കൊച്ചി: പിണറായിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിഎസ് അച്യുതാനന്ദന് ഇന്ന് പിബിക്കു മുന്നിലെത്തും.കേരളത്തിലെ വിഭാഗീയ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ ലക്ഷ്യമിട്ട് രൂപംകൊടുത്ത പിബി കമ്മീഷനു മുന്നിലാണ് വിഎസ് പിണറായിക്കെതിരെ തന്റെ വാദങ്ങള്‍ ഉന്നയിക്കാനൊരുങ്ങുന്നത്. ഇതോടെ ഒരിടക്കാലത്തിനു ശേഷം സിപിഎമ്മിലെ വിഭാഗീയത വീണ്ടും രൂക്ഷമാവുകയാണ്. യുഡിഎഫ് നേതൃത്വവുമായി രഹസ്യ ധാരണയുടെ അടിസ്ഥാനത്തിലാണ് പിണറായി വിജയന് പാര്‍ട്ടിയെ നയിക്കുന്നതെന്നും പിണറായിയെ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റാതെ പാര്‍ട്ടിക്കു ഇപ്പോഴത്തെ അനുകൂല സാഹചര്യം മുതലെടുക്കാന്‍ കഴിയില്ലെന്നും വിഎസ് പിബിയെ ധരിപ്പിക്കുമെന്നാണ് കരുതുന്നത്.
സോളാര്‍ വിഷയത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരത്തിനു വിരുദ്ധമായി ഉപരോധസമരം പിന്‍വലിച്ചതും ഉമ്മന്‍ചാണ്ടിക്കെതിരായ കരിങ്കൊടി പ്രകടനങ്ങള്‍ ഉപേക്ഷിച്ചതും ശരിയായില്ലെന്ന അഭിപ്രായമാണ് വിഎസിനുള്ളത്. സര്‍ക്കാര്‍ പ്രതിസന്ധിയിലായിട്ടും സിപിഎമ്മിന് സമരങ്ങളിലൊന്നും മേല്‍ക്കൈ നേടാനാവാതെ പോകുന്നത് പിണറായിയുടെ യുഡിഎഫുമായുള്ള ധാരണ മൂലമാണെന്നാണ് വിഎസ് ചൂണ്ടിക്കാണിക്കുന്നത്.ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും പ്രതിസന്ധിയിലാകുമ്പോഴെല്ലാം അവരെ രക്ഷിക്കുന്ന നിലപാടാണ് സിപിഎം ഔദ്യോഗിക നേതൃത്വം സ്വീകരിക്കുന്നത്.
കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയരുന്ന ഗുരുതരമായ ആരോപണങ്ങളില്‍ പോലും പാര്‍ട്ടി പ്രതികരിക്കുന്നില്ല. സോളാര്‍ കേസില്‍ സമരം പിന്‍വലിച്ചത് മൂലം ജനങ്ങളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാകാത്ത അവസ്ഥയിലാണ് പാര്‍ട്ടി.പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് പിണറായിയെ മാറ്റണമെന്ന വിഎസിന്റെ ആവശ്യത്തോട് പിബി കമ്മീഷന് പ്രതികരിക്കാനിടയില്ലെങ്കിലും തനിക്കെതിരായ ഔദ്യോഗിക പക്ഷത്തിന്റെ നീക്കങ്ങളെ തടയാനും അവരെ പ്രതിരോധത്തിലാക്കാനും വിഎസിനാകും.ഔദ്യോഗിക പക്ഷത്തിന് വ്യക്തമായ മേല്‍ക്കൈ ഉണ്ടെങ്കിലും പശ്ചിമ ബംഗാള്‍ തൃപുര ഘടകങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഇക്കുറിയും വിഎസിന്റെ രക്ഷക്കെത്തുമെന്നാണ്കരുതുന്നത്.
ടി.എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: