കോഴിക്കോട്: സിനിമാ-സീരിയില്‍ നടി പ്രിയങ്കയുടെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നുമുള്ള നടിയുടെ അമ്മയുടെ വെളിപ്പെടുത്തല്‍ രാഷ്ട്രീയരംഗത്തെ പ്രമുഖരുടെ ഉറക്കം കെടുത്തുന്നു. നെടുമ്പാശ്ശേരിയില്‍ പിടിയിലായ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി ഫയാസും സുഹൃത്ത് റഹിമും ചേര്‍ന്ന് മകളെ പീഡിപ്പിച്ചുകൊല്ലുകയായിരുന്നുവെന്നാണ് നടിയുടെ മാതാവ് ഇന്നലെ വെളിപ്പെടുത്തിയത്.
രാഷ്ട്രീയ -ഉദ്യോഗസ്ഥ രംഗങ്ങളിലെ പ്രമുഖരുമായും ഫയാസിന് ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഒരു ടെക്സ്റ്റയില്‍ സ്ഥാപനത്തിന് വേണ്ടിയിട്ടുള്ള പരസ്യചിത്ര നിര്‍മ്മാണത്തിനിടയിലാണ് ഫയാസും പ്രിയങ്കയും തമ്മില്‍ പരിചയപ്പെടുന്നത്. തനിക്ക് പ്രിയങ്കയെ പരിചയപ്പെടുത്തിയത് ഫയാസാണെന്നാണ് നടിയുടെ കാമുകന് റഹിം പറഞ്ഞത്. നടി പ്രിയങ്കയുടെ ആത്മഹത്യക്ക് പിന്നില്‍ പ്രമുഖരുണ്ടെന്നാണ് അമ്മ ഇന്നലെ വെളിപ്പെടുത്തിയത്.
ഫയാസിനും റഹിമിനും ലീഗ് മന്ത്രിമാരുമായി അടുത്ത ബന്ധമുണ്ടെന്നും അമ്മ വെളിപ്പെടുത്തി. മകളെ ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ചതായി അവര്‍ ആരോപിച്ചു. ഉദ്യോഗസ്ഥ – രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ മകളുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തെന്നും അവര്‍ വെളിപ്പെടുത്തി.
ഫയാസിന്റെ ബന്ധുവിന്റെ കല്യാണത്തിന് മന്ത്രി ഇ. അഹമ്മദും കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.സി. അബുവും പങ്കെടുത്തു എന്നതിനുള്ള തെളിവുകളും ഇന്നലെ പുറത്തുവന്നു. വടകരയ്ക്കടുത്ത കേളു ബസാറില്‍ വെച്ച് നടന്ന കല്യാണത്തില്‍ മന്ത്രി ഇ. അഹമ്മദും കെ.സി. അബുവും പങ്കെടുത്ത ഫോട്ടോകളാണ് ഇന്നലെ ഒരു ചാനല്‍ പുറത്തുവിട്ടത്.
ലീഗ്- കോണ്‍ഗ്രസ് നേതാക്കളുമായി ഫയാസിന് ഉള്ള അടുത്ത ബന്ധം. അന്വേഷിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. കല്യാണത്തിന് ക്ഷണിച്ചതുകൊണ്ട് പങ്കെടുത്തു എന്നുമാത്രമാണ് ഇപ്പോള്‍ നേതാക്കള്‍ നല്കുന്ന വിശദീകരണം. ഫയാസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് മന്ത്രി ഇ. അഹമ്മദ് പറഞ്ഞതെങ്കിലും ഫയാസുമൊരുമിച്ചുള്ള വിവാഹചടങ്ങിന്റെ ഫോട്ടോ പുറത്തുവന്നതോടെ ഇത് തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ പ്രതികളെ ജയിലില്‍ കാണാനെത്തിയെന്നത് ഫയാസിന് സിപിഎം നേതാക്കളുമായും ബന്ധമുണ്ടെന്നതിന്റെ തെളിവായിരിക്കുകയാണ്. ഓഗസ്റ്റ് ആറിന് 2.45നാണ് ഫയാസ് കോഴിക്കോട് ജില്ലാ ജയിലില്‍ എത്തിയത്. മൂന്ന് മണിവരെ ജയിലിലുണ്ടായിരുന്ന ഫയാസ് ടി.പി വധക്കേസിലെ പതിനാലാം പ്രതിയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ പി. മോഹനന്, കൊടിസുനി, കിര്‍മാനി മനോജ്്, മുഹമ്മദ് ഷാഫി എന്നിവരുമായി 15 മിനുട്ട് സംസാരിച്ചതായാണ് വിവരം. കൊടിസുനി ഫയാസിന്റെ നാട്ടുകാരനും സുഹൃത്തുമാണ്. നാട്ടില്‍നിന്നുള്ള ബന്ധമാണ് ഇരുവരെയും അടുപ്പിച്ചതെന്നറിയുന്നു. എന്നാല്‍ പി. മോഹനനുമായുള്ള ബന്ധം ഏത് വഴിക്കാണ് എന്നത് നിഗൂഢമാണ്.
സീരിയല്‍ നടി പ്രിയങ്ക ആത്മഹത്യ ചെയ്ത കേസിലെ പ്രതി അബ്ദുല്‍റഹിം ഇതേസമയം ജയിലിലുണ്ടായിരുന്നു. എന്നാല്‍ അടുത്ത സുഹൃത്തായിട്ടും റഹീമിനെ കാണാതെ ടി.പി കേസ് പ്രതികളെ കാണാന്‍ ഫയാസ് തിടുക്കം കാണിച്ചതില്‍ ദുരൂഹതയുണ്ടെന്നാണ് കരുതുന്നത്.
എം. ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: