കൊച്ചി: ചെറുതോണിയില്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നത് സംബന്ധിച്ച് മൂന്നു ദിവസത്തിനുശേഷമേ തീരുമാനമാകൂവെന്ന് വൈദ്യുതിബോര്‍ഡ്. ജില്ലയില്‍ ഇതുമൂലമുണ്ടാകാവുന്ന ഏതു സ്ഥിതിഗതിയും നേരിടാന്‍ ജില്ല ഭരണകൂടം സര്‍വസജ്ജമെന്ന് ജില്ല കളക്ടര്‍ പി.ഐ.ഷെയ്ക്പരീത് പറഞ്ഞു. ഇതേക്കുറിച്ച് ആലോചിക്കാന്‍ ജില്ല കളക്ടറുടെ ക്യാമ്പ് ഓഫീസില്‍ ഇന്നലെ രാവിലെ ചേര്‍ന്ന യോഗത്തില്‍ ചെറുതോണിയിലെ സംഭവവികാസങ്ങള്‍ മൊത്തത്തില്‍ അവലോകനം ചെയ്തു. നിലവില്‍ ആശങ്കാജനകമായി ഒന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ജില്ലയ്ക്കായി ഒരു പ്രത്യേക മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കാന്‍ യോഗത്തില്‍ തീരുമാനമായി.
അണക്കെട്ടിലെ വെള്ളം 2402.9 അടിയായി ഉയര്‍ന്നാല്‍ ഷട്ടറുകള്‍ തുറക്കേണ്ടിവരുമെന്നാണ് ബോര്‍ഡ് അറിയിച്ചിട്ടുള്ളത്. എന്നാല്‍ ഇന്നലെ രാവിലെ അണക്കെട്ടിലെ വെള്ളത്തിന്റെ അളവ് 2401.68 അടിയാണ്. പ്രദേശത്ത് കാലാവസ്ഥ മെച്ചപ്പെട്ടതിനാല്‍ ഷട്ടര്‍ തുറക്കുന്നത് സംബന്ധിച്ച് തീരുമാനം മൂന്നു ദിവസത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്. ഓരോ രണ്ടുമണിക്കൂര്‍ ഇടവിട്ട് ബോര്‍ഡ് വെള്ളത്തിന്റെ അളവ് സംബന്ധിച്ച് ബുള്ളറ്റിന് പുറപ്പെടുവിക്കാമെന്ന് ബോര്‍ഡ് ജില്ല കളക്ടറെ അറിയിച്ചിട്ടുണ്ട്.
ഇടുക്കിയില്‍ പരമാവധി വൈദ്യുതോല്‍പ്പാദനം കൂട്ടിയ സാഹചര്യത്തില്‍ ആശങ്കയ്ക്ക് വകയില്ലെന്നാണ് ബോര്‍ഡ് വിശദീകരണം. തന്നെയുമല്ല അണക്കെട്ടില്‍ ഇപ്പോള്‍ വെള്ളത്തിന്റെ നീരൊഴുക്ക് കുറഞ്ഞിട്ടുമുണ്ട്. കാലാവസ്ഥ മെച്ചപ്പെട്ടതിനാല്‍ ഷട്ടര്‍ തുറക്കുന്നത് പിന്നീട് ആലോചിക്കാമെന്ന നിലപാടാണ് അവര്‍ അറിയിച്ചിട്ടുള്ളത്.
ഇതിനിടെ ഇന്നലെ രാവിലെ ജില്ലയില്‍ എത്തിയ ആരക്കോണത്തുനിന്നുള്ള ദുരന്ത നിവാരണ സേനാംഗങ്ങള്‍ കഴിഞ്ഞ കാലവര്‍ഷക്കെടുതിയില്‍ വെള്ളപ്പൊക്കമുണ്ടായ കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തി. മാഞ്ഞാലി, പറവൂര്‍ താലൂക്കിലെ വിവിധ കേന്ദ്രങ്ങള്‍ എന്നിവടങ്ങളിലാണ് സംഘം ഇന്നലെ സന്ദര്‍ശനം നടത്തിയത്. ഇവര്‍ക്കാവശ്യമായ സ്പീഡ് ബോട്ട് ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ആലുവയിലും ഏലൂരിലും സജ്ജമാക്കിയിട്ടുണ്ട്. അത്യാവശ്യഘട്ടമുണ്ടായാല്‍ നേവിയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും സഹായവും ഉറപ്പാക്കിയിട്ടുണ്ടെന്ന് ജില്ല കളക്ടര്‍ പറഞ്ഞു.
ഷട്ടറുകള്‍ തുറക്കേണ്ടിവന്നാല്‍ തന്നെ 6000 ക്യുമെക്സ് വെള്ളമാണ് പുറത്തുവിടുക. സെക്കന്റില്‍ വിടുന്ന ക്യുബിക് അടി വെള്ളത്തിന്റെ അളവാണിത്. നിലവില്‍ പെരിയാറില്‍ 1000 ക്യുമെക്സ് വെള്ളം ഒറ്റയടിക്കു വന്നാല്‍പ്പോലും പ്രശ്നമുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. തന്നെയുമല്ല ഇത്രയും വെള്ളം ഒറ്റയടിക്കു പുറത്തുവിടാനല്ല പദ്ധതി. ചെറുതോണിയിലെ എല്ലാ ഷട്ടറുകള്‍ തുറന്നാലും ഒരു മീറ്ററിലധികം വെള്ളം പെരിയാറില്‍ ഉയരില്ല. എങ്കിലും എല്ലാ സുരക്ഷസംവിധാനങ്ങളും കുറ്റമറ്റനിലയില്‍ ജില്ലയില്‍ സജ്ജമാക്കി നിര്‍ത്തും.
ഫയര്‍ഫോഴ്സ്, പോലീസ് എന്നിവയുടെ പക്കലുള്ള സ്പീഡ്ബോട്ട് ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍, ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള സംവിധാനങ്ങള്‍ എന്നിവയും സജ്ജമാക്കുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ എല്ലാ മുന്‍കരുതലും പൂര്‍ത്തിയായിട്ടുണ്ട്. ആശുപത്രികള്‍ കേന്ദ്രീകരിച്ച് ആംബുലന്‍സ്, മെഡിക്കല്‍ സംഘം, മരുന്നുകള്‍ എല്ലാം സജ്ജമാണ്. ആശുപത്രികള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്. ഐ.എം.എ. ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
യോഗത്തില്‍ ജില്ല പോലീസ് ചീഫ് കെ.ജി.ജയിംസ്, ഫോര്‍ട്ടുകൊച്ചി സബ്കളക്ടര്‍ രണ്‍വീര്‍ചന്ദ് സ്വാഗത് ഭണ്ഡാരി, വിവിധ വകുപ്പു മേധാവികള്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: