കൊച്ചി: അഖില കേരള തന്ത്രിസമാജത്തിന്റെ നേതൃത്വത്തില്‍ എറണാകുളത്ത് ഒക്ടോബര്‍ ഒന്ന് മുതല്‍ നാല്വരെ നടത്തുന്ന സാവിത്രീവ്രത യജ്ഞത്തിന്റെ ആചാര്യകുണ്ഡത്തിന് ശിലാന്യാസം നടത്തി.
വേദി പുണ്യാഹം ചെയ്ത് ശുദ്ധി വരുത്തി, ദര്‍ഭ, പുറ്റുമണ്ണ്, പഞ്ചഗവ്യം തുടങ്ങിയ ദ്രവ്യങ്ങള്‍ ഉപയോഗിച്ച് ശുദ്ധി വരുത്തി. പത്മ പീഠത്തില്‍ ഭൂമി പൂജ ചെയ്ത് പഞ്ചഭൂതങ്ങളില്‍ പ്രഥമ അംശമായ ഭൂമീദേവിയെ വന്ദിച്ചു. ഗണപതിയെ അവില്, മലര്, ശര്‍ക്കര, കദളിപ്പഴം എന്നീ നിവേദ്യങ്ങളാല്‍ പ്രസാദിപ്പിച്ച് വിഘ്നനിവാരണം നടത്തി. 52 അടി നീളം, 17 അടി വീതിയും 20 അടി ഉയരവുമുള്ള യജ്ഞവേദിയില്‍, ഏഴ് കോല് ചുറ്റിലുള്ള ത്രിഗുണ സങ്കല്പത്തിലുള്ള 3 മേഖലകളും കുണ്ഡലിനീ സങ്കല്പത്തോടെയുള്ള നാഭിയോടും കൂടിയ ഹോമകുണ്ഡത്തിന്റെ കന്നിമൂലയില്‍ ആധാര ശിലാ സങ്കല്പത്തില് ആചാര്യകുണ്ഡം സമന്ത്രം സ്ഥാപിച്ചു.
എറണാകുളത്തപ്പന് മൈതാനിയില്‍ (ആദിശങ്കര നഗര്‍) നടന്ന ചടങ്ങുകള്‍ക്ക് പുലിയന്നൂര്‍ മുരളീനാരായണന് നമ്പൂതിരിപ്പാട് മുഖ്യകാര്‍മികത്വം നിര്‍വഹിച്ചു. പുലിയന്നൂര്‍ ശശി നമ്പൂതിരിപ്പാട്, പുലിയന്നൂര്‍ പ്രശാന്ത് നാരായണന് നമ്പൂതിരിപ്പാട്, ചേന്നാസ് നാരായണന് നമ്പൂതിരിപ്പാട് എന്നിവര്‍ സഹകാര്‍മികത്വം നല്കി.
സാവിത്രീവ്രത യജ്ഞം ഭാരവാഹികളായ പി. രാമചന്ദ്രന് (വേണു), പി. നന്ദകുമാര്‍, ജി. കൃഷ്ണകുമാര്‍, കെ. പ്രസന്നകുമാര്‍, സി.ജി. രാജഗോപാല്‍, കെ. ജനാര്ദ്ദനന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: