പത്തനംതിട്ട: ആറന്മുളയില് വിവാദ വിമാനത്താവള കമ്പനി നികത്തിയ തോട് പുനഃസ്ഥാപിക്കണമെന്ന് നിയമസഭ പരിസ്ഥിതി കമ്മറ്റി റിപ്പോര്‍ട്ടിന് മേലിലുള്ള നടപടികള്‍ അട്ടിമറിക്കപ്പെടുന്നു. മല്ലപ്പുഴശ്ശേരി പഞ്ചായത്തില്‍ കെജിഎസ് ഗ്രൂപ്പ് നികത്തിയ കോഴിത്തോട് പൂര്‍വ സ്ഥിതിയിലാക്കണമെന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവാണ് മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രാവര്‍ത്തികമാക്കാതെ കിടക്കുന്നത്. ഇത് സംബന്ധിച്ച് പഞ്ചായത്ത് ജൂലൈ 2ന് വിമാനത്താവള കമ്പനിയായ കെജിഎസ് ഗ്രൂപ്പിന് നികത്തിയ കോഴിത്തോട്ടില്‍ നിന്നും മണ്ണ് മാറ്റി തോട് പൂര്‍വ സ്ഥിതിയിലാക്കണമെന്നുള്ള കത്ത് നല്‍കുകയായിരുന്നു. എന്നാല്‍ രണ്ട് മാസം കഴിഞ്ഞിട്ടും ഇതുവരെ കെജിഎസ് ഗ്രൂപ്പ് കോഴിത്തോട് പുനഃസ്ഥാപിച്ചിട്ടില്ല. ഇത് സംബന്ധച്ച് പലതവണ അവ്യക്തമായ മറുപടി ഇറിഗേഷന്‍ വകുപ്പില്‍ നിന്നും പഞ്ചായത്തിന് ലഭിച്ചതാണ് ഇപ്പോള്‍ കൂടുതല്‍ ദുരൂഹതയേറിയിരിക്കുന്നത്. ഇതില്‍ വിമാനത്താവള നിര്‍മാണത്തിനായി കോഴിത്തോട്ടില്‍ നികത്തിയ മണ്ണ് ഭാഗികമായി മാറ്റി തോട്ടിലെ നീഴൊഴുക്കിന്റെ ഗതിമാറ്റി വിട്ടെന്നുമാണ്. എന്നാല്‍ 2.62.20 ഹെക്ടറില്‍ കിടന്ന കോഴിത്തോട് നികത്തിയതില്‍ നന്ന് എത്ര ക്യുബിക്ക് മണ്ണ് മാറ്റിയെന്നോ കെജിഎസ് ഗ്രൂപ്പില്‍ നിന്ന് മണ്ണ് മാറ്റിയ ഇനത്തില്‍ എത്ര രൂപ ഈടാക്കിയെന്നും വ്യക്തമായി ഇറിഗേഷന്‍ വകുപ്പ് പഞ്ചായത്തിന് നല്കിയ മറുപടിയില്‍ പറയുന്നില്ല. വീണ്ടും ഇതുസംബന്ധിച്ച് പഞ്ചായത്ത് ഇറിഗേഷന്‍ വകുപ്പിനോട് വിശദീകരണം കഴിഞ്ഞ ബുധനാഴ്ച്ച ചോദിച്ചിരുന്നു. ഇതിനും ഇറിഗേഷന്‍ നല്കിയ മറുപടി വിവാദമായിരിക്കുകയാണ്.
വിമാനത്താവളവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനായി വിജിലന്‍സ് അന്‍ഡ് ആന്റി കറപ്ഷന്‍ വിങ്ങിന് ഇത് സംബന്ധിച്ചുള്ള രേഖകള്‍ സമര്‍പ്പിച്ചതിനാല്‍ വിശദവിവരങ്ങള്‍ തങ്ങളുടെ പക്കല്‍ ഇല്ലായെന്നാണ് ഇവര്‍ പറയുന്നത്. ഇത് കാരണം നിയമസഭാ പരിസ്ഥിതി കമ്മറ്റിയുടെ റിപ്പോര്ട്ടിന്മേല് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറിലേക്ക് ഇതുവരെ മല്ലപ്പുഴശ്ശേരി പഞ്ചായത്ത് വ്യക്തമായ റിപ്പോര്‍ട്ട് നല്കാന് കഴിയുന്നില്ല. എന്നാല്‍ വിവാദ വിമാനത്താവള പദ്ധതിപ്രദേശം സ്ഥിതി ചെയ്യുന്നത് ആറന്മുള, മല്ലപ്പുഴശ്ശേരി പഞ്ചായത്തുകളിലായിട്ടാണ് കിടക്കുന്നത്.
ഇത് കാരണം മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ കോഴിത്തോട് ഉള്‍പ്പെടുന്ന ഭൂമി അളന്ന് തിട്ടപ്പെടുത്താനും ഭൂമിയുടെ രൂപ രേഖ വ്യക്തമാക്കിതരണമെന്ന് കാണിച്ച പഞ്ചായത്ത് സെക്രട്ടറി അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിട്ട് ഇതുവരെ നടപടികള്‍ കൈകൊള്ളാത്തതിലും ദരൂഹതയേറുന്നു. കോഴിത്തോട് നികത്തിയതുമായി ബന്ധപ്പെട്ട് വ്യക്തമായ റപ്പോര്‍ട്ടുകള്‍ ഇനിയും ലഭിക്കാത്തതിനാല്‍ തോട് നികത്തലുമായി ബന്ധപ്പെട്ട മുഴുവന്‍ റിപ്പോര്‍ട്ടുകളും പഞ്ചായത്ത് സെക്രട്ടറി തിങ്കളാഴ്ച്ചയോടെ പ്രന്‍സിപ്പല്‍ സെക്രട്ടറിക്ക് കൈമാറുമെന്നറിയുന്നു.
രൂപേഷ് അടൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: