ജാതിമതലിംഗഭേദമില്ലാത്ത പങ്കാളിത്തം. ഏതൊരു രാജ്യത്തിന്റെയും സര്വ്വോന്മുഖമായ വികസനത്തിന് അത്യന്താപേക്ഷിതമായ ഘടകം. ഈ അനിവാര്യത തിരിച്ചറിഞ്ഞ് ഭരിക്കുന്നവനത്രെ യഥാര്‍ത്ഥ ഭരണാധികാരി. ബുദ്ധിരാക്ഷസനെന്ന് പേരു കേട്ട ചാണക്യന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ഇത് പ്രാവര്‍ത്തികമാക്കി. പെണ്‍കൂട്ടായ്മയുടെ വിജയഗാഥയുമായി കുടുംബശ്രീ പോലുള്ള സംഘടനകള്‍ വളരുമ്പോള്‍ ചാണക്യനെ പറയാതിരിക്കാനാകില്ല.
ആരും അംഗീകരിക്കാനില്ലാതെ ഒറ്റപ്പെട്ടു പോയ ഒരു വിഭാഗം സ്ത്രീകള്‍ക്ക് ചാണക്യന് എന്ന മഹാമതി നല്കിയ പ്രതീക്ഷയും ഉണര്‍വും ഒരു പാട് വലുതായിരുന്നു. സ്വന്തം കാലില്‍ നിവര്‍ന്ന് നില്ക്കാന് ദുര്‍ബലര്‍ക്ക് കരുത്തേകുന്ന നയങ്ങളായിരുന്നു ചാണക്യന്റേത്. സ്വന്തമായി മേല്‍വിലാസമില്ലാതെ ഒറ്റപ്പെട്ടുപോയവര്‍, വിധവയും അനാഥരും രോഗികളുമടങ്ങുന്ന ചെറുകൂട്ടങ്ങള്‍. നിഷ്ക്രിയരായി സ്വയം ശപിച്ച് കഴിയുന്ന ഇവരെയും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ ഭാഗമാക്കുകയായിരുന്നു ചാണക്യന്. ചന്ദ്രഗുപ്തമൗര്യന്റെ ഉപദേഷ്ടാവും രാജഗുരുവുമായ ചാണക്യന്റെ രാഷ്ട്രതന്ത്രജ്ഞത വെളിപ്പെടുത്തുന്ന നീക്കങ്ങളില്‍ ഒന്ന്. ഫലമോ , ദാസിപ്പണിയില്‍ നിന്ന് വിരമിച്ച വൃദ്ധകള്‍, താരുണ്യവും ലാവണ്യവും നഷ്ടമായി തിരസ്കൃതരായ ദേവദാസികള്‍, വികലാംഗര്‍, പരസഹായമില്ലാത്ത കന്യകമാര്‍, വിധവകള്‍ ഇവരൊക്കെ സാമ്പത്തികമായി സ്വയം പര്യാപ്തരായി.
നൂറ്റാണ്ടുകള്‍ക്ക് മുമ്പാണ് അധികമാര്‍ക്കും അറിയാത്ത ഇത്തരത്തിലൊരു വിപ്ലവാത്മകമായ പരിവര്‍ത്തനത്തിന് ചാണക്യന് ആഹ്വാനം നല്‍കിയത്. പുറത്തിറങ്ങാനും പൊതുസമൂഹത്തിന്റെ ഭാഗമാകാനും കഴിയാതെ പോയവര്‍, ജനവാസകേന്ദ്രങ്ങളില്‍ പ്രവേശനം പോലും നിഷേധിക്കപ്പെട്ട അബലകള്‍. ഇവര്‍ക്ക് ജീവനോപാധിക്ക് ചെറു കൈത്തൊഴിലുകള്‍. മടിച്ച് മാറിനില്‍ക്കുന്നവരെ സത്ക്കരിച്ചും സമ്മാനം നല്‍കിയും പ്രവൃത്തിപഥത്തിലെത്തിച്ചു ചാണക്യന്. ജാതിമേല്‍ക്കോയ്മയും അയിത്തവും രോഗവും അപമാനവും ഒറ്റപ്പെടുത്തിയവരെത്തേടി ചാണക്യന്റെ ദൂതന്മാരെത്തി. ഓരോരുത്തരുടെയും വിശ്വാസവും ആചാരവും അല്‍പ്പം പോലും വ്രണപ്പെടുത്താത്ത വിനിമയമാര്‍ഗ്ഗങ്ങള്‍. ചുരുക്കത്തില്‍ വിശ്വസ്തരായ ഇടനിലക്കാര്‍ വഴി എല്ലാവരും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ ഭാഗമായി.
തിരസ്കൃതരും അശരണീയരുമായ സ്ത്രീകള്‍ ഉള്‍പ്പെടുന്ന മേഖല. ചൂഷണത്തിന്റെ സാധ്യത മുന്‍കൂട്ടി കാണുകയായിരുന്നു ആചാര്യ ചാണക്യന്. ജോലി ചെയ്തവരും ചെയ്യിച്ചവരും ഒരിക്കലും പരസ്പരം കണ്ടില്ല. മുഖം വ്യക്തമാകാത്ത പുലരിവെട്ടത്തിലോ സന്ധ്യക്കോ നെയ്ത്തുനൂലും കൂലിയും കൈമാറും . ആര് നെയ്തു എന്നല്ല എത്ര നെയ്തു എന്നതനുസരിച്ച് വ്യക്തമായ വേതനം. ജോലി ചെയ്തിട്ടും വേതനം വൈകിപ്പിക്കുന്നതും ചെയ്യാത്ത ജോലിക്ക് വേതനം പറ്റുന്നതും നീതിശാസ്ത്രവിശാരദനായ ചാണക്യന് ഒരിക്കലും പൊറുത്തില്ല. വേതനം കൈപ്പറ്റിയിട്ടും ജോലി തീര്‍ക്കാത്തവര്‍ക്ക് കഠിന ശിക്ഷ. എന്നാല്‍ പ്രവൃത്തിയില്‍ നിപുണത കാട്ടുന്നവര്‍ക്ക് സ്ഥിരം ജോലിയും പാരിതോഷികങ്ങളും. മുതലാളിയും തൊഴിലാളിയുമില്ല. അധ്വാനഫലത്തിന് ഉചിതമായ പ്രതിഫലം. ഇതിനിടയില്‍ സ്ത്രീകളോട് അപമര്യാദയായി ആരെങ്കിലും പെരുമാറുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ പ്രത്യേകസംഘം വേറെയും.
ചുരുക്കത്തില്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ നില നിന്നിരുന്ന വിപ്ലാവാത്മകമായ ഒരു ചെറു നയത്തിന്റെ ബാക്കി പത്രമാണ് കുടുംബശ്രീ പോലുള്ളവയെന്നോര്‍ക്കണം. ചാണക്യന് പ്രാവര്‍ത്തികമാക്കിയത് മാറിയ കാലത്തിന്റെ സ്വാതന്ത്ര്യത്തില്‍ പുതിയ കൂട്ടായ്മയില്‍ കൂടുതല്‍ മെച്ചപ്പെടുത്തുകയേ വേണ്ടൂ. സ്ത്രീ ശാക്തീകരണത്തിനായി പാടുപെടുന്നവര്‍ക്ക് ചാണക്യനെ വായിക്കാം. നേതൃനിപുണതയും തൊഴില്‍ സാധ്യതയും മാനവശക്തിയും എങ്ങനെ കൂട്ടിക്കലര്‍ത്താമെന്ന് വിശകലനം ചെയ്യാം. വിലക്കുകളൊന്നുമില്ലാത്ത ആഗോള വിപണിയുടെ അനന്തസാധ്യതയില്‍ ചാണക്യന്റെ നയങ്ങളില്‍ അല്‍പ്പം മാറ്റം വരുത്തി ചിന്തിച്ച് പ്രവര്‍ത്തിച്ചാല്‍ സംഭവിക്കുന്ന അത്ഭുതങ്ങള്‍ കണ്ട് നാം അമ്പരന്നേക്കും.
രതി.എ. കുറുപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: