തിരുവനന്തപുരം: ഐ.എന്‍.ടി.യു.സി ദേശീയ പ്രവര്‍ത്തക സമിതിയംഗവും കേരള ഇലക്ട്രിസിറ്റി എമ്പ്ലോയീസ് കോണ്‍ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന എം.എസ് റാവുത്തര്‍ (63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പാളയം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ സമ്മേളനത്തില്‍ പങ്കെടുക്കാനായി വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെ ജനശതാബ്ദി എക്സ്പ്രസില്‍ എറണാകുളം റെയില്‍വേ സ്റ്റേഷനിലെത്തിയ റാവുത്തര്‍ പ്ലാറ്റ്ഫോമില്‍ കുഴഞ്ഞു വീഴുകയായിരുന്നു. സ്റ്റേഷനില്‍ കാത്തുനിന്ന സംഘടനാ പ്രവര്‍ത്തകരും സഹയാത്രക്കാരും ചേര്‍ന്ന് അദ്ദേഹത്തെ ഉടന്‍തന്നെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐ.സി.യുവില്‍ നിരീക്ഷണത്തിലായിരുന്നെങ്കിലും അദ്ദേഹത്തിന് തുടര്‍ച്ചയായി മൂന്ന് തവണ ഹൃദയസ്തംഭനം ഉണ്ടായതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ മരിക്കുകയായിരുന്നു.
ഇന്നലെ രാത്രി എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്ന വഴി ആലപ്പുഴ പവര്‍ഹൗസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. രാത്രി തിരുവനന്തപുരത്ത് അംബുജവിലാസം റോഡിലുള്ള ഇലക്ട്രിസിറ്റി എംപ്ലോയിസ് കോണ്‍ഫെഡറേഷന്‍ ഓഫീസിലും മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു.
കൊല്ലം എസ്.എന്‍ കോളേജില്‍ കെ.എസ്.യു ചെയര്‍മാനായി തുടങ്ങിയ രാഷ്ട്രീയ ജീവിതം റാവുത്തര്‍ തൊഴിലാളി സംഘടനാ രംഗത്തേക്ക് വഴിതിരിച്ചു വിടുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് കൊല്ലം ജനറല്‍ സെക്രട്ടറിയായിപ്രവര്ത്തിച്ച അദ്ദേഹം 1981 മുതല്‍ കെ.പി.സി.സി അംഗവും ആയിരുന്നു. ഇന്ത്യന്‍ ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് ഫെഡറേഷന് ദേശീയ ജനറല്‍ സെക്രട്ടറിയും 2000 മുതല്‍ ഐ.എന്‍.ടി.യു.സി ദേശീയ പ്രവര്‍ത്തക സമിതിയംഗവുമാണ്.
ഐ.എന്‍.ടി.യു.സി കേരളഘടകം ജനറല്‍ സെക്രട്ടറി, കെ.ടി.ഡി.സി എംപ്ലോയീസ് കോണ്‍ഗ്രസ്(ഐ.എന്‍.ടി.യു.സി) ജനറല്‍ സെക്രട്ടറി, കെ.എസ്.ഇ.ബി പെറ്റി കോണ്‍ട്രാക്ടേഴ്സ് ആന്റ് കോണ്‍ട്രാക്ട് വര്‍ക്കേഴ്സ് കോണ്‍ഗ്രസ്(ഐ.എന്‍.ടി.യു.സി) സംസ്ഥാന പ്രസിഡന്റ്, സി.ഡിറ്റ് എംപ്ലോയീസ് ഓര്ഗനൈസേഷന്(ഐ.എന്‍.ടി.യു.സി) പ്രസിഡന്റ്, ഹിന്ദുസ്ഥാന്‍ ലാക്റ്റെസ് എംപ്ലോയീസ് കോണ്‍ഗ്രസ്(ഐ.എന്‍.ടി.യു.സി) വര്‍ക്കിംഗ് പ്രസിഡന്ത്തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളേജിലെ റിട്ടേര്‍ഡ് പ്രൊഫസര്‍ ഹഫ്സയാണ് ഭാര്യ. മക്കള്‍: ഡോ.ഹാരിഫ്, സല്‍മ(യു.എസ്.എ). മരുമക്കള്‍: സഫിയ, അമീന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: