ന്യൂദല്‍ഹി: ചെന്നൈ, ലക്നൗ വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിന് നീക്കം. ഇതിന്റെ ഭാഗമായി ടാറ്റ ഗ്രൂപ്പും ഫ്രാപോര്‍ട്ട്, സെലിബി തുടങ്ങിയ വിദേശ കമ്പനികളുമായി പ്രാരംഭഘട്ട ചര്‍ച്ച നടന്നതായാണ് റിപ്പോര്‍ട്ട്. ഈ രണ്ട് പ്രധാന വിമാനത്താവളങ്ങളുടെ മേല്‍നോട്ട ചുമതല വഹിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിക്കുന്നതിന് മുന്നോടിയായി നടന്ന ചര്‍ച്ചയില്‍ ജിവികെ, സഹാറ തുടങ്ങിയ കമ്പനികളുടെ പ്രതിനിധികളും പങ്കെടുത്തു.
ചെന്നൈ, ലക്നൗ വിമാനത്താവളങ്ങള്‍ക്ക് പുറമെ കൊല്‍ക്കത്ത, ഗുവാഹത്തി, ജയ്പൂര്‍ വിമാനത്താവളങ്ങളുടെ മേല്‍നോട്ടം ഏറ്റെടുക്കാന്‍ താല്പര്യമുള്ള കമ്പനികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ(എഎഐ) പറഞ്ഞു.
ഈ അഞ്ച് വിമാനത്താവളങ്ങളുടേയും അഹമ്മദാബാദിലെ പടിഞ്ഞാറന്‍ മേഖലയിലുള്ള ഒരു വിമാനത്താവളത്തിന്റേയും പ്രവര്‍ത്തനവും മേല്‍നോട്ടവും തിരഞ്ഞെടുക്കപ്പെടുന്ന സ്വകാര്യ കമ്പനികള്‍ക്ക് കൈമാറുന്നത്തിനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാരാണ് സ്വീകരിച്ചത്. ഈ വിമാനത്താവളങ്ങള്‍ എല്ലാം തന്നെ ഇതിനോടകം എയര്‍പോര്‍ട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ആധുനുകവത്കരിച്ചിരുന്നു. ഇതിനായി നല്ലൊരു തുകയാണ് ചെലവാക്കേണ്ടി വന്നത്. ഈ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തന ചുമതല ലഭിക്കുന്ന സ്വാകാര്യ കമ്പനികള്‍ക്ക് നല്കുന്ന പ്രവര്‍ത്തന കാലാവധി 30 വര്‍ഷമാണ്.
ലേലത്തില്‍ പങ്കെടുക്കുന്ന കമ്പനികളുടെ പ്രതിനിധികള്‍ക്ക് ഈ മാസം 28 ന് ലക്നൗ വിമാനത്താവളവും ഒക്ടോബര്‍ എട്ടിന് ചെന്നൈ വിമാനത്താവളവും സന്ദര്‍ശിക്കുന്നതിനുള്ള അനുമതി എഎഐ നല്‍കിയിട്ടുണ്ട്.
അതേസമയം വിമാനത്താവളങ്ങളുടെ പ്രവര്‍ത്തന ചുമതല സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കുന്നതിനുള്ള കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നീക്കത്തിനെതിരെ വിവിധ മേഖലകളില്‍ നിന്നും ശക്തമായ എതിര്‍പ്പാണ് ഉള്ളത്. എഎഐ ജീവനക്കാര്‍ ഈ നീക്കത്തിനെതിരെ ദേശവ്യാപക പണിമുടക്ക് ഉള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: