ന്യൂദല്‍ഹി: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെതിരായ ഡാറ്റാ സെന്റര്‍ കൈമാറ്റ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ മലക്കം മറിഞ്ഞു. കേസ് സി.ബി.ഐക്ക് വിടാനുള്ള തീരുമാനം ഉപേക്ഷിക്കുകയാണെന്ന് സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. കോടതിയില്‍ നിന്നും വലിയ വിമര്‍ശനം ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് സര്‍ക്കാരിന്റെ ഈ നിലപാട് മാറ്റം.
കേസ് സി.ബി.ഐക്ക് വിടാന്‍ 2012 മാര്‍ച്ച് ആറിനാണ് മുഖ്യമന്ത്രി തീരുമാനം എടുത്തത്. എന്നാല്‍ ഫെബ്രുവരി 23ന് കേസ് സി.ബി.ഐക്ക് വിട്ടുവെന്ന് അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണി കേരള ഹൈക്കോടതിയെ അറിയിച്ചു. എ.ജിയുടെ വിവാദ ഇടപെടലിനെ കഴിഞ്ഞയാഴ്ച സുപ്രീംകോടതി ചോദ്യം ചെയ്തിരുന്നു. സി.ബി.ഐക്ക് വിടാന്‍തക്ക ഗൗരവമുള്ള കേസല്ല ഡാറ്റാ സെന്റര്‍ കേസെന്നും കോടതി വിലയിരുത്തിയിരുന്നു.
മന്ത്രിസഭ തീരുമാനിക്കും മുമ്പ് എങ്ങനെയാണ് അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയെ സി.ബി.ഐ അന്വേഷണം സംബന്ധിച്ച് അറിയിച്ചതെന്നും കോടതി ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസ് സി.ബി.ഐക്ക് വിടാനുള്ള തീരുമാനം ഉപേക്ഷിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചത്. കേസുമായി ബന്ധപ്പെട്ട് അഡ്വേക്കറ്റ് ജനറലിനെതിരായ നടപടികള്‍ അവസാനിപ്പിക്കണമെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോണി ജനറല്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു.
ഡാറ്റാ സെന്റര്‍ റിലയന്‍സിനു കൈമാറിയ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പി സി ജോര്‍ജ് നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചിരുന്നത്. ഈ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടപ്പോഴാണ് കേസില്‍ സിബിഐ അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍ രേഖാമൂലം അറിയിച്ചത്. എന്നാല്‍ സിബിഐ അന്വേഷണം സുപ്രീംകോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്യുകയായിരുന്നു.
സിബിഐ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് വ്യവസായ പ്രമുഖന് ടി ജി നന്ദകുമാര്‍ നല്കിയ ഹര്‍ജി പരിഗണിച്ചായിരുന്നു സ്റ്റേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: