മഞ്ഞുതുള്ളിയില്‍ അഗ്നിബാധ
ഭാഷയിലും ശില്പ്പത്തിലും പ്രമേയങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും സ്വകീയമായ കാഴ്ച്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ലേഖനങ്ങളാണ് ബഷീര്‍ തിക്കോടി എന്ന എഴുത്തുകാരന്റേത്. അത്തരത്തിലുള്ള ലേഖനങ്ങളുടെ സമാഹാരമാണ് മഞ്ഞുതുള്ളിയില്‍ അഗ്നിബാധ എന്ന പുസ്തകം. ജീവിതാനുഭവങ്ങളുടെ സാക്ഷ്യപത്രം കൂടിയാണ് ഈ ലേഖനങ്ങള്‍. സമയം പബ്ലിക്കേഷന്‍സ്. വില 75 രൂപ.
ആസുരകാലത്തോടുള്ള വിലാപം
വര്‍ത്തമാന കാലത്തെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണ് രാജു കാഞ്ഞിരങ്ങാടിന്റെ കവിതകള്‍. നന്മയുടെ ഉറവ വറ്റിയ കാലത്തോടുള്ള പ്രതിരോധം പോലെ മറ്റ് ചിലവ. നവീന കാവ്യഭാവുകത്വത്തോടെ ചേര്‍ന്നുനില്‍ക്കുന്ന ഈ കവിതകളുടെ സമാഹാരമാണ് ആസുരകാലത്തോടുള്ള വിലാപം. സമയം പബ്ലിക്കേഷന്‍സ്. വില 36 രൂപ.
ഓര്‍മ്മച്ചെപ്പ് തുറന്നപ്പോള്‍
കേരളത്തിലെ പ്രശസ്തരായ രാഷ്ട്രീയ സാംസ്ക്കാരിക നേതാക്കളുടെ കൂടെ ചെലവഴിച്ച അസുലഭ നിമിഷങ്ങളുടെ രേഖയാണ് അഡ്വ. കെ.പി. ബഷീര്‍ രചിച്ച ഓര്‍മ്മച്ചെപ്പ് തുറന്നപ്പോള്‍ എന്ന പുസ്തകം. എംടിയും വൈക്കം മുഹമ്മദ് ബഷീറും സുകുമാര്‍ അഴീക്കോടും ഉള്‍പ്പെടെയുള്ള സാഹിത്യകാരന്മാരും പ്രമുഖ രാഷ്ട്രീയ നേതാക്കളും പരാമര്‍ശിക്കപ്പെടുന്ന പുസ്തകത്തിന്റെ വില 80 രൂപ. പ്രസാധകര് ജവഹര്‍ പബ്ലിക്കേഷന്‍സ്.
മലബാര്‍ സ്കെച്ചുകള്‍
മാനുഷ്യകത്തിന്റെ നേരനുഭവങ്ങള്‍ സമ്മാനിക്കുന്ന രചനകളാണ് മലബാര്‍ സ്കെച്ചുകളിലൂടെ കവിയും എഴുത്തുകാരനുമായ സത്യന് മാടാക്കര നിര്‍വഹിച്ചിരിക്കുന്നത്. പ്രവാസ ലോകത്തിരുന്നുകൊണ്ട് തന്റെ കവി ജീവിതത്തിന്റെ കാല്‍നൂറ്റാണ്ട് പിന്നിടുന്ന സത്യന് , കവിതകളും ലേഖനങ്ങളും അനുഭവക്കുറിപ്പുകളും നിരീക്ഷണ-പഠനങ്ങളുമാണ് മലബാര്‍ സ്കെച്ചുകളിലൂടെ വായനക്കാരന് മുന്നില്‍ അവതരിപ്പിക്കുന്നത്. ചിരന്തന പബ്ലിക്കേഷന്‍സ് ആണ് പ്രസാധകര്. വില: 75 രൂപ.
മുഖപടങ്ങള്‍
ജീവിതത്തിലേക്ക് വയ്ക്കുന്ന ഓരോ ചുവടുകള്‍ക്കും മരണത്തിന്റെ ഗാഢസ്പര്ശമുണ്ടെന്ന് ഓര്‍മിപ്പിക്കുന്ന പുസ്തകമാണ് മുഖപടങ്ങള്‍. ഭാഗ്യശീലന്‍ ചാലാടാണ് ഇതിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഉത്തര മലബാറിലെ പ്രതിഭാധനരുടെ ജീവചരിത്രവും ഓര്‍മ്മകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലിഖിതം ബുക്സാണ് പ്രസാധകര്. വില: 40 രൂപ.
ശ്രീരുദ്രം
യജുര്വേദീയമാണ് ശ്രീരുദ്രം. ശുക്ലയജുര്വേദം മാധ്യന്ദിന സംഹിതയിലെ പതിനാറാമധ്യായമാണ് ശ്രീരുദ്രം. 66 മന്ത്രങ്ങളാണുള്ളത്. ഇവയുടെ വൈദിക വ്യാഖ്യാനമാണ് ഈ കൃതി. രാജു പൂഞ്ഞാറാണ് ഗ്രന്ഥകര്‍ത്താവ്. കുരുക്ഷേത്ര പ്രകാശന് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകത്തിന്റെ വില 60 രൂപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: