രാജ്യത്തിനായി സേവനുമനുഷ്ഠിക്കാന് സ്വജീവിതം സമര്‍പ്പിച്ച ബലിദാനികളുടെ സ്മാരകങ്ങളില്‍ ഏറ്റവും പ്രധാനം ഇന്ത്യാ ഗേറ്റ് തന്നെ. അതിര്‍ത്തികളിലെ വെടിവയ്പിലും പാക്കിസ്ഥാനും ചൈനയും ഉള്‍പ്പെടുന്ന അയല്‍രാജ്യങ്ങളുമായുള്ള യുദ്ധത്തിലും മഞ്ഞുമൂടിയ മലനിരകളില്‍ അവസാന ശ്വാസംവരെ പോരാടി വെടിയേറ്റ് വീണ സൈനികര്‍ക്കായി ഒട്ടേറെ സ്മാരകങ്ങള്‍ വേറയുമുണ്ട്. എന്നാല്‍ ഇന്ത്യക്കാരായ ആയിരത്തോളം വരുന്ന ധീരസൈനികര്‍ സ്വന്തം രാജ്യത്തിന്റെ ശ്രദ്ധയില്‍പ്പെടാതെ കാതങ്ങള്‍ക്കകലെ ഇസ്രായേലെന്ന ജൂതരാജ്യത്ത് അന്ത്യനിദ്ര കൊള്ളുന്നത് അധികമാര്‍ക്കും അറിയുമെന്ന് തോന്നുന്നില്ല.
ഇസ്രായേലിലെ തുറമുഖ നഗരമായ ഹെയ്ഫ ഇക്കഴിഞ്ഞ സപ്തംബര്‍ 22ന് വാര്‍ത്തകളില്‍ നിറഞ്ഞത് ഇന്ത്യയുടെ ഈ ധീരസേനാനികളുടെ പേരിലായിരുന്നു.
ഒന്നാംലോക മഹായുദ്ധക്കാലത്ത് ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ കീഴിലായിരുന്ന ഹെയ്ഫയെ മോചിപ്പിക്കാനായി പോരാടിയവരായിരുന്നു ഇവര്‍.
ഹെയ്ഫയെ വീണ്ടെടുക്കാന്‍ ബ്രിട്ടീഷ് സൈന്യമാണ് ഇന്ത്യയില്‍ നിന്ന് സൈനികരെ അയച്ചത്. ഒന്നാംലോകമഹായുദ്ധം കൊടുമ്പിരി കൊള്ളവേ വെടിയുണ്ടകളും ബോംബ് വര്‍ഷവും അതിജീവിച്ച് ഹെയ്ഫയുടെ സുരക്ഷക്കായി മുന്നിട്ടിറങ്ങിയ ഇന്ത്യന്‍ സൈനികര്‍ മാതൃരാജ്യത്തെ എന്നപോലെ ജീവന് നല്കി ഈ ചെറു നഗരത്തെയും സംരക്ഷിച്ചു. യുദ്ധത്തില്‍ കൊല്ലപ്പെട്ട തൊള്ളായിരം സൈനികരില്‍ പലരെയും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് സംസ്ക്കരിച്ചിരിക്കുന്നത്. അധികമാര്‍ക്കുമറിയാത്ത ഈ നിസ്വാര്‍ത്ഥ ത്യാഗത്തിന്റെ കഥയാണ് ഹെയ്ഫ ലോകത്തെ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചത്.
ഒന്നാംലോകയുദ്ധ ചരിത്രത്തിലെ ഈജിപ്ത്-പലസ്തീന് സൈനിക നീക്കങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള സൈനികരുടെ സേവനവും രേഖപ്പെടുത്തിയിട്ടുണ്ട്. വെടിയുണ്ടകള്‍ക്ക് മുന്നില്‍ ഭയക്കാതെ മുന്നേറിയ ഇന്ത്യന്‍ അശ്വസേനയുടെ കരുത്ത് എതിരാളികളെപ്പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നെന്ന് ചരിത്ര രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. രണ്ട് റെജിമെന്റെ് കുതിരപ്പട്ടാളമാണ് ഇന്ത്യയില്‍ നിന്ന് പുറപ്പെട്ടത്. അസാധാരണ മനോധൈര്യത്തോടെയും വൈദഗ്ധ്യത്തോടെയുമായിരുന്നു ഈ അശ്വസേന പൊരുതിയതെന്നും ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. സേനയ്ക്ക് നേതൃത്വം നല്കിയ ക്യാപ്ടന് അമന് സിംഗ് ബഹാദൂര്‍, ദഫ്ദര് ജോര് സിംഗ് എന്നിവരെ പിന്നീട് ഇന്ത്യന്‍ ഓര്‍ഡര്‍ ഓഫ് മെരിറ്റ് നല്കി ആദരിച്ചു. ക്യാപ്ടന് അനോപ് സിംഗ്, സെക്കന്‍ഡ് ലഫ്റ്റനന്റ് സഗത് സിംഗ് എന്നിവരുടെ ധീരതയ്ക്ക് ‘മിലിട്ടറി ക്രോസ്’ ബഹുമതിയും ലഭിച്ചു. യുദ്ധത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചതിന് മേജര്‍ ദല്‍പത് സിംഗ് ‘ഹീറോ ഓഫ് ഹെയ്ഫ’ ആയി അംഗീകരിക്കപ്പെട്ടു.
എന്തായാലും ഒരു നൂറ്റാണ്ടാകുമ്പോഴും ഹെയ്ഫയെ മോചിപ്പിക്കാന്‍ ജീവന് സമര്‍പ്പിച്ചവരെ ഇസ്രായേല്‍ മറന്നില്ല. ഇസ്രായേല്‍ പാഠ്യപദ്ധതിയിലെ ബാറ്റില്‍ ഓഫ് ഹെയ്ഫയില് നഗരത്തില്‍ അവിടിവിടെയായുള്ള സെമിത്തേരികളില്‍ അന്ത്യനിദ്ര കൊള്ളുന്ന ധീരന്മാരായ ഇന്ത്യന്‍ സൈനികരുടെ ചരിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹെയ്ഫ യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെയും കാണാതായവരുടെയും പേര് സഹിതമുള്ള സ്മാരകവും ഈ നഗരത്തിലുണ്ട്. യുദ്ധത്തില്‍ കൊല്ലപ്പെട്ട 900 ഇന്ത്യന്‍ സൈനികരുടെ സമാധി സ്ഥലത്ത് ഇക്കഴിഞ്ഞ 22ന് പ്രത്യേകം ചടങ്ങുകള്‍ സംഘടിപ്പിച്ചായിരുന്നു ഇസ്രായേല്‍ ഇന്ത്യന്‍ സൈനികരെ ആദരിച്ചത്. എല്ലാ വര്‍ഷവും സപ്തംബര്‍ 23 ഇന്ത്യന്‍ ആര്‍മി ഹെയ്ഫ ഡേ ആയി ആചരിക്കുമെങ്കിലും ഇതാദ്യാമായിരുന്നു ഇതോടനുബന്ധിച്ച് പ്രത്യേക ചടങ്ങുകള്‍.
ഇസ്രായേലിലെ ഇന്ത്യന്‍ അംബാസിഡര്‍ നവ്തേജ് സര്‍ണയും ഹെയ്ഫ സിറ്റി കൗണ്‍സിലിലെയും ഇസ്രായേല്‍ പ്രതിരോധമന്ത്രാലയത്തിലെയും പ്രതിനിധികളും ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. അധികമാര്‍ക്കുമറിയാത്ത ഒരു ത്യാഗത്തിന്റെ കഥ ഒന്നാംലോകമഹായുദ്ധ ചരിത്രത്തില്‍ എഴുതിച്ചേര്‍ക്കാന്‍ ഹെയ്ഫ ഹിസ്റ്റോറിക്കല്‍ സൊസൈറ്റി നടത്തിയ പ്രയത്നത്തെ വികാരപൂര്‍വ്വം പരാമര്‍ശിച്ചായിരുന്നു സര്‍ണ ചടങ്ങില്‍ സംസാരിച്ചത്. അന്ന് അശ്വസേനയെ നയിച്ച ക്യപ്ന് അമന് സിംഗിന്റെ ചെറുമകന് കേണല്‍ എം.എസ്. ജോധ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തത് മറ്റൊരു ചരിത്രനിയോഗം. ജീവന് നല്കി രാജ്യത്തെ കാക്കുന്ന സൈനികര്‍ സ്വരാജ്യത്ത് വിസ്മരിക്കപ്പെടുമ്പോഴാണ് നൂറ്റാണ്ടിന് മുമ്പ് നടത്തിയ ധീരപോരാട്ടത്തിന്റ പേരില്‍ നമ്മുടെ സൈനികര്‍ അന്യരാജ്യത്ത് അനുസ്മരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നത്.
– രതി.എ.കുറുപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: