കുളത്തൂപ്പുഴ: ജീവന്റെ കുഞ്ഞുതുടിപ്പുകളോടും അമ്മയെന്ന നന്മയോടും യാതൊരു അടുപ്പവുമില്ലാത്ത, അറവ് മാടുകളോടുള്ള പെരുമാറ്റം ഗര്‍ഭസ്ഥ ശിശുക്കളോട് കാണിക്കുന്ന കശാപ്പുകാര്‍ കിഴക്കന്‍ മേഖലയില്‍ സജീവമാണ്.
പ്രസവിച്ച ഉടനെ പിഞ്ചുകുഞ്ഞുങ്ങളെ കൊന്ന് കുഴിച്ചുമൂടിയ നിരവധി സംഭവങ്ങളാണ് കിഴക്കന്‍ തോട്ടം മേഖലയില്‍ നിന്ന് നേരത്തെയും പുറംലോകത്തെത്തിയത്. എന്നാല്‍ കുളത്തൂപ്പുഴയില്‍ കഴിഞ്ഞ ദിവസമുണ്ടായ ദാരുണ സംഭവമാണ് ജനിക്കും മുമ്പ് മരിക്കാന്‍ വിധിക്കപ്പെട്ട ഭ്രൂണഹത്യകളിലേക്ക് വിരല്‍ചൂണ്ടുന്നത്. സമാന സംഭവങ്ങള്‍ ഈ പ്രദേശങ്ങളില്‍ നിരവധി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടും നടപടിയില്ലാത്തത് പരക്കെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്..
ഭര്‍ത്താവ് നാട്ടിലില്ലാതിരിക്കുന്ന ഇരുപത് വയസ് മാത്രം പ്രായമുള്ള സ്ത്രീയാണ് വീട്ടിനുള്ളില്‍ പ്രസവിച്ചത്. പ്രസവിച്ച ഉടനെ പിഞ്ചുകുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും അലമാരയ്ക്കുള്ളില്‍ പൂട്ടിവയ്ക്കുകയും ചെയ്തതിനുശേഷം യുവതി ആശുപത്രിയില്‍ അമിത രക്തസ്രാവത്തിന് ചികിത്സ തേടുകയാണുണ്ടായത്. സ്വയം പൊക്കിള്‍ക്കൊടി ബ്ലയിഡ് കൊണ്ട് മുറിച്ചു മാറ്റിയ യുവതി പ്രസവിച്ചശേഷം കുട്ടിയെ കൊന്നുവെന്ന വിവരം അറിഞ്ഞ ആശുപത്രി അധികൃതര്‍ പോലീസിനെ അറിയിച്ചില്ലെന്ന ആരോപണവുമുണ്ട്. ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന മറ്റ് രോഗികള്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചതനുസരിച്ചാണ് പുറംലോകം സംഭവമറിയുന്നത്. തുടര്‍ന്ന് പോലീസെത്തി യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അവിഹിതമായ ഗര്‍ഭം ധരിക്കുന്നവര്‍ക്കും, അനാശാസ്യക്കാര്‍ക്കും അത്താണിയായി കിഴക്കന്‍ മേഖലയില്‍ ഭ്രൂണഹത്യ കേന്ദ്രങ്ങളായി ചില സ്വകാര്യ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നതായാണ് ആരോപണം. വന്‍ തുക പ്രതിഫലം വാങ്ങിയാണ് ചില ഡോക്ടര്‍മാര്‍ ഈ നിയമവിരുദ്ധ നടപടിക്ക് കൂട്ടുനില്‍ക്കുന്നത്. മുമ്പ് കിഴക്കന്‍ മേഖലയിലെ ആശുപത്രികളെക്കുറിച്ച് ഇത്തരം ആരോപണം നിലനിന്നിരുന്നെങ്കിലും ഇടയ്ക്ക് നിര്‍ജ്ജീവമെന്ന് തോന്നിയ ഭ്രൂണഹത്യകള്‍ ഇപ്പോള്‍ സജീവമാണ്.
ജില്ലയുടെ കിഴക്കന്‍ മലയോര തോട്ടംമേഖലയില്‍ അനാശാസ്യത്തിലൂടെയും ചതിയിലൂടെയും ഗര്‍ഭം ധരിക്കുന്നവരാണ് ഭ്രൂണഹത്യക്കിരയാവുന്നത്. പണം മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ചിലര്‍ ഇതിന് പിന്നിലുണ്ടെന്നത് ഇക്കൂട്ടര്‍ക്ക് തുണയാകുന്നു. ലിംഗ നിര്‍ണയവും ഭ്രൂണഹത്യയും നിയമം മൂലം നിരോധിച്ചിട്ടുള്ള ഒരു രാജ്യത്ത് വേണ്ട രീതിയിലുള്ള നടപടികളോ പരിശോധനയോ ഇല്ലാത്തതാണ് ഇത്തരം ദുര് നടപടികള്‍ക്ക് ആളുകളെ പ്രേരിപ്പിക്കുന്നത്. ഓരോ ജീവന്റെ തുടിപ്പിനും പവിത്രത കല്പിക്കുന്ന ഡോക്ടര്‍മാരും, അമ്മയ്ക്ക് കുഞ്ഞിനോടുള്ള വാത്സല്യവും സിനിമാക്കഥകളില്‍ മാത്രം നിറയുമ്പോള്‍ കണ്ണുതുറക്കാത്ത പിഞ്ചുകുഞ്ഞുങ്ങളെ ജനിക്കുന്നതിന് മുമ്പ് കൊല്ലാന്‍ കയറെടുക്കുന്ന ആരാച്ചാരന്മാരെ ശിക്ഷിക്കാനാരുമില്ലാത്തതാണ് ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണം.
സജീഷ് വടമണ്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: