മരട്: വിഭാഗീയത രൂക്ഷമായതിനെത്തുടര്‍ന്ന് മരട് സിപിഎമ്മില്‍ പൊട്ടിത്തെറി. സാമ്പത്തിക ക്രമക്കേട് ആരോപണം നേരിടുന്ന ലോക്കല്‍ കമ്മറ്റി സെക്രട്ടറി പി.വി.ശശിയേയും ലോക്കല്‍ കമ്മറ്റി അംഗം എം.എന്‍.അയ്യപ്പനേയും പാര്‍ട്ടിയില്‍നിന്നും സസ്പെന്റ് ചെയ്തു. കുണ്ടന്നൂര്‍ സിഐടിയു പൂളുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേടുകളാണ് ലോക്കല്‍ കമ്മറ്റി സെക്രട്ടറിക്കെതിരെ ഉയര്‍ന്നിരുന്നത്. ക്ഷേമനിധിയില്‍ അടക്കേണ്ട തുക തിരിമറി നടത്തിയതായാണ് പ്രധാന ആരോപണം.
ഓണഫണ്ടില്നിന്നുള്ള സാമ്പത്തികസഹായം തൊഴിലാളികള്‍ക്ക് ലഭിക്കാത്തതിനെത്തുടര്‍ന്ന് ലോക്കല്‍ സെക്രട്ടറിയെയും മറ്റും ഓഫീസില്‍ തടഞ്ഞുവച്ച സംഭവമുണ്ടായി. ഇക്കാര്യമുള്‍പ്പെടെ പരാതിയായി ജില്ലാ കമ്മറ്റിയുടെ മുമ്പിലെത്തിയതിനെ തുടര്‍ന്നാണ് ലോക്കല്‍ സെക്രട്ടറിക്കും മറ്റുമെതിരെയുള്ള അച്ചടക്ക നടപടി. ഇന്നലെ ചേര്‍ന്ന ജില്ലാ കമ്മറ്റിയാണ് പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി ലോക്കല്‍ സെക്രട്ടറിയേയും കമ്മറ്റി അംഗത്തേയും സസ്പെന്റ് ചെയ്തത്.
പി.വി.ശശിക്കെതിരെയും മറ്റുമുള്ള അച്ചടക്ക നടപടി മരട് സിപിഎമ്മില്‍ വിഭാഗീയത രൂക്ഷമാകാന്‍ കാരണമാകുമെന്നാണ് സൂചന. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എ.ദേവസിയുടെ നേതൃത്വത്തിലുള്ള മറുചേരി അവസരം മുതലാക്കാന്‍ രംഗത്തുണ്ട്. ഏരിയാ കമ്മറ്റി പ്രവേശനം തടഞ്ഞതിനു പിന്നില്‍ ലോക്കല്‍ സെക്രട്ടറി പി.വി.ശശിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗമാണെന്ന് ദേവസിക്കറിയാം. ഭൂരിഭാഗം ബ്രാഞ്ച് കമ്മറ്റികളുടെയും പിന്തുണ പി.വി.ശശിക്കാണെന്നാണ് സൂചന. എങ്കിലും ഏരിയാ കമ്മറ്റിയിലും ജില്ലാ കമ്മറ്റിയിലും ദേവസിയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിനാണ് സ്വാധീനം.
ജില്ലാ കമ്മറ്റി അംഗം സി.എന്‍.സുന്ദരന്റെ നേതൃത്വത്തില്‍ മൂന്നംഗങ്ങളെയാണ് അഴിമതിയാരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ചിരുന്നത്. 30 ലക്ഷത്തില്‍പ്പരം രൂപയുടെ തിരിമറി നടന്നതായാണ് ജില്ലാ കമ്മറ്റിക്ക് ലഭിച്ച റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ലോക്കല്‍ സെക്രട്ടറിയേയും മറ്റും ഒരുവര്‍ഷത്തേക്ക് പാര്‍ട്ടിയില്‍നിന്നും നീക്കം ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: