അമൃതപുരി : വ്യാവസായിക വിപ്ലവമോ സാങ്കേതിക വിപ്ലവമോ അല്ല മനുഷ്യഹൃദയങ്ങളില്‍ നിന്നുദിക്കുന്ന സ്നേഹത്തിന്റെ വിപ്ലവമാണ് ലോകത്തിന് ആവശ്യമെന്ന് മാതാ അമൃതാനന്ദമയീ ദേവി തന്റെ പിറന്നാള്‍ സന്ദേശത്തില്‍ ഓര്‍മിപ്പിച്ചു. തന്നെപ്പോലെ മറ്റുള്ളവരെയും കണ്ടുകൊണ്ട് സ്നേഹിക്കാനും സേവിക്കാനും പ്രാപ്തമാക്കുന്ന ആന്തരികവിപ്ലവാണ് വേണ്ടതെന്ന് അമ്മ പറഞ്ഞു. പ്രഥമ സന്യാസിശിഷ്യന് സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ നേതൃത്വത്തില്‍ നടന്ന പാദപൂജയ്ക്കുശേഷമാണ് അമ്മ ലോകമെമ്പാടുമുള്ള വിശ്വാസികള്‍ക്കായി അമ്മ സന്ദേശം നല്‍കിയത്.
ഭൂമിയില്‍ 200 കോടിയിലധികം ജനങ്ങള്‍ പട്ടിണിപ്പാവങ്ങളാണെന്നും അതില്‍ മൂന്നിലൊന്നുപേര്‍ ഇന്ത്യയില്‍ തന്നെയാണെന്നും അമ്മ ചൂണ്ടിക്കാട്ടി. അവര്‍ക്ക് ആഹാരമെത്തിക്കുകയും അക്ഷരാഭ്യാസമില്ലാത്തവര്‍ക്ക് അറിവിന്റെ വെളിച്ചം പകരുകയുമാണ് നമ്മുടെ ദൗത്യം. എല്ലാവരും ഒരമ്മയുടെ മക്കളാണെന്ന ബോധത്തില്‍ ഒരുമയോടെ പ്രവര്‍ത്തിക്കണം. ഒരുമയില്ലാത്ത ലോകത്ത് സുഖവും സൗന്ദര്യവും ഉണ്ടാകില്ല. ഐക്യബോധമാണ് മറ്റുള്ളവരെ ഉള്‍ക്കൊള്ളാന്‍ ഒരാളെ പ്രേരിപ്പുക്കുന്നത്. തന്റെ കുട്ടിക്കാലത്ത് ഗ്രാമത്തിലെ ഒരു വീട്ടിലെ അടുപ്പില്‍ ആദ്യം തീകത്തിച്ചാല്‍ പിന്നീട് കുട്ടികള്‍ അവിടെ നിന്ന് അഗ്നിപകര്‍ന്ന് അവരവരുടെ വീടുകളിലെ അടുപ്പുകളില്‍ തീ പകരുകയുമാണ് ചെയ്തിരുന്നതെന്ന കാര്യം അമ്മ ഓര്‍മിച്ചു.
സ്ത്രീകളുടെ സുരക്ഷിതത്വവും ഉന്നതിയുമാണ് ഒരു രാജ്യത്തിന്റെ പുരോഗതിയുടെ അളവുകോല്‍. ദാരിദ്ര്യവും സംഘര്‍ഷവും മൂലം ദുരിതമനുഭവിക്കുന്നവരിലേറെയും സ്ത്രീകളാണ്. സ്ത്രീകള്‍ ആക്രമിക്കപ്പെടുകയും അനാദരിക്കപ്പെടുകയും ചെയ്യുന്ന കാലത്തോളം ഒരു രാഷ്ട്രമെന്ന നിലയില്‍ നമുക്ക് അഭിമാനിക്കാനാകില്ല. എല്ലാ രംഗങ്ങളിലും സ്ത്രീക്കും പുരുഷനും തുല്യ ആദരവും അംഗീകാരവും ലഭിക്കുന്ന കാലം അമ്മ സ്വപ്നം കാണുകയാണ്. രാജ്യത്തിന്റെ ഏതുഭാഗത്തും പുരുഷനെപ്പോലെ നിര്‍ഭയം സഞ്ചരിക്കാന്‍ സ്ത്രീകള്‍ക്കും സാധിക്കുന്ന കാലം വരണം. പുരുഷനോടൊപ്പം തോളോടുതോള്‍ ചേര്‍ന്ന് സ്ത്രീകള്‍ സമൂഹസൃഷ്ടിയില്‍ പങ്കുചേരുന്ന സുവര്‍ണകാലമാണ് തന്റെ സ്വപ്നമെന്ന് അമ്മ പറഞ്ഞു.
ഓരോ ദിവസവും പുതിയ സാങ്കേതികവിദ്യകള്‍ കണ്ടുപിടിക്കപ്പെടുകയാണ്. നമ്മുടെയെല്ലാം ജീവിതത്തില്‍ ഈ ഉപകരണങ്ങള്‍ക്ക് അതിന്റേതായ സ്ഥാനമുണ്ട്. എന്നാല്‍ നാം സൃഷ്ടിച്ച യന്ത്രങ്ങള്‍ക്ക് നാം അടിമകളാകാന്‍ പാടില്ല. സാങ്കേതിക വിദ്യ നമ്മുടെ നിയന്ത്രണത്തില്‍ നില്‍ക്കണം. സാങ്കേതികവളര്ച്ചയ്ക്കൊപ്പം മനസ്സിന്റെ പക്വതകൂടി വളരണം അമ്മ ഓര്‍മിപ്പിച്ചു.
കുട്ടികളില്‍ മൂല്യബോധം വളര്‍ത്തി അതിലൂടെ മാറ്റം വരുത്താന്‍ ശ്രമിക്കണം. ഭൂമിയില്‍ അസുരശക്തികള്‍ അവതരിക്കുന്നു. സംസ്ക്കാരത്തില്‍ വെള്ളം ചേര്‍ക്കപ്പെടുകയും ചെയ്യുന്നു. മറ്റുള്ളവരെ അടിച്ചമര്‍ത്തുകയല്ല വേണ്ടത്. സഹജീവികളെ ഉയര്‍ത്തിക്കൊണ്ട് സ്വന്തം വിജയം കൈവരിക്കണം. വാക്കുകള്‍ കൊണ്ടുപോലും മറ്റുള്ളവരെ വിഷമിപ്പിക്കരുത്. അമ്മ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: