കൊച്ചി: താന്‍ മോദിയെ പിന്തുണക്കുന്നതിനെ എതിര്‍ക്കുന്നവര്‍ക്ക് മതഭ്രാന്തന്മാരാണെന്ന് ജസ്റ്റീസ് വി. ആര്. കൃഷ്ണയ്യര്‍. യു.ആര്.അനന്തമൂര്‍ത്തിയെ പോലെയുള്ളവര്‍ പരസ്യമായും മറ്റു ചിലര്‍ അല്ലാതെയും നടത്തിയ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മോദി വിമര്‍ശകര്‍ മുസ്ലിം കൂട്ടക്കൊലയാണ് കാരണം പറയുന്നത്. പക്ഷേ, ഇതുവരെ ആ ആരോപണം തെളിയിക്കപ്പെട്ടിട്ടില്ല, അദ്ദേഹം പ്രസ്താവനയില്‍ വിശദീകരിച്ചു.
പ്രസ്താവനയുടെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ- “നരേന്ദ്രമോദിയെ പിന്തുണച്ചതിന് എന്നെ ചിലര്‍ കുറ്റക്കാരായി കാണുന്നു. മോദിയുടെ മദ്യ നിരോധനത്തെയും സൗരോര്‍ജ്ജ പദ്ധതിയേയുമാണ് ഞാന്‍ പിന്തുണച്ചത്. 2002ലെ ചില സംഭവങ്ങളുടെ പേരിലാണ് ചിലര്‍ മോദിയെ കുറ്റപ്പെടുത്തുന്നത്. പക്ഷേ, കാലം മാറി, മോദിയും. ഇക്കാലമത്രയും മോദിയെ ജനങ്ങള്‍ പിന്തുണക്കുകയാണ്. അദ്ദേഹം മതേതരനാണെന്നും ഹിന്ദു-മുസ്ലിം സൗഹാര്‍ദ്ദത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്നും ഞാന്‍ വിശ്വസിക്കുന്നു. അതിനാല്‍ ഞാന്‍ മോദിയെ പിന്തുണക്കുന്നു. മനുഷ്യര്‍ മാറാറില്ലേ. കാട്ടാളനായിരുന്ന വാല്മീകി മാറിയില്ലേ. ഗാന്ധിജി കുട്ടിക്കാലത്ത് ആരായിരുന്നു? സത്യാന്വേഷണ പരീക്ഷണങ്ങളില്‍ അദ്ദേഹം കുറ്റ സമ്മതം നടത്തുന്നുണ്ട് വലിയ മാറ്റങ്ങള്‍ സംഭവിച്ചശേഷമാണ് താന്‍ മൂല്യവാദിയും ആത്മീയ വാദിയുമായതെന്ന്. മോദിയിലും ആത്മീയ മാറ്റങ്ങള്‍ ഉണ്ടായിക്കൂടെ. ഈ അര്‍ത്ഥത്തില്‍ ദയവായി ഞാന്‍ പറഞ്ഞതു മനസിലാക്കുക. നമ്മള് ഹിന്ദുവോ മുസ്ലിമോ പാഴ്സിയോ ക്രിസ്ത്യനോ ആരായാലും നമുക്കു വേണ്ടത് ഇന്ത്യന്‍ സമുഹത്തിന്റെ മൈത്രിയാണ്.
ഞാന്‍ മോദിയുടെ നേതൃത്വത്തെ അനുകൂലിക്കുന്നതിനെ എതിര്‍ക്കുന്ന മര്‍ക്കട മുഷ്ടിക്കാര്‍ ഏറെയുണ്ട്. അവര്‍ക്കവരുടെ അന്ധമായ കാഴ്ചപ്പാടു തുടരാന്‍ അവകാശമുണ്ട്.
ഞാന്‍ സഖാവ് ജവഹര്‍ലാല്‍ നെഹൃവിന്റെ മാനവികതയേയും നേതൃത്വത്തേയും അംഗീകരിക്കുന്നു. ഞാന്‍ അദ്ദേഹത്തിന്റെ ആദര്‍ശത്തെ അനുകൂലിക്കുന്നു, രാഷ്ട്രീയാധികാരത്തിലെ വംശപരമ്പരയെ അനുകൂലിക്കുന്നില്ല. മോദി വിമര്‍ശകര്‍ മുസ്ലിം കൂട്ടക്കൊലയാണു കാരണം പറയുന്നത്. പക്ഷേ, ഇതുവരെ ആ ആരോപണം തെളിയിക്കപ്പെട്ടിട്ടില്ല. എന്തുകൊണ്ട് 2002-നു ശേഷവും ഗുജറാത്ത് ജനത അദ്ദേഹത്തെ മുഖ്യമന്ത്രിയായി വാഴിക്കുന്നു? ഗുജറാത്തിലെ മുസ്ലിങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്വം അംഗീകരിക്കുന്നില്ലേ? മോദിയുടെ രാഷ്ട്രീയം എതിര്‍ക്കുന്നതിനാല്‍ മാത്രം ഇത്തരം നിലപാടുകള്‍ ശരിയല്ല.
ഞാന്‍ കോണ്‍ഗ്രസിന് വോട്ടുചെയ്തിട്ടുണ്ട്, കമ്മ്യൂണിസ്റ്റുകള്‍ക്കും, പിന്നെ എന്റെ സ്വതന്ത്രമായ ആദര്‍ശത്തിനും. ഞാനൊരിക്കലും ബിജെപിക്കാരനല്ല, ഹിന്ദു മൗലികവാദിയുമല്ല. ഞാന്‍ പണ്ഡിറ്റ്ജിയുടെ ആരാധകനാണെങ്കിലും ഒരിക്കലും നെഹൃഅനുയായിയുമല്ല.” പ്രസ്താവന തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: