മുംബൈ: ഐപിഎല്‍ ഒത്തുകളിക്കേസില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉടമ ഗുരുനാഥ് മെയ്യപ്പനെതിരേ ചുമത്തിയിരിക്കുന്നത് വാതുവെയ്പും വഞ്ചനാക്കുറ്റവും. വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തെന്നും വ്യാജരേഖ ചമച്ചുവെന്നുമുള്ള കുറ്റങ്ങളും മെയ്യപ്പനെതിരേയുണ്ട്. ഈ കുറ്റങ്ങള്‍ കൂടാതെ ചൂതാട്ട നിയമത്തിലെ നാല്, അഞ്ച് വകുപ്പുകളും ഐടി ആക്ടിലെ 66 എ വകുപ്പും മെയ്യപ്പനെതിരേ ചുമത്തിയിട്ടുണ്ട്. ബിസിസിഐ മുന്‍ പ്രസിഡന്റ് എന്‍.ശ്രീനിവാസന്റെ മരുമകനാണ് മെയ്യപ്പന്.
മെയ്യപ്പന് ഒത്തുകളി നടത്തിയതായി തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു. 11,609 പേജുകളുള്ള കുറ്റപത്രമാണ് മുംബൈ പോലീസിലെ ക്രൈംബ്രാഞ്ച് വിഭാഗം അഡീഷണല്‍ ചീഫ് മെട്രോപൊളീറ്റന്‍ മജിസ്ട്രേറ്റ് ഉദയ് പദ്വാദിനു മുന്‍പാകെ സമര്‍പ്പിച്ചത്. ആകെ 22 പേരാണ് പ്രതികളായി കുറ്റപത്രത്തില്‍ ഉള്ളത്. ഇതില്‍ എട്ട് പേര് പിടികൂടാത്ത പ്രതികളാണ്. പാക്കിസ്ഥാന് അമ്പെയര്‍ ആസാദ് റൗഫും ഇതിലുള്‍പ്പെടും. മെയ്യപ്പന് ഉള്‍പ്പെടെയുള്ളവരുടെ ടെലിഫോണ്‍ സംഭാഷണങ്ങളും ഇവ വിശകലനം ചെയ്ത ആറു ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ടുകളും 196 സാക്ഷികളുടെ വിവരങ്ങളും ഉള്‍പ്പെടെയാണ് പോലീസ് കുറ്റപത്രം നല്‍കിയത്.
മെയ്യപ്പന് കേസില്‍ കുടുങ്ങിയതോടെയാണ് എന്‍. ശ്രീനിവാസന് ബിസിസിഐ പ്രസിഡന്റ് സ്ഥാനം തെറിച്ചത്. ഈ മാസം 29 ന് നടക്കുന്ന ബിസിസിഐ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാന്‍ ശ്രീനിവാസന് തയ്യാറെടുത്തിരിക്കെയാണ് മുംബൈ പോലീസ് മെയ്യപ്പനെയുള്പ്പെടെ പ്രതിചേര്‍ത്ത് കുറ്റപത്രം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: