കോട്ടയം: സിപിഎം ഭരിക്കുന്ന സഹകരണബാങ്കുകളില്നിന്നും റബ്കോയില്‍ പണം നിക്ഷേപിക്കണമെന്നുള്ള മാര്‍ക്സിസ്റ്റ് പാര്‍ട്ടി നിര്‍ദ്ദേശം വിവാദമാകുന്നു. കോടികളുടെ ജപ്തി നടപടി നേരിടുന്ന പാമ്പാടി റബ്കോയെ രക്ഷിക്കാനാണ് സിപിഎം നടപടി. സഹകരണബാങ്കുകള്‍ മറ്റു സ്ഥാപനങ്ങളില്‍ പണം നിക്ഷേപിക്കണമെങ്കില്‍ സഹകരണ രജിസ്ട്രാറുടെ പ്രത്യേകം അനുമതി വാങ്ങണം. എന്നാല്‍ വകുപ്പുതലത്തില്‍ യാതൊരു അനുമതിയും വാങ്ങാതെയാണ് സിപിഎമ്മിന്റെ നിര്‍ദ്ദേശം. റബ്കോയുടെ ഇപ്പോഴത്തെ വൈസ് ചെയര്‍മാന്‍വി.എന്‍. വാസവന് കോട്ടയം ജില്ലാബാങ്ക് പ്രസിഡന്റായിരിക്കെ റബ്കോയ്ക്ക് ലക്ഷക്കണക്കിന് രൂപ വായ്പ നല്‍കിയിരുന്നു.
ഇതിപ്പോഴും തിരിച്ചടയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. സംസ്ഥാന സഹകരണബാങ്ക് റബ്കോയുടെ പാമ്പാടി യൂണിറ്റിനുമേല്‍ ജപ്തി നടപടികള്‍ തുടങ്ങിയിരിക്കുകയാണ്. ഇതിനിടയിലാണ് വീണ്ടും ബാങ്കുകളെ മുന്‍നിര്‍ത്തിയുള്ള പണസമാഹരണത്തിന് സിപിഎം തയ്യാറെടുക്കുന്നത്.
ജില്ലയില്‍ സിപിഎം ഭരിക്കുന്ന വിവിധ സഹകരണബാങ്കുകളില്‍ നിന്നും ഒരുകോടി രൂപ സമാഹരിക്കാനാണ് രഹസ്യനീക്കം. ഒരു സഹകരണ ബാങ്ക് രണ്ടുലക്ഷം രൂപയില്‍ കുറയാതെ നിക്ഷേപിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സഹകരണ ബാങ്കുകള്‍ മറ്റുസ്ഥാപനങ്ങളില്‍ പണം നിക്ഷേപിക്കുന്നതിലെ വ്യവസ്ഥകള്‍ മറികടക്കാന്‍ ഓഹരിനിക്ഷേപത്തിലൂടെ പണം അടച്ചാല്‍ മതിയെന്നും രഹസ്യനിര്ദ്ദേശത്തിലുണ്ട്. ജില്ലയിലെ 525 ലേറെ സഹകരണബാങ്കുകളില്‍ പകുതിയിലേറെയും സിപിഎമ്മാണ് ഭരിക്കുന്നത്. പ്രാഥമിക സഹകരണബാങ്ക് ഭൂരിപക്ഷവും ഭരിക്കുന്നത് സിപിഎമ്മാണ്.
പാര്‍ട്ടി നിര്‍ദ്ദേശത്തെ തുടര്‍ന്ന് പല സ്ഥാപനങ്ങളിലും പണം നിക്ഷേപിച്ചു കൈപൊള്ളിയ പല സഹകരണബാങ്കുകളും റബ്കോയില്‍ പണം നിക്ഷേപിക്കാന്‍ മടിക്കുകയാണ്. കടലാസ് സൊസൈറ്റിയില്‍ ലക്ഷങ്ങള്‍ നിക്ഷേപിച്ച മാങ്ങാനം സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി വിജിലന്‍സ് അന്വേഷണം നേരിടുകയാണ്. മാത്രമല്ല, ബാങ്കിനുണ്ടായ നഷ്ടം തിരിച്ചടയ്ക്കാന്‍ ഭരണസമിതിയോട് ഉത്തരവിട്ടിട്ടുണ്ട്. മാങ്ങാനം സര്‍വ്വീസ് സഹകരണബാങ്ക് വര്‍ഷങ്ങളായി സിപിഎം നിയന്ത്രണത്തിലാണ്. പല ബാങ്ക് പ്രസിഡന്റുമാരും റബ്കോയില്‍ പണം നിക്ഷേപിക്കില്ലെന്ന് നേതാക്കളോട് പറഞ്ഞുകഴിഞ്ഞു.
എന്നാല്‍ പാര്‍ട്ടി നിര്‍ദ്ദേശം അനുസരിച്ചേ മതിയാകൂ എന്നാണ് നേതാക്കളുടെ കര്‍ക്കശനിലപാട്. കോടികളുടെ ബാദ്ധ്യതയാണ് റബ്കോയ്ക്ക് നിലവിലുള്ളത്. ഇടതുപക്ഷസര്‍ക്കാരിന്റെ കാലത്ത് വഴിവിട്ട് സഹായിച്ചാണ് റബ്കോയെ ജപ്തി നടപടിയില്‍ നിന്നും രക്ഷിച്ചത്. സഹകരണവകുപ്പു നിയമം കാറ്റില്‍ പറത്തിയാണ് സഹകരണ ബാങ്കുകളോട് റബ്കോയില്‍ പണം നിക്ഷേപിക്കാന്‍ പാര്‍ട്ടി നിര്‍ദ്ദേശിക്കുന്നത്.
കെ.വി.ഹരിദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: