തിരുവനന്തപുരം: വിവാദമായ പാമോലിന്‍ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. നേരത്തെ കേസില്‍ പ്രതികളായ ഉദ്യോഗസ്ഥരെ ഒഴിവാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതിന്റെ പിന്നാലെയാണ് കേസ് പിന്‍വലിക്കാന്‍ തീരുമാനം. സിവില്‍ സപ്ലൈസ് കോര്പ്പറേഷന് മാനേജിങ് ഡയറക്റ്ററായിരുന്ന ജിജി തോംസണ്‍ നല്കിയ അപേക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു ഉദ്യോഗസ്ഥരെ ഒഴിവാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഉദ്യോഗസ്ഥരെ മാത്രമായി കേസില്‍ നിന്നും ഒഴിവാക്കാനാകില്ലെന്ന് വിജിലന്‍സ് നല്കിയ നിയമോപദേശത്തിന്റെ പശ്ചാത്തലത്തിലാണ് കേസ് പൂര്‍ണമായും പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
ഇപ്പോള്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയ പശ്ചാത്തലത്തില്‍ കേസ് പിന്‍വലിക്കുന്നതിനായി വിജിലന്‍സ് കോടതിയെ സമീപിക്കും. വിജിലന്‍സ് കോടതിയില്‍ ഇതു സംബന്ധിച്ച് ഉടന്‍ അപേക്ഷ നല്കാന് തീരുമാനിച്ചിട്ടുണ്ട്. 2005 ലെ സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കുന്നതിനു വേണ്ടിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 2005 ജനുവരി 19ന് യുഡിഎഫ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നു. ഉത്തരവിറക്കി. എന്നാല്‍ 2006 ല്‍ അധികാരത്തിലെത്തിയ ഇടതു മുന്നണി സര്‍ക്കാര്‍ ഈ തീരുമാനം റദ്ദാക്കി ഉത്തരവിറക്കി.
1991-92 കാലഘട്ടത്തില്‍ കെ. കരുണാകരന് മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് കേസിന് ആസ്പദമായ സംഭവമുണ്ടാകുന്നത്. മലേഷ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പവര്‍ ആന്‍ഡ് എനര്‍ജി ലിമിറ്റഡ് കമ്പനിയില്‍ നിന്നും പാമോലിന്‍ ഇറക്കുമതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഒരു സിംഗപ്പൂര്‍ കമ്പനിയെ ഇടനിലക്കാരാക്കിയായിരുന്നു ഇറക്കുമതി നടപടികള്‍. അന്താരാഷ്ട്ര വിപണിയില്‍ ഒരു ടണ്‍ പാമോലിന്റെ വില 392.25 ഡോളര്‍ ആയിരുന്നപ്പോള്‍ ടണ്ണിന് 405 ഡോളര്‍ നല്കി 15,000 ടണ്‍ പാമോലിന്‍ ഇറക്കുമതി ചെയ്തു. ഈ ഇടപാടില്‍ സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടായതായി കമ്പ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തി. തുടര്‍ന്ന് പ്രതിപക്ഷം നടത്തിയ ശക്തമായ പ്രക്ഷോഭത്തിന്റെയും കോടതിയിടപെടലിന്റെയും ഭാഗമായി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവായി. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ അന്വേഷണത്തില്‍ ഇടപാടിലൂടെ 2.32 കോടിയുടെ നഷ്ടമുണ്ടായെന്നു കണ്ടെത്തി. സര്‍ക്കാരിന്റെ ഭാഗത്ത് കുറ്റകരമായ അനാസ്ഥയുണ്ടായതായി എന്നും വിജിലന്‍സ് കണ്ടെത്തി. തുടര്‍ന്ന് മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനും മറ്റ് ഏഴുപേര്ക്കുമെതിരേ വിജിലന്‍സ് കുറ്റപത്രം നല്കി.
കെ. കരുണാകരനു പുറമെ മുന്‍ ഭക്ഷ്യമന്ത്രി ടി.എച്ച്. മുസ്തഫ, ചീഫ് സെക്രട്ടറിയായിരുന്ന എസ്. പത്മകുമാര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന സഖറിയാ മാത്യൂ, സിവില്‍ സപ്ലൈസ് കോര്പ്പറേഷന് എംഡിയായിരുന്ന ജിജി തോംസണ്‍, സെക്രട്ടറിയായിരുന്ന പി.ജെ.തോമസ്, പവര്‍ ആന്‍ഡ് എനര്‍ജി കമ്പനി ലിമിറ്റഡ്, ചെന്നൈ മാലാ ട്രേഡിങ് കോര്പ്പറേഷന് എന്നിവരും കേസില്‍ പ്രതികളായിരുന്നു. 2011 ല്‍ ടി.എച്ച്. മുസ്തഫ വിടുതല്‍ ഹര്‍ജി നല്കിയപ്പോള് ഉമ്മന്‍ചാണ്ടിയെ പ്രതിചേര്ക്കണമെന്നാവശ്യപ്പെട്ടതു വിവാദമായിരുന്നു. ഇതു സംബന്ധിച്ച് അന്വേഷിക്കാന്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് കോടതി നിര്‍ദേശം നല്കി. 2011 മേയ് 14ന് ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ക്കാന്‍ തെളിവില്ലെന്നു കാണിച്ച് വിജിലന്‍സ് സംഘം കോടതിയില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് നല്കി. ഓഗസ്റ്റില്‍ ഈ റിപ്പോര്‍ട്ട് കോടതി തള്ളി. വീണ്ടും അന്വേഷണ ഉത്തരവ് നല്കി. 2012 മേയ് 24ന് ഉമ്മന്‍ചാണ്ടിക്കു പങ്കില്ലെന്നു വീണ്ടും വിജിലന്‍സ് കോടതിയെ അറിയിച്ചു. ഇത് കോടതി അംഗീകരിച്ചു. ഈ സംഭവം കേരള രാഷ്ട്രീയത്തില്‍ വന്‍ വിവാദമായി.
പാമോലിന്‍ കേസ് പൂര്‍ണമായും പിന്‍വലിക്കുന്നതിനെതിരേ ഇടതുപക്ഷം രംഗത്തു വന്നിട്ടുണ്ട്. നിയമപരമായും വിചാരണ വേളയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിയാകുന്ന സാഹചര്യം ഒഴിവാക്കാന്‍ വേണ്ടിയാണ് സര്‍ക്കാരിന്റെ നീക്കമെന്നും പ്രതിപക്ഷം ആരോപിച്ചു. നിയമനടപടികള്‍ തുടരുന്നതില്‍ എതിര്‍പ്പില്ലെന്ന് കേസില്‍ പ്രതിയായ ടി.എച്ച്. മുസ്തഫ പ്രതികരിച്ചു. നീക്കം വൈകി പോയെന്നും മുസ്തഫ പറഞ്ഞു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് കെ.മുരളീധരന് എംഎല്‍എ പ്രതികരിച്ചു. വൈകിയെങ്കിലും തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: