മരട്: നെട്ടൂര്‍ അമ്പലക്കടവിലെ ദേവസ്വംഭൂമി സ്വന്തമാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം. തിരുനെട്ടൂര്‍ മഹാദേവര്‍ ക്ഷേത്രത്തിലേക്ക് പഴയകാലത്ത് വഞ്ചിയിലും മറ്റും ഭക്തിരെത്തിയിരുന്നത് അമ്പലക്കടവിലാണ്. ഈ ഭാഗത്ത് കായല്നികന്ന് രൂപംകൊണ്ട അര ഏക്കറോളം ഭൂമിയാണ് സമീപത്തെ പള്ളി അധികൃതര്‍ കൈവശപ്പെടുത്താന്‍ ശ്രമം ഊര്‍ജിതമാക്കിയിരിക്കുന്നത്. ഭൂമി കൈവശപ്പെടുത്തി കരിങ്കല്‍ ഭിത്തിയും മതിലും നിര്‍മ്മിക്കാന്‍ പള്ളി കമ്മറ്റിക്കാര് രണ്ടു വര്‍ഷം മുമ്പ് നീക്കം നടത്തിയിരുന്നു. എന്നാല്‍ പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ ഒന്നടങ്കം എതിര്‍പ്പുമായി രംഗത്തുവന്നതിനെത്തുടര്‍ന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
1978നുശേഷം മരട് വില്ലേജില്‍ ഒരാള്‍ക്കുപോലും പട്ടയമോ ഭൂമി പതിച്ച് നല്കലോ ഉണ്ടായിട്ടില്ല. കായല്‍ പുറമ്പോക്കാണെങ്കിലും ക്ഷേത്രവുമായി ബന്ധപ്പെട്ടതായതിനാല്‍ യഥാര്‍ത്ഥ അവകാശി ദേവസ്വംബോര്‍ഡാണ്. മത്സ്യത്തൊഴിലാളികള്‍ വഞ്ചിയും വലയും സൂക്ഷിച്ചുവന്നിരുന്നതും അമ്പലക്കടവിലായിരുന്നു. കൈവശാവകാശ രേഖയില്ലാതെ ഭൂമി കൈക്കലാക്കുവാനുള്ള പള്ളിക്കാരുടെ നീക്കത്തിനെതിരെ മത്സ്യത്തൊഴിലാളികളും മറ്റും കോടതിയെ സമീപിച്ചു. പട്ടയമോ കൈവശരേഖകളോ ഇല്ലാത്തതിനാല്‍ ഭൂമിയിലുള്ള അവകാശം കോടതിയില്‍ തെളിയിക്കാന്‍ പള്ളിക്കാര്‍ക്ക് കഴിഞ്ഞില്ല. ഈ സാഹചര്യത്തില്‍ വിധി പ്രതികൂലമാകുമെന്ന അവസ്ഥയുണ്ടായപ്പോള്‍ മറ്റു ചില കുതന്ത്രങ്ങളിലൂടെ ഭൂമി കൈവശത്താക്കുവാനുള്ള നീക്കമാണ് നടന്നുവരുന്നത്.
അമ്പലക്കടവിലെ ഭൂമി കയ്യേറ്റം ഒരുവിധത്തിലും അനുവദിക്കില്ലെന്ന് വിവിധ സാമുദായിക സംഘടനകള്‍ പറഞ്ഞു. തിരുനെട്ടൂര്‍ മഹാദേവര്‍ ക്ഷേത്രത്തിന്റ പടിഞ്ഞാറെ കവാടമായിരുന്നു ഇവിടം. സര്‍ക്കാര്‍ ഭൂമിയും ദേവസ്വം ഭൂമിയും പള്ളിയുടെ സ്വകാര്യ സ്വത്താക്കുവാനുള്ള നീക്കം ശക്തിയായി ചെറുക്കേണ്ടതാണെന്ന് പ്രദേശവാസികളും ഒരുവിഭാഗം മത്സ്യത്തൊഴിലാളികളും പറഞ്ഞു. പ്രശ്നത്തില്‍ ഹൈന്ദവ സംഘടനകളും മറ്റും അടിയന്തരമായി ഇടപെടണമെന്ന് ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: