ചെന്നൈ: എയര്‍ ഏഷ്യ ഇന്ത്യയ്ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍ നിന്നും എന്‍ ഒ സി(നൊ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ്) ലഭിച്ചു. എയര്‍ ഏഷ്യ ഇന്ത്യ സിഇഒ മിട്ടു ചാന്ദില്യയാണ് ഇക്കാര്യം അറിയിച്ചത്. മലേഷ്യ, തായ്ലന്റ്, ഇന്തോനേഷ്യ എന്നിവിടങ്ങളിലെ വിജയം ഇവിടെയും ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എയര്‍ ഏഷ്യ, ടാറ്റ സണ്‍സ് ലിമിറ്റഡ്, ടെലസ്ട്ര ട്രേഡ്പ്ലേസ് എന്നിവയുടെ സംയുക്ത സംരംഭമാണ് എയര്‍ ഏഷ്യ ഇന്ത്യ. ഏപ്രിലില്‍ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി ലഭിച്ചിരുന്നു.
മൂന്ന് എയര്‍ബസ് എ320 വിമാനങ്ങളുമായാണ് എയര്‍ ഏഷ്യ പറക്കാനൊരുങ്ങുന്നത്. 200 ല്‍ അധികം ജീവനക്കാരാണുള്ളത്. കഴിഞ്ഞ ആഴ്ചയാണ് എന്‍ ഒ സി ലഭിച്ചത്. ഇക്കാര്യം ട്വിറ്ററിലൂടെയാണ് ചാന്ദില്യ അറിയിച്ചത്. എന്‍ ഒ സി ലഭിച്ച സാഹചര്യത്തില്‍ പറക്കല്‍ അനുമതിയ്ക്കായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ മുമ്പാകെ അപേക്ഷ സമര്‍പ്പിക്കും. പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള അന്തിമ നടപടിയാണിത്.
എയര്‍ ഏഷ്യ ഇന്ത്യയില്‍ 49 ശതമാനം ഓഹരി പങ്കാളിത്തം എയര്‍ ഏഷ്യയ്ക്കും 30 ശതമാനം ടാറ്റ സണ്‍സിനും 21 ശതമാനം അരുണ്‍ ഭാട്യയുടെ ടെലസ്ട്ര ട്രേഡ്പ്ലെസിനുമാണുള്ളത്. നടപ്പ് സാമ്പത്തിക വര്‍ഷം തന്നെ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ മാസം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും സുരക്ഷാ അനുമതിയും ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: