കൊച്ചി: പൂത്തൃക്ക, തിരുവാണിയൂര്‍ പഞ്ചായത്തുകളിലെ പരിയാരം, കൊടകുത്തി, മീമ്പാറ, മലേക്കുരിശ്, കക്കാട്ടുപാറ, പുതുപ്പനം പ്രദേശങ്ങളിലാണ് വന്‍ മാഫിയകളുടെ നേതൃത്വത്തില്‍ മലകള്‍ തുരന്ന് മണ്ണെടുപ്പ് നടത്തുന്നത്. ദിനം പ്രതി 150 മുതല്‍ 200 വരെ മസ്ദ ടിപ്പറില്‍ കടത്തുന്ന മണ്ണ് കൊച്ചിയുടെ അരൂര്‍, വല്ലാര്‍പാടം ഭാഗങ്ങളിലേക്കാണ് കടത്തുന്നത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നടത്തുന്ന മണ്ണെടുപ്പ് പഞ്ചായത്തിന്റെയും, റവന്യുവിന്റെയും അനുവാദത്തോടെയാണെന്ന് മണ്ണെടുപ്പ് നടത്തുന്നവര്‍ തന്നെ സമ്മതിക്കുന്നു.
പൂത്തൃക്ക-കൊടകുത്തി റോഡില്‍ വേളാംകുഴിമലയുടെ പുറകുവശത്തെ തട്ടുതട്ടായി കിടക്കുന്ന അറുപത് സെന്റ് ഭൂമിയില്‍ ഹിറ്റാച്ചി ഉപയോഗിച്ച് നടത്തുന്ന മണ്ണെടുപ്പ് വന്‍ തുക ഈടാക്കി വില്‍ക്കുന്നതിനും തുടര്‍ന്ന് നിരപ്പാക്കുന്ന ഭൂമിയില്‍ വില്ലകള്‍ പണിത് വില്ക്കുന്നതിനുമാണെന്ന് മണ്ണെടുപ്പ് നടത്തുവാന്‍ സഹായിയായ ഒരാള്‍ ജന്മഭൂമിയോട് പറഞ്ഞു. ഇത്തരത്തില്‍ മണ്ണെടുത്ത് മാറ്റി മുപ്പതോളം വില്ലകള്‍ പൂത്തൃക്ക പഞ്ചായത്തില്‍ മാത്രമായി പണിതിട്ടുണ്ടെന്നും, ഇതിനൊക്കെ അനുവാദം വാങ്ങല്‍ എളുപ്പമല്ലെന്നും കാണേണ്ടവരെ ഞങ്ങള്‍ വേണ്ടപോലെ കണ്ടിട്ടുണ്ടെന്നും പറയുവാനും അയാള്‍ മടികാണിച്ചില്ലെന്നത് മണ്ണ് മാഫിയയുടെ കൈകള്‍ എവിടെ വരെ നീണ്ടിട്ടുണ്ടെന്നതിന് തെളിവായി.
സ്ഥല ഉടമസ്ഥന് ലോഡ് ഒന്നിന് ആയിരം രൂപയും കമ്മീഷനും ഡീസല്‍ തുകയയുമടക്കം മണ്ണ് ഇടനിലക്കാരന് ആയിരത്തി അഞ്ഞൂറുരൂപ മുടക്കേണ്ടി വരുമ്പോള്‍ വില്‍ക്കുന്നത് മൂവായിരത്തി അഞ്ഞൂറ് മുതല്‍ നാലായിരം രൂപയ്ക്ക് വരെയാണ്. വ്യാപകമായി മണ്ണെടുക്കല്‍ നടന്നു തുടങ്ങിയതോടെ പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാവുകയും പൊടിശല്യം മൂലം പ്രദേശവാസികള്‍ക്ക് ജീവിതം ദുസ്സഹമാവുകയും ചെയ്തു.
എട്ട് മാസങ്ങള്‍ക്ക് മുമ്പ് പൂത്തൃക്ക, തിരുവാണിയൂര്‍ പഞ്ചായത്ത് ഭരണ സമിതികള്‍ മണ്ണെടുപ്പ് നിരോധിച്ചുവെങ്കിലും അനധികൃത മണ്ണെടുപ്പ് തുടരുകയാണ്. തുടര്‍ന്ന് വിവരം പലകുറി പഞ്ചായത്ത്, പൊലീസ്, റവന്യു അധികാരികളെ അറിയിച്ചുവെങ്കിലും ചെറുവിരലനക്കുവാന്‍ അവര്‍ തയ്യാറായിട്ടില്ല. മഴ കുറഞ്ഞ് വെയില് തെളിഞ്ഞതോടെ പൂര്‍വ്വാധികം ശക്തമായി മണ്ണെടുപ്പ് ആരംഭിച്ചു. കഴിഞ്ഞ ദിവസം കൊടകുത്തി, കക്കാട്ടുപാറ പ്രദേശത്തെ മണ്ണെടുപ്പ് വിവരം പൂത്തൃക്ക പഞ്ചായത്ത് പ്രസിഡന്റിനെ ഫോണില്‍ വിളിച്ച് അറിയിച്ചുവെങ്കിലും പരാതി എഴുതി തരാതെ നടപടി സ്വീകരിക്കുവാന്‍ പറ്റില്ലെന്ന നിലപാടാണ് പ്രസിഡന്റ് സ്വീകരിച്ചതെന്ന് പറയുന്നു. മണ്ണെടുപ്പുമായി ബന്ധപ്പെട്ട് നിരവധി തവണ ആര് ഡി ഒയ്ക്ക് മസ്ദയുടെ നമ്പര്‍ അടക്കം പരാതി നല്‍കിയെങ്കിലും ഇതേ മസ്ദകള്‍ തന്നെയാണ് ഇപ്പോഴും മണ്ണ് കടത്തുവാന്‍ ഉപയോഗിക്കുന്നതെന്നത് മണ്ണ് മാഫിയയുമായുള്ള ബന്ധമാണ് വെളിവാക്കുന്നത്.
കക്ഷി രാഷ്ട്രീയ ഭേദമന്യെ മണ്ണ മാഫിയയെ സഹായിക്കുന്ന രീതി ആയതിനാല്‍ പുത്തന്‍കുരിശ് പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചാല്‍ പോലും വേണ്ട നടപടികള്‍ സ്വീകരിക്കാറില്ലെന്ന് മാത്രമല്ല പരാതി പറയുന്നവരെ മാഫിയക്ക് ഒറ്റികൊടുത്ത് ഇവരെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുകയാണ് ചെയ്യുന്നത്.
മലയിടിച്ച് മണ്ണ് കടത്തുന്നതിനൊപ്പം പാടം നികത്തലും പ്രദേശത്ത് തകൃതിയായി നടക്കുന്നുണ്ട്. . പുഴകളും ചിറകളും നിറഞ്ഞ ഇരു പഞ്ചായത്തുകളിലും കഴിഞ്ഞ വേനല്‍ ആരംഭിക്കും മുമ്പ് തന്നെ കുടിവെള്ള ക്ഷാമം രൂക്ഷമായതിന് കാരണം അനധികൃതമായി മല ഇടിച്ചുള്ള മണ്ണെടുപ്പും അനധികൃത പാടം നികത്തലുമാണെന്ന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: