ഒരുരാത്രി മുഴുവന്‍ കത്തിമുനയില്‍ കഴിയേണ്ടിവരികയും ഒടുവില്‍ ജീവന് രക്ഷിക്കാന്‍ രാജ്യം തന്നെ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വരികയും ചെയ്ത ശ്രീലങ്കന്‍ പത്രാധിപ മന്ദന ഇസ്മാഈലാണ് ഈയാഴ്ച്ച വാര്‍ത്തയില്‍ നിറഞ്ഞ സ്ത്രീ. സര്‍ക്കാരിനെതിരെ വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്നായിരുന്നു ‘സണ്‍ഡേ ലീഡര്‍’ പത്രത്തിെന്റ കോഎഡിറ്റര് മന്ദന ഇസ്മാഈലിന് ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം രാജ്യം വിടേണ്ടി വന്നത്.
കഴിഞ്ഞ മാസമാണ് മന്ദനയുടെ വീട്ടില്‍ അതിക്രമിച്ചുകയറിയ അഞ്ചംഗ സംഘം ഒരു രാത്രി മുഴുവന്‍ അവരെ കത്തിമുനയില്‍ നിര്‍ത്തിയത്. വധഭീഷണി മുഴക്കിയ സംഘം ഇവരുടെ കയ്യിലുണ്ടായിരുന്ന ചില സുപ്രധാന രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തു. സര്‍ക്കാരിന്റെ ചില ഭൂമിയിടപാടുകളെക്കുറിച്ച് അന്വേഷണം നടത്തിയതിന്റെ പേരിലാണ് മന്ദനക്കും കുടുംബത്തിനും വടക്കന്‍ അമേരിക്കയിലേക്ക് അഭയാര്‍ത്ഥിയായി ഓടിപ്പോകേണ്ടി വന്നത്.
സ്വന്തമായി നിലപാടുകളും വ്യക്തിത്വവുമുള്ള ഒരു മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ മന്ദന പലരുടേയും കണ്ണിലെ കരടായിരുന്നു. തനിക്കെതിരെ വധഭീഷണിയുയര്ന്നപ്പോഴും നിലപാടില്‍ വിട്ടുവീഴ്ചക്ക് തയ്യാറാകാതെ ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം വാസസ്ഥാനം മാറ്റി കഴിയുകയായിരുന്നു ഈ വനിതാപത്രാധിപ. മന്ദനയെ രാത്രിയില്‍ ഭീഷണിപ്പെടുത്താനെത്തിയ സംഘത്തില്‍ രണ്ട് പേര് സൈനികോദ്യോഗസ്ഥരാണെന്ന് ശ്രീലങ്കന്‍ സൈന്യം ആദ്യം സമ്മതിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന് അക്രമത്തില്‍ പങ്കില്ലെന്നാണ് അധികൃതരുടെ വാദം. മന്ദനയുടെ വസതിയില്‍ നടന്നത് കവര്ച്ചാശ്രമമാണെന്നും ഒരു മാധ്യമപ്രവര്‍ത്തക എന്ന നിലയിലല്ല അവര്‍ ആക്രമിക്കപ്പെട്ടതെന്നുമാണ് പോലീസ് നല്കുന്ന വിശദീകരണം.
മാധ്യമപ്രവര്‍ത്തകരുടെ ട്രേഡ് യൂണിയന്റെ നേതാവ് കൂടിയായിരുന്നു മന്ദന. ഭര്‍ത്താവും മാധ്യമപ്രവര്ത്തകന്. മാധ്യമങ്ങള്‍ക്കെതിരെയുള്ള രജപക്സെ സര്‍ക്കാരിന്റെ ഇരകളിലൊരാളാണ് മന്ദനയെന്ന് മാധ്യമാവകാശ സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു. മന്ദന ജോലി ചെയ്യുന്ന സണ്‍ഡേ ലീഡറിന്റെ മുന്‍ പത്രാധിപര്‍ നാല് വര്‍ഷം മുമ്പ് വെടിയേറ്റ് മരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മറ്റൊരു എഡിറ്റര്‍ക്കും രാജ്യം വിടേണ്ടി വന്നിട്ടുണ്ട്. കഴിഞ്ഞ മാസം 24ന് മണ്ടനയുടെ വസതിയില്‍ അതിക്രമിച്ചു കയറിയ അക്രമികള്‍ അവരെ മാത്രമല്ല പത്തു വയസുള്ള കുട്ടിയേയും വൃദ്ധരായ മാതാപിതാക്കളേയും മണിക്കൂറുകളോളം കത്തിമുനയില്‍ നിര്‍ത്തുകയായിരുന്നു.
ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രജപക്സെയുടെ പല നടപടികളും മാധ്യമങ്ങള്ക്കെതിരാണെന്നാണ് ഫ്രീ മീഡിയ മൂവ്മെന്റ് പോലുള്ള സംഘടനകള്‍ പറയുന്നത്. സര്‍ക്കാരിനെതിരെ നിലപാടുകളെടുക്കുന്ന പത്രപ്രവര്‍ത്തകര്‍ക്ക് രാജ്യം ഉപേക്ഷിക്കേണ്ടി വരുന്ന സാഹചര്യമാണെന്നും 2005 ന് ശേഷം ഇതുവരെ എണ്‍പതോളം മാധ്യമപ്രവര്‍ത്തകര്‍ നാടുകടത്തപ്പെട്ടതായും ഫീ മീഡിയ മൂവ്മെന്റ് ചൂണ്ടിക്കാണിക്കുന്നു. 2006 മുതലുള്ള കണക്കനുസരിച്ച് 15 മാധ്യമപ്രവര്‍ത്തകരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്. എന്തായാലും സര്‍ക്കാരിനെയോ അക്രമികളെയോ പേടിച്ച് എന്നത്തേക്കും മാറി നില്ക്കാന് താന്‍ തയ്യാറല്ലെന്നും കുറച്ചുമാസങ്ങള്‍ കഴിയുമ്പോള്‍ തിരികെയെത്തുമെന്നും മന്ദന പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: