ഷ്യപത്രം നല്കാന് തയ്യാര്‍. ശിവമണി അയ്യരുടെ അതേ അഭിപ്രായക്കാരായ എഴുപതിന്റെ പടിയിലെത്തിയ ഒട്ടേറെ പേരെ കണ്ടു.
” മോദിക്ക് മറ്റ് പലര്‍ക്കുമില്ലാത്ത ചില കഴിവുകളും ഗുണങ്ങളുമുണ്ടുതാനും. നേരില്‍ കണ്ടപ്പോഴല്ലെ ആളെ അറിഞ്ഞത്. ഞാനൊരു മോദി അനുയായി ആയി,” ഒരു ഗവ.ഹൈസ്കൂള്‍ പ്രധാനാധ്യാപകന് ശ്രീകുമാര്‍ മേനോന് പറഞ്ഞു. “അദ്ദേഹത്തിന്റെ രാഷ്ട്രീയ സിദ്ധാന്തം പിന്നാലെ പഠിക്കാം; ചില മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും വരച്ചു കാട്ടിയിരുന്ന മോദിയല്ല യാഥാര്‍ത്ഥ മോദിയെന്ന് നേരിട്ട് ബോധ്യപ്പെട്ടു. അദ്ദേഹം രാഷ്ട്രീയമൊന്നും പറഞ്ഞില്ലെങ്കിലും എന്റെ രാജ്യത്തെ നയിക്കുന്നത് മോദിയെപ്പോലെ ഒരാളാവണമെന്നാണെന്റെ ആഗ്രഹം,” മേനോന് പറഞ്ഞു.
ലക്ഷക്കണക്കിന് ജനങ്ങള്‍ ഒത്തുകൂടിയ സമ്മേളനത്തില്‍ മോദി ഒരു വികാരമാവുകയായിരുന്നുവെന്നാണ് മറ്റൊരാള്‍ അഭിപ്രായപ്പെട്ടത്. “ചില ഘട്ടത്തില്‍ അമ്മപോലും അത് ആസ്വദിച്ചുവെന്ന് തോന്നി. ആശ്രമത്തില്‍ രാഷ്ട്രീയ നേതാക്കള്‍ വരുന്നതിനോട് എനിക്ക് പൊതുവേ യോജിപ്പില്ല. കാരണം ആശ്രമാങ്കണം വിട്ടാല്‍ അവരില്‍ പലരും വിപരീത രീതിയിലാണ് പ്രവര്‍ത്തിച്ചുകാണുന്നത്. മോദിയുടെ വരവിനെയും ഞാന്‍ അങ്ങനെയാണ് കണ്ടത്. രാഷ്ട്രീയ വിശ്വാസം കൊണ്ട് ഞാനും കുടുംബവും കോണ്‍ഗ്രസുകാരാണ്. പക്ഷേ മോദിയുടെ വള്ളിക്കാവിലെ സാന്നിധ്യം എന്റെ സങ്കല്പങ്ങള് മാറ്റിമറിച്ചു. ആദ്ധ്യാത്മികതയില്‍ അടിയുറച്ചതാണ് ആ മനുഷ്യന്റെ വ്യക്തിത്വം’, കോഴിക്കോട്ട് ഒരു പുസ്തകപ്രസാധന സ്ഥാപനത്തിലെ ജീവനക്കാരന് പ്രതികരിച്ചു.
അമ്മയുടെ പിറന്നാളിന് വയനാട്ടില്‍ നിന്നെത്തിയ ഒരു സംഘത്തിലെ പത്തോളം മുത്തശ്ശിമാര്‍ വട്ടം കൂടിയിരിക്കുകയായിരുന്നു ആശ്രമ പരിസരത്ത് പലതും പറഞ്ഞതിനിടെ അവരുടെ ചര്‍ച്ച മോദിയിലുമെത്തി. അദ്ദേഹത്തിന്റെ വിനയം, അഭിനയമില്ലാത്ത പെരുമാറ്റം, ആചാര്യന്മാരെ ബഹുമാനിക്കല്‍, മര്യാദ ഇതെക്കുറിച്ചെല്ലാം വിശദീകരിച്ചതിനിടെ ശാന്തമ്മയെന്ന റിട്ട.ടീച്ചറിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു, “എനിക്ക് ഓമനത്തം തോന്നി. പക്വത വന്നൊരു പൊതുപ്രവര്ത്തകന്. ഇവരെപ്പോലെയാവണം നമ്മുടെ രാഷ്ട്രീയനേതാക്കളെല്ലാവരും.”
മോദി നാലുലക്ഷത്തോളം പേരോട് നേരിട്ട് സംവദിക്കുകയായിരുന്നു. അവരുടെ മാംസചക്ഷുക്കള്ക്ക് മുന്നില്‍ സ്വയം വെളിവാകുകയായിരുന്നു. അവരിലൂടെ പല ലക്ഷങ്ങളിലേയ്ക്ക് പടരുകയായിരുന്നു. ഒരു യുവാവ് പറഞ്ഞു, “ഞ്ഞാന്‍ മോദിയെ കണ്ടുകൊണ്ടും കേട്ടുകൊണ്ടുമിരിക്കെ 32 സുഹൃത്തുക്കള്‍ക്ക് സന്ദേശം അയച്ചു, അവരെ അസൂയപ്പെടുത്താന്‍. അവര്‍ ടെലിവിഷനില്‍ മോദിയെ കാണുകയും കേള്ക്കുകയുമായിരുന്നുവെന്ന് മറുപടി എസ്എംഎസ് വന്നു.” അതെ, നേരിട്ടും ടിവിയില്‍ കൂടിയും കേരളത്തില്‍ ലക്ഷോപലക്ഷങ്ങളിലേയ്ക്ക് മോദി കടന്നുചെല്ലുകയായിരുന്നു. അവരില്‍ വൈകാരിക പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു.
ഒരു പാര്‍ട്ടിയുടെ സംസ്ഥാനനേതാവ് പരമരഹസ്യമായി അത് സമ്മതിച്ചു, “അസാമാന്യനാണ് അയാള്‍. മികച്ച ആസൂത്രകന്‍. ഞങ്ങളും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പൊതുവേദികളില്‍ ചില ഗിമ്മിക്കുകളൊക്കെ കാട്ടാറുണ്ട്. ചിലപ്പോള്‍ ക്ലിക്കാകും, പലപ്പോഴും പാളും. വേദിയറിയാതെ തമാശ പറയാന്‍ ശ്രമിച്ചും മറ്റും എനിക്ക് പണിപാളിയിട്ടുണ്ട്. പക്ഷേ, ഓരോ ചലനവും ഓരോ ശബ്ദവും ഓരോ നിമിഷവും ഇത്രമാത്രം ആസൂത്രണം ചെയ്ത് വിജയിപ്പിക്കുക അത്ര എളുപ്പമല്ല. അയാളുടെ മുഖ്യമന്ത്രി ഭരണത്തിലെ വിജയവും ഈ ആസൂത്രണം മൂലമാണ്. പഠിച്ച രാഷ്ട്രീയക്കാരന്. പക്ഷേ എത്ര ആസൂത്രണം ചെയ്താലും ഉള്ളിന്റെയുള്ളില്‍ ചെയ്യുന്ന പ്രവൃത്തിയോടുള്ള ആത്മലയം കൂടാതെ സമ്പൂര്‍ണ വിജയമുണ്ടാകില്ല. മോദിയൊരു ആര്‍എസ്എസുകാരനാണ്. എന്റെ അറിവ് ശരിയാണെങ്കില്‍ അതിന്റെ ഫുള്‍ടൈം വര്‍ക്കര്‍. അതുകൊണ്ട് ഒരു ആദ്ധ്യാത്മിക വേദിയില്‍ അയാള്‍ക്ക് സംഘടനാ പ്രവര്‍ത്തനവും അതിന്റെ സംസ്കാരവും കൂടുതല്‍ ഗുണം ചെയ്തിട്ടുണ്ട്.”
മോദിയുടെ പേരുച്ചരിച്ചപ്പോഴെല്ലാം വള്ളിക്കാവില്‍ ഒത്തുകൂടിയ ജനക്കൂട്ടം ആരവം മുഴക്കി. വേദിയില്‍ കയറിയപ്പോള്‍ മുതിര്‍ന്നവരേയും ആത്മീയാചാര്യരേയും മോദി വന്ദിച്ചപ്പോള്‍ അവര്‍ കരഘോഷം ഉയര്‍ത്തി. ചടങ്ങ് തുടങ്ങിയശേഷം വന്ന സ്വാമി പ്രകാശാനന്ദയെ ഇരിപ്പിടത്തില്‍നിന്നെഴുന്നേറ്റ് വന്ദിച്ചപ്പോള്‍ മോദിയുടെ മുന്‍ പ്രവൃത്തികളൊന്നും യാന്ത്രികമായിരുന്നില്ലെന്നറിഞ്ഞ ജനക്കൂട്ടം ഹര്‍ഷാരവം പെരുക്കി. ആളുകളെ ചിരിപ്പിക്കാന്‍ വേണ്ടിമാത്രമല്ലാതെ, മലയാളത്തില്‍ അഭിവാദ്യവും ആശംസയും പറഞ്ഞപ്പോള്‍ അവര്‍ അത് ഹൃദയത്തില്‍ സ്വീകരിച്ചുകൊണ്ട് പ്രതികരിച്ചു. മികച്ച രാഷ്ട്രതന്ത്രജ്ഞന്റെ കനത്ത ആദ്ധ്യാത്മികത തത്വ വിശകലനം അവരെ അമ്പരപ്പിച്ചു, ഒപ്പം ആഹ്ലാദിപ്പിച്ചു. അതുകൊണ്ടുതന്നെയാണ് കാവിപുതച്ചൊരു മധ്യവയസ്കന് പ്രതികരിച്ചത് ഇങ്ങനെയാണ്, അതും ഇംഗ്ലീഷില്‍, അന്യസംസ്ഥാനക്കാരനെന്നുറപ്പായിരുന്നു ഉച്ചാരണത്തിലൂടെ, He is a Rajarshi, who knows the goal and way of politics. He is a politician who knows the soul of our nation. മോദി പറയാതെ പറഞ്ഞതെല്ലാം അക്ഷരം പ്രതി താന്‍ മനസിലാക്കിയെന്ന് ആ കാവിക്കാരനും പറയാതെ പറഞ്ഞുവല്ലോ…..
അമൃതപുരി പോലെ ജാതി-മത-രാഷ്ട്രീയങ്ങള്‍ അപ്രസക്തമായ ഒരു ആശ്രമത്തില്‍ അമ്മയെന്ന അത്ഭുതത്തെ വന്ദിക്കാന്‍ ഒഴുകിയെത്തുന്നവര്‍ മോദിയുടെ സാന്നിധ്യത്തെ എങ്ങനെ വിലയിരുത്തുമെന്ന ആകാംക്ഷയോടെയായിരുന്നു ഓരോരുത്തരോടും അഭിപ്രായമാരാഞ്ഞത്. ആരും നിഷേധിച്ചില്ല വികസനമന്ത്രം കൊണ്ട് സ്വന്തം നാട്ടിലേക്ക് ലോകത്തെ ക്ഷണിക്കുന്ന ജനസേവകനെ. അഭിപ്രായങ്ങളും വിലയിരുത്തലുകളും മനസ്സില്‍ പതിഞ്ഞപ്പോള്‍ മനസ്സിലാകുന്നു അമ്മ സ്നേഹം കൊണ്ട് ലോകത്തെ തന്നിലേക്ക് സന്നിവേശിപ്പിക്കുന്നു. നരേന്ദ്രമോദിയെന്ന അപ്രതിരോധനായ ഭരണാധികാരി കര്‍മ്മം കൊണ്ടും…
പ്രതികരിക്കാൻ ഇവിടെ എഴുതുക: