അദ്ധ്യായം-11
പത്രത്തിലേയ്ക്ക് ഒരു എഴുത്തെഴുതി പൂര്‍ത്തിയാക്കിയതേയുള്ളൂ. അപ്പോഴാണ് അമൃതയും പ്രസാദും എത്തിയത്.
“എന്താണമ്മാവാ, പതിവില്ലാത്തവിധം കാര്യമായ എഴുത്തിലാണല്ലോ-ചങ്ങമ്പുഴയെപ്പറ്റി വല്ലതുമാണോ? അതോ കവിതയോ?” പ്രസാദ് ചോദിച്ചു.
“ഇത് മദ്യപ്പുഴയെപ്പറ്റിയാണ്. കവിതയല്ല. പത്രത്തിലേക്കൊരു കത്താണ്”
“നല്ല തമാശ! മദ്യപ്പുഴയോ? അങ്ങനെയും ഒരാളുണ്ടോ? അല്ല പുഴ തന്നെയോ?” അമൃത ചിരിച്ചുകൊണ്ടു ചോദിച്ചു.
തമാശയല്ല കുട്ടികളെ! നമ്മുടെ നാട്ടില്‍ മദ്യപ്പുഴയാണിപ്പോള്‍ നിറഞ്ഞു ഒഴുകുന്നത്. മറ്റ് പുഴകളെല്ലാം വരണ്ട് നേര്‍ച്ചാലുകളായും ഇരിക്കുന്നു. ദിവസവും മദ്യത്താലുളള എത്ര തരം ദുരന്തങ്ങളാണ് വായിക്കേണ്ടിവരുന്നത്! അത് നിര്‍ത്തിക്കിട്ടാന്‍ പലരും പലപ്പോഴായി എഴുതിയിട്ടുണ്ട്. സമരങ്ങളും കുറവല്ല. ഫലമില്ലെന്നറിയാം. എങ്കിലും എഴുതി നോക്കുക തന്നെ.
പിന്നെ നിങ്ങള്‍ ചോദിച്ചില്ലേ, ചങ്ങമ്പുഴയെപ്പറ്റിയാണോയെന്ന്. അതെ എന്നും അല്ലായെന്നും പറയാം. എന്തെന്നാല്‍ മദ്യത്തെക്കുറിച്ച് പറയുമ്പോള്‍ ഒരു സഹൃദയനില്‍ ചങ്ങമ്പുഴയുടെ ഓര്‍മകള്‍ ഉണരും.
“അതെന്താണമ്മാവാ?” അമൃത ചോദിച്ചു.
ഹൈസ്കൂള്‍ പഠനം മുടങ്ങിയ കാലം മുതല്‍ക്കെ ചങ്ങമ്പുഴ മോശമായ കൂട്ടുകെട്ടുകളിലും മദ്യപാനത്തിന്റെ പിടിയിലും അമര്‍ന്ന കാര്യം പറഞ്ഞിട്ടുണ്ടല്ലോ. പിടിവിട്ട് അല്പം മാറിനിന്നാലോ? കൂടുതല്‍ ശക്തിയോടെ വീണ്ടും പിടികൂടും. കോളേജ് പഠനം തീര്‍ന്നു, കായംകുളത്ത് ട്യൂട്ടോറിയലില് പഠിപ്പിക്കുമ്പോള്‍ കഞ്ചാവിന്റെ ലഹരിയിലും, പൂനെയില്‍വെച്ച് മറ്റ് ചില ലഹരികളിലും ചങ്ങമ്പുഴ മുഴുകുകയുണ്ടായി.
കൊച്ചിയിലെ ജോലി ഉപേക്ഷിച്ച് മദിരാശിയില്‍ നിയമപഠനത്തിന് പോയിട്ടോ? കൊടിയ മാനക്കേടുമായാണ് ഇടപ്പള്ളിയില്‍ തിരിച്ചെത്തിയത്. ഭാര്യ കുട്ടികളെയും കൂട്ടി നേരത്തെ പിണങ്ങിപ്പോയിരുന്നു. ഒറ്റയ്ക്കാണ് താമസം. എല്ലാം നഷ്ടപ്പെട്ട ആ അവസ്ഥയില്‍ ചങ്ങമ്പുഴ മദ്യത്തിന്റെ അടിമയായി.
“കള്ളോളം നല്ലൊരു വസ്തു എള്ളോളം ഭൂമിയിലില്ല” എന്നൊരു ചൊല്ലുണ്ട്. ആ മട്ടില്‍ മദ്യപന്മാര്‍ക്കെല്ലാം ചൊല്ലി നടക്കാവുന്ന ചില ശ്ലോകങ്ങളും വരികളും ചങ്ങമ്പുഴയുടെ രചനകളില്‍ കാണാം. ഒരു ശ്ലോകം ചൊല്ലാം.
വെള്ളം ചേര്‍ക്കാതെടുത്തോരമൃതിനു സമമാം
നല്ലിളം കള്ള്, ചില്ലിന്
വെള്ള ഗ്ലാസില്‍ പകര്‍ന്നങ്ങനെ രുചികരമാം
മത്സ്യമാംസാദി കൂട്ടി
ചെല്ലും തോതില്‍ ചെലുത്തിച്ചിരികളിതമാ-
ശൊത്തു മേളിപ്പതേക്കാള്‍
സ്വര്‍ലോകത്തും ലഭിക്കില്ലുപരിയൊരു സുഖം
പോക വേദാന്തമേ, നീ!
മദ്യത്തിന്റെ ലഹരി വിടുമ്പോള്‍ ദുഃഖത്തിന്റെ ലഹരിയിലാവും ചങ്ങമ്പുഴ. അല്ലെങ്കില്‍ കവിതയുടെ ലഹരിയിലാവാം. അതു കഴിയുമ്പോള്‍ വീണ്ടും മദ്യലഹരി! ഇടപ്പള്ളിയിലെ വഴികളില്‍ ചങ്ങമ്പുഴ എല്ലാം തകര്ന്നവനെപ്പോലെ അലഞ്ഞു. നാട്ടുകാരെല്ലാം പരിഹസിച്ചു പറയുകയാണ്. അകന്നു മാറുകയാണ്. ജോലിയില്ല, പഠിത്തമില്ല, സ്നേഹിതരും ബന്ധുക്കളുമില്ല, ഭാര്യയുടെയും മക്കളുടെയും സ്നേഹം ലഭിക്കാന്‍ വഴിയില്ല എന്നൊക്കെ ചങ്ങമ്പുഴ ചിലരോട് സങ്കടം പറഞ്ഞു.
ദയ തോന്നിയ ചിലര്‍ കുടുംബബന്ധം യോജിപ്പിലാക്കാന്‍ ശ്രമിച്ചു നോക്കി. ശ്രീദേവി ഒട്ടും വഴങ്ങിയില്ല. പക്ഷെ ചിറ്റപ്പന് ശങ്കുണ്ണിമേനോന്റെ ശാസനകളും ഒടുവില്‍ ഫലം കണ്ടു. ശ്രീദേവി മക്കളുമായി വന്ന് ചങ്ങമ്പുഴയ്ക്കൊപ്പം താമസം തുടങ്ങി.
പക്ഷെ, ബാങ്കിലെ നിക്ഷേപങ്ങളെല്ലാം തീരാറായിരുന്നു. സ്ഥിരമായ വരുമാനമാര്‍ഗം വല്ലതും ഉണ്ടാകണമല്ലൊ. ചില സഹൃദയ സുഹൃത്തുക്കള്‍ അതിനും വഴിയന്വേഷിച്ചു. അക്കാലത്ത് തൃശ്ശൂരില്‍നിന്ന് പ്രസിദ്ധപ്പെടുത്തിയിരുന്ന ‘മംഗളോദയം’ മാസികയുടെ പത്രാധിപത്യം ഏല്ക്കാന് ചങ്ങമ്പുഴ ക്ഷണിക്കപ്പെട്ടതങ്ങനെയാണ്.
തൃശ്ശൂരിലെ കാനാട്ടുകരയില്‍ ഒരു വീട് വാടകയ്ക്കെടുത്തു കൊടുക്കാന്‍ മംഗളോദയം കമ്പനി തന്നെ സന്നദ്ധമായി. മാനേജര്‍ എ.കെ.ടി.കെ.എം. നമ്പൂതിരിപ്പാടാണ് എല്ലാം ഏര്‍പ്പാടാക്കിയത്. പിന്നീട് വീടുള്‍പ്പെടെയുള്ള നാലേക്കര്‍ സ്ഥലം ആറായിരം രൂപയ്ക്ക് ചങ്ങമ്പുഴ വാങ്ങുകയും ചെയ്തു. കൂടെ ശ്രീദേവിയും കുട്ടികളുമുണ്ട്. വീണ്ടും സന്തുഷ്ട കുടുംബ ജീവിതത്തിന്റെ വസന്ത കാലം!
മംഗളോദയത്തില്‍ മനസ്സിനിണങ്ങിയ ജോലി. പത്രാധിപരായി മറ്റൊരാള്‍ കൂടി ഉണ്ട്.പ്രശസ്ത നിരൂപകന് ജോസഫ് മുണ്ടശ്ശേരിയാണത്. രമണന്റെ പതിനാല് പതിപ്പുകള്‍ തീര്‍ന്നു കഴിഞ്ഞ സമയമായിരുന്നു. പതിനഞ്ചാം പതിപ്പിന് തിലകം ചാര്‍ത്തിക്കൊണ്ട് മുണ്ടശ്ശേരി പ്രഗത്ഭമായ ഒരു അവതാരിക എഴുതി. അതോടെ രമണനും ചങ്ങമ്പുഴയും തിളക്കമാര്‍ന്ന നക്ഷത്രങ്ങളായി. നല്ല ജോലി, നല്ല വരുമാനം, നല്ല പ്രശസ്തിയും.
പക്ഷേ, ചങ്ങമ്പുഴ പിന്നെയും മദ്യപാനത്തിലേക്ക് തിരിഞ്ഞു. മംഗളോദയത്തിലൂടെ പുസ്തകമിറക്കാന്‍ വന്ന സാഹിത്യകാരന്മാരുടെ സല്‍ക്കാരങ്ങളായിരുന്നു വഴിതെറ്റിച്ചത്. ഇതിനിടയില്‍ പ്രസിദ്ധമായ ജയദേവ കവിയുടെ ‘ഗീതഗോവിന്ദം’ എന്ന കൃതി ചങ്ങമ്പുഴ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുകയുണ്ടായി. അക്കാലത്താണ് മൂന്നാമത്തെ കുട്ടിയുടെ ജനനം. അതുകൊണ്ട് കുട്ടിക്ക് ജയദേവന് എന്ന പേര് നല്കി. എന്നാല്‍ അധിക നാള് കുട്ടിയെ ഓമനിക്കാന്‍ കഴിഞ്ഞില്ല; മരിച്ചു പോയി. അതൊരു ദുര്‍ലക്ഷണമാണെന്നായിരുന്നു ചങ്ങമ്പുഴയുടെ വിശ്വാസം.
മാനസികമായ ഓരോ അസ്വസ്ഥതകള്‍ പറഞ്ഞ് മംഗളോദയത്തിലെ ജോലിയും ചങ്ങമ്പുഴ വേണ്ടെന്ന് വച്ചു. കമ്പനി മാനേജുമെന്റിന്റെ നേരിയ അപ്രിയവും കാരണമാണ്. ചങ്ങമ്പുഴയുടെ ശുപാര്ശയിന്മേല് പ്രസിദ്ധീകരിച്ച കുറേ മോശം കൃതികള്‍ ചെലവാകാതെ കെട്ടിക്കിടക്കുകയാണ്. കാനാട്ടുകരയിലെ സ്ഥലവും വീടും ഏഴായിരം രൂപക്ക് വിറ്റ് ചങ്ങമ്പുഴ വീണ്ടും ഇടപ്പള്ളിയിലെത്തി. സാഹിത്യരചനകളില്‍ കാര്യമായി മുഴുകാമെന്നായിരുന്നു വിചാരം. ഇത്തവണ താമസം ശ്രീദേവിയുടെ വീട്ടിലാക്കി. അത് വിലകൊടുത്തു വാങ്ങാന്‍ ആലോചിച്ചുവെങ്കിലും വിലയെക്കുറിച്ചും മറ്റുമായുള്ള തര്‍ക്കങ്ങള്‍ വിലങ്ങുതടിയായി. ചങ്ങമ്പുഴയാണെങ്കില്‍ മഹാശുണ്ഠിക്കാരനും. പുസ്തകക്കെട്ടുകളെല്ലാം ചാക്കുകളില്‍ കെട്ടിയെടുത്ത് അദ്ദേഹം സ്വന്തം വീട്ടിലേക്ക് മാറി. മക്കളെയും കൂട്ടി ശ്രീദേവിക്കും അനുഗമിക്കുകയല്ലാതെ നിവൃത്തിയില്ല. 1946 ആദ്യപാതിയിലായിരുന്നു അത്.
ചങ്ങമ്പുഴയുടെ യാത്ര പിന്നെയും മദ്യത്തിന്റെ വഴികളിലൂടെയായി. കുടുംബ വഴക്കുകള്‍ പതിവായി. നേരത്തെ ഉണ്ടായിരുന്ന വാതത്തിന്റെ അസുഖത്തോടൊപ്പം നിരന്തരമായ ചുമയും ശല്യപ്പെടുത്തിയപ്പോള്‍ ചികിത്സ ആരംഭിച്ചു. ആയുര്‍വേദമാണ്; പഥ്യങ്ങളുണ്ട്. ചങ്ങമ്പുഴയുണ്ടോ അതൊക്കെയും പാലിക്കുന്നു. രോഗം കൂടുതല്‍ ആകയാല്‍ കോയമ്പത്തൂരിലേക്ക് പോയി. അവിടുത്തെ പരിശോധനയില്‍ ക്ഷയമാണ് രോഗമെന്ന് തെളിഞ്ഞു. അന്നൊക്കെ ക്ഷയം എന്നു പറഞ്ഞാല്‍ തീര്‍ന്നു! രോഗങ്ങളുടെ രാജാവാണ്! മരുന്നുകളും കുറവ്. എങ്കിലും ഡോക്ടര്‍ ചില ചികിത്സാവിധികളും മരുന്നുകളും നിര്‍ദ്ദേശിച്ചു. ഇടപ്പള്ളിയില്‍ തിരിച്ചെത്തിയ ചങ്ങമ്പുഴ നിരാശയാല്‍ ആകെ തളര്‍ന്നിരുന്നു. തല മുണ്ഡനം ചെയ്തുമിരുന്നു.
രോഗ വിവരമറിഞ്ഞ് ചങ്ങമ്പുഴയെക്കാണാന്‍ അടുത്തുനിന്നും അകലെനിന്നും സുഹൃത്തുക്കളെത്തി. ആരാധകരും പ്രശസ്തരായ സാഹിത്യകാരന്മാരുമുണ്ട്. അവരോടെല്ലാം അദ്ദേഹം കുശലങ്ങള്‍ പറഞ്ഞു. തമാശകളും. ഒപ്പം ഗൗരവമുള്ള ചര്‍ച്ചകളും തര്‍ക്കങ്ങളും വരെ നടത്താതിരുന്നില്ല.
ചുമയുടെ ശല്യവും ക്ഷീണവും വര്‍ധിച്ചുകൊണ്ടിരുന്നു. രോഗം മറ്റുള്ളവരില്‍ പടരാതെ നോക്കണം. അതിനാല്‍ പറമ്പിന്റെ തെക്കെ മൂലയില്‍ ഒരു കുടില്‍ കെട്ടിയുണ്ടാക്കി അതിലേക്ക് മാറ്റി ചങ്ങമ്പുഴയുടെ താമസം. ആ അവസ്ഥയിലും അദ്ദേഹം കാവ്യ പുഷ്പങ്ങളാല്‍ ഭാഷാ ദേവതയെ അര്‍ച്ചിച്ചുക്കൊണ്ടിരുന്നു.
“നിങ്ങള്‍ കാണുന്നുണ്ടോ കുട്ടികളെ ചങ്ങമ്പുഴയുടെ ആ രൂപം?” ഞാന്‍ ചോദിച്ചു. വാടി നില്ക്കുന്ന അവരുടെ മുഖങ്ങള്‍ കണ്ട് ഞാന്‍ പറഞ്ഞു “വേണ്ടാ ഇന്ന് ഒന്നും പറയുന്നില്ല. നിങ്ങള്‍ പോകൂ. ബാക്കി നാളെയാവാം.”
പി.ഐ.ശങ്കരനാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: