നമുക്കിപ്പോള്‍ ഒരു ധാരണയുണ്ട്. പണം കൈയിലുണ്ടല്ലോ, പിന്നെ ഭക്ഷണത്തിന് എന്തിന് പേടിക്കണം. ഇഷ്ടം പോലെ ഇഷ്ടമുള്ളവ വാങ്ങിക്കൂട്ടാമല്ലോ. വേണ്ടെങ്കില്‍ കളയാമല്ലോ. ആര്‍ക്കെന്ത് ചേതം? പണം എന്റേതല്ലേ. അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിഞ്ഞുകൂടേ? തികച്ചും ന്യായമെന്ന് നമുക്കു തോന്നാം. എന്നാല്‍ ഐക്യരാഷ്ട്രസഭ (യു.എന്‍. എന്ന് പറയും), രണ്ടു മാസം മുമ്പ് ഒരു നിര്‍ദ്ദേശം വെച്ചിരുന്നു. തികച്ചും നിരുപദ്രവമെന്ന് തോന്നുന്ന ഒന്ന്.
ആയത് എന്താണെന്നു വെച്ചാല്‍ ലോകം കടുത്ത ഭക്ഷ്യക്ഷാമത്തിലേക്ക് നീങ്ങുകയാണ്. ഈ പോക്ക് പോയാല്‍ അതിവിദൂരമല്ലാത്ത ഭാവിയില്‍ ഭക്ഷണത്തിനുവേണ്ടി അടിപിടിയുണ്ടാകും. ആവശ്യത്തിന് പോയിട്ട് അത്യാവശ്യത്തിനുപോലും ആഹാരം കിട്ടില്ല. അതു കൊണ്ട് കൂട്ടരേ ഒരുകാര്യം ചെയ്തോളൂ. പാറ്റ,പൂച്ചി, പുഴു ഇത്യാദി നിരുപദ്രവകാരികളായ കോടിക്കണക്കിന് ജീവികള്‍ നമുക്കുചുറ്റുമുണ്ട്.പതിയെപ്പതിയെ അവയെ ഭക്ഷിച്ചു തുടങ്ങുക. ഇതായിരുന്നു നിര്‍ദ്ദേശം. ഇപ്പോള്‍ തന്നെ ഇമ്മാതിരി ജീവികളെ തിന്നുന്നവര്‍ ഭൂമിയുടെ പലഭാഗത്തുമുണ്ട്.എന്തിനധികം ഇന്ത്യയുടെ ഉത്തരഭാഗത്തും അങ്ങനെയുള്ളവര്‍ ഉണ്ട്. പണം എത്രയധികം കൂട്ടിവെച്ചിട്ടും കാര്യമില്ല എന്ന് ഇതില്‍ നിന്ന് മനസ്സിലായല്ലോ. അപ്പോള്‍ എന്താണ് പ്രതിവിധി?
സ്കൂളിന്റെവാതില് കാണാത്തവര്‍ക്കു കൂടി വളരെ എളുപ്പത്തില്‍ സാധിക്കുന്ന പ്രതിവിധിയുണ്ട്. അതെന്താണെന്നുവെച്ചാല്‍ ജനപ്പെരുപ്പംകുറയ്ക്കുക. ഭൂമിയുടെ ഭാരം കുറയ്ക്കാനും നേരെ ചൊവ്വെ ഭക്ഷണം കഴിച്ച് മനുഷ്യന്മാരെപോലെ കഴിഞ്ഞുകൂടാനും ഏറ്റവും നല്ല വഴി അതാണ്. പക്ഷെ, ആ വഴിക്കുള്ള ചിന്തപോലും ഇന്ന് ചില മതങ്ങള്‍ക്ക് അരോചകമാണ്,അചിന്ത്യമാണ്. എന്ന് മാത്രമല്ല വംശവര്‍ധനവ് അതിവേഗം ബഹുകേമം എന്ന അവസ്ഥയില്‍ എത്തിക്കണമെന്നും അവര്‍ ശഠിക്കുന്നു.
അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഒരുവിഭാഗത്തിലെ പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കാനുള്ള തകൃതിയായനീക്കം. ഇന്ത്യാസര്‍ക്കാറിന്റെ നിയമം തങ്ങള്‍ക്കു ബാധകമല്ലെന്നും അഖിലലോകവിശ്വാസ പ്രമാണമനുസരിച്ചുള്ളനിയമമാണ് തങ്ങള്‍ക്കു ബാധകമെന്നും അവര്‍ വാദിക്കുന്നു. ഭരണകൂടത്തോട് ഒട്ടിനില്ക്കുന്ന ഒരു കക്ഷി ഇക്കാര്യത്തില്‍ പ്രകടിപ്പിക്കുന്ന നിലപാടാണ് ഏറെ ആശ്ചര്യജനകം. വാസ്തവം പറഞ്ഞാല്‍ അവരുടേത് വേണ്ടണം എന്ന നിലപാടാണ്. അതങ്ങനെയേ വരൂ എന്ന് നമുക്കറിയാം.
ശിലായുഗത്തില്‍ നിന്ന് പലതരത്തിലുള്ള മാറ്റങ്ങള്‍ക്കും ശേഷമാണ് ഇന്നത്തെ മനുഷ്യന്മാര് ഉണ്ടായതെന്ന് ശാസ്ത്രം പറയുന്നു. അത്തരം മാറ്റങ്ങള്‍ മനുഷ്യന്റെ നന്മയെ ഇതള്‍ വിടര്‍ത്തിയെടുത്തിരുന്നു. കിരാതസംസ്കാരത്തില്‍ നിന്ന് കനപ്പെട്ട സംസ്കാരത്തിലേക്ക് വന്നുവെന്ന് അഭിമാനം കൊള്ളുമ്പോള്‍ മനുഷ്യന് മനുഷ്യനെതന്നെ ഉപകരണമാക്കി മാറ്റുന്നത് ശരിയോ? പെണ്‍കുട്ടികള്‍ക്ക് വളരാനും വിദ്യാഭ്യാസം നേടാനും അവസരം ഒരുക്കിക്കൊടുക്കാന്‍ ദത്തശ്രദ്ധരാവേണ്ടവര്‍ വംശവര്ധനവിന്റെ പെരുവഴിയിലേക്ക് അവരെ നടതള്ളുന്നതിന് എന്ത് ന്യായീകരണമാണുള്ളത്. പണ്ടത്തെകാട്ടാളസംസ്കാരത്തില്‍ പക്ഷേ, സ്നേഹമുണ്ടായിരുന്നു. അന്നത്തെ അന്തരീക്ഷത്തിന് യോജിച്ചസ്നേഹം.ഇന്നും സ്നേഹമുണ്ട്. പുരുഷന്റെ ഇംഗിതത്തിന് അനുസരിച്ച് സ്ത്രീ ജീവിക്കാനുള്ള സ്നേഹം, പുരുഷന്റെ സ്വാര്ഥതയില് ഉരുവം കൊള്ളുന്ന സ്നേഹം. അതിനെ സ്നേഹമെന്ന് പറയാനാവില്ല. അതിനെ ന്യായീകരിക്കാന്‍ മതഗ്രന്ഥങ്ങളുടെവരികള്‍ തപ്പിയെടുക്കുന്നു,ആചാരപദ്ധതികളുടെ കെട്ടഴിക്കുന്നു. ഇതിനെതിരെ നട്ടെല്ല് വളയ്ക്കാതെ നില്ക്കാന് ആര്‍ക്കുമാവുന്നില്ല എന്നതത്രേ ദു:ഖകരം. വനിതാ ശാക്തീകരണത്തിന്റെ വഴിയിലേക്ക് കുപ്പിച്ചില്ലെറിഞ്ഞ് സഹോദരിമാരുടെ കാല്മുറിഞ്ഞ് ചോരയൊലിക്കുന്നത് കാണാനുള്ള താല്പര്യത്തെ എന്ത് പേരിട്ട് വിളിക്കാം? എന്തെങ്കിലും പേര് തോന്നുന്നുവെങ്കില്‍ കാലികവട്ട ത്തെ അറിയിക്കുക.
ഏതായാലും തുടങ്ങിയിടത്തേക്കുപോകാം. ഭക്ഷ്യക്ഷാമ ഭീഷണിയെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യോപദേശകസമിതി നടത്തിയ അഭിപ്രായപ്രകടനം അങ്ങനെ തന്നെ നടപ്പില്‍ വരുത്താനുള്ള എളിയശ്രമമാണോ ഒരുവിഭാഗം മനുഷ്യര്‍ നടത്തുന്നത് എന്നറിയില്ല. വംശവര്‍ധനയുടെ മഹാകാശത്തേക്ക് പാറിപ്പറക്കാനുള്ള അത്തരക്കാരുടെ താല്പര്യങ്ങള്ക്ക് അരുനില്‍ക്കുന്നവര്‍ തയാറായിരിക്കുക; പാറ്റയേയും പുഴുവിനേയും തിന്നാന്‍. മതം മനുഷ്യര്‍ക്കുവേണ്ടിയോ മനുഷ്യന് മതത്തിനുവേണ്ടിയോ എന്നറിഞ്ഞുകൂടാത്തവര്‍ ഇനി എന്തു വേണമെന്ന് ആലോചിക്കുക. ഘടികാരത്തിന് താക്കോല്‍ കൊടുക്കുന്നതുപോലെ ഹൃദയത്തിനും പരിശുദ്ധിയുടേതായ താക്കോല്‍ കൊടുക്കണം.അല്ലാത്ത പക്ഷം ആന്തരചേതനയുടെ ശബ്ദം നിലച്ചുപോകും എന്ന് മഹാത്മാഗാന്ധി പറഞ്ഞിട്ടുണ്ട്. മേല്‍സൂചിപ്പിച്ച വിദ്വാന്മാര്ക്ക് ആന്തരമോ ബാഹ്യമോ ആയ ചേതനയില്ലെന്ന് സ്പഷ്ടമല്ലേ.
ആളുകളെ നിരാധാരമാക്കാന്‍ യുപിഎ കമ്പനി കൊണ്ടുവന്ന ആധാര്‍ എന്ന മാരണത്തെ അറബിക്കടലില്‍ തള്ളണം എന്നു പറഞ്ഞിരിക്കുന്നു പരമോന്നത ന്യായാലയം. ഇന്ത്യയിലെ ഓരോ സാധാരണക്കാരന്റെയും വികാരമാണ് കോടതിയിലൂടെപുറത്തുവന്നിരിക്കുന്നത്. ഭരണകൂടം അവര്‍ക്കു ലാഭം കിട്ടുന്ന സംവിധാനങ്ങള്‍ ഒരു മര്യാദയുമില്ലാതെ നടപ്പാക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ആധാര്‍ നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍. സോണിയാമാഡത്തിനും മനോമോഹനനും ഗ്യാസ് സിലിണ്ടര്‍ വാങ്ങാന്‍ പോകേണ്ടതില്ല,അതിനെക്കുറിച്ച് അറിയുകയും വേണ്ട. എന്നാല്‍ ഇക്കാണായ ജനങ്ങളുടെ സ്ഥിതി അങ്ങനെയാണോ? മുണ്ടു മുറുക്കിയുടുത്തും ആഡംബരം എന്ന വാക്കുപോലും ഉരുവിടാതെയും എങ്ങനെയോ ജീവിക്കുന്ന കോടികള്‍ സര്‍ക്കാറിന്റെ ഔദാര്യത്തിനുവേണ്ടി സകല ഉദ്യോഗസ്ഥരുടെയും കാലുപിടിക്കേണ്ട അവസ്ഥ വരുന്നതിനെക്കുറിച്ച് ആലോചിച്ചുനോക്കുക. അതിനെക്കുറിച്ച് ശരിയായ ബോധ്യമുള്ള സുപ്രീംകോടതി ഭരണകൂടധാര്‍ഷ്ട്യത്തെ തുണ്ടം തുണ്ടമാക്കി. അപമാനിതരായ യുപിഎ കറക്കുകമ്പനി വിശദീകരണവുമായി വീണ്ടുംകോടതിയിലേക്ക്പോകാനിരിക്കുകയാണ്. ജനമനസ്സുകള്‍ അറിയുന്നത് പലപ്പോഴും കോടതികളാണെന്നതിന് ഏറ്റവും വൈകിവന്ന ദൃഷ്ടാന്തമാണ് ആധാറിന്റെ കാര്യത്തിലുള്ളത്. അതിനൊരു ദണ്ഡനമസ്കാരം തന്നെ നമുക്കുചെയ്യാം.
കമ്യൂണിസ്റ്റുകളുടെ എന്നത്തേയും സ്വപ്നമാണ് ചൈനയിലെ ജീവിതം. അവിടെ മഴ പെയ്താല്‍ ഇവിടെ കുടചൂടുന്ന കടുത്തകമ്യൂണിസ്റ്റ് പ്രേമികള്‍ ഉണ്ടായിരുന്നു പോലും. മഞ്ഞച്ചിരിയോടെ പണ്ട് നമ്മുടെ അതിര്‍ത്തി കേറി അവര്‍ വന്നു. അഖിലലോകതൊഴിലാളികളുടെ രക്ഷകരായ കമ്യൂണിസ്റ്റുകള്‍ക്ക് എവിടെയും എങ്ങനെ വേണമെങ്കിലും പോകാമെന്നുള്ളതുകൊണ്ട് ഉള്ളാലെ ഇവിടുത്തെ കമ്യൂണിസ്റ്റുകള്‍ സന്തോഷിച്ചു. അവരെ തുരത്താനുള്ള കഠിനശ്രമത്തില്‍ ഏര്‍പ്പെട്ട ഇന്ത്യന്‍ സേനയെ അവര്‍ ശപിച്ചു. ചൈനയില്‍ ജീവിക്കുകയെന്നാല്‍ വിശ്വാസികള്‍ക്ക് സ്വര്‍ഗം കിട്ടിയ അനുഭൂതി. സമത്വസുന്ദരചൈനയില്‍ എല്ലാം കമ്യൂണിസ്റ്റ് ശൈലിയിലെന്ന് അഭിമാനിച്ചിരുന്നവര്‍ക്ക് അത്രസുഖകരമായ വാര്‍ത്തയല്ല കേള്‍ക്കാനാവുന്നത്. അവിടത്തെ പാര്‍ട്ടിയുടെപരമോന്നത കമ്മറ്റിയിലെ ഒരു വിദ്വാന് ജനങ്ങള്‍ക്കു മുമ്പാകെ വിലങ്ങുമായി നില്ക്കുന്ന ചിത്രവും അതിന്റെ വാര്‍ത്തയുമായാണ് സപ്തംബര്‍ 23 ന്റെ പത്രങ്ങള്‍ പുറത്തിറങ്ങിയത്. കുറ്റം പറയരുതല്ലോ, കമ്യൂണിസ്റ്റുകളോടുള്ള ആത്മഐക്യം കൊണ്ടാവാം മലയാളമനോരമ യൊഴികെയുള്ളവയൊന്നും അത് പ്രധാനവാര്‍ത്തയാക്കിയില്ല. മുന്‍ പൊളിറ്റ് ബ്യൂറോ അംഗം ബോ സിലായിയാണ് അഴിമതിക്ക് ജീവപര്യന്തം ശിക്ഷകിട്ടി അഴിക്കുള്ളിലായത്.ടിയാന്റെ ഭാര്യ ഗൂ കൈലായ് നേരത്തെ തന്നെ അഴിക്കുള്ളിലാണ്. ഇനി ഇരുവര്‍ക്കും അഴികള്‍ക്കുള്ളില്‍ കമ്യൂണിസ്റ്റ് ചിന്തവളര്‍ത്താം. നാട്ടുകാരെ സേവിക്കുമ്പോള്‍ അഴിമതി ഒഴിയാ ബാധയാണെന്ന് എന്തുകൊണ്ടോ നേതൃത്വം മറന്നുപോകുന്നു. കമ്യൂണിസത്തില്‍ അഴിമതിക്കും ഒരുസ്ഥാനം കൊടുത്താല്‍ തീരാവുന്ന പ്രശ്നമേയുള്ളൂ. ഇവിടുത്തെ കാര്യം തന്നെ നോക്കിന്. ലാവ്ലിന് തുടങ്ങി എന്തെന്തൊക്കെ കാര്യങ്ങള്‍. എന്നിട്ട് കയ്യാമം പോയിട്ട് ഒരുകടലാസ് പോലും ഇല്ല.അപ്പോള്‍ യഥാര്‍ഥകമ്യൂണിസം എവിടെയാണ്? ഇനി ആത്മാര്‍ത്ഥമായിപറയു, ഇവിടെ ജീവിക്കണോ ചൈനയ്ക്ക് പോകണോ?
നേര്‍മുറി
കേന്ദ്രജീവനക്കാര്‍ക്ക്
ഏഴാം ശമ്പള കമ്മീഷന്: വാര്‍ത്ത
ഒരു നോട്ട്, ഒരു വോട്ട്
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: