നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളകമ്പനിയുടെ 19-ാമത് വാര്‍ഷിക പൊതുയോഗം 27ന് നടക്കും. കലൂര്‍ എം.ജെ. ഹാളില്‍ രാവിലെ 11ന് നടക്കുന്ന വാര്‍ഷിക പൊതുയോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അദ്ധ്യക്ഷത വഹിക്കും. ഡയറക്ടര്‍മാരായ ധനകാര്യവകുപ്പു മന്ത്രി കെ. എം. മാണി, വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലികുട്ടി, എക്സൈസ് മന്ത്രി കെ. ബാബു, അഡീഷണല്‍ ഡയറക്ടര്‍ ചീഫ് സെക്രട്ടറി ഇ. കെ. ഭരത്ഭൂഷണ്, എന്നിവര്‍ പങ്കെടുക്കും.
ഡയറക്ടര്‍ ബോര്‍ഡ് അംഗത്വത്തിന്റെ കാലാവധി കഴിഞ്ഞ എം. എ. യുസഫലി, ഡോ. പി. മുഹമ്മദാലി, സി. വി. ജേക്കബ് എന്നിവരുടെ പുനര്‍ നിയമനം ഈ വാര്‍ഷിക പൊതുയോഗത്തില്‍ ഉണ്ടാകും. കൂടാതെ അഡീഷണല്‍ ഡയറക്ടറായ ഇ. കെ. ഭരത് ഭൂഷണനെ ഡയറക്ടര്‍ സ്ഥാനത്തേയ്ക്ക് ഉയര്‍ത്തുക, അവകാശ ഓഹരി നിര്‍ദ്ദേശം അംഗീകരിക്കുക, ഓഡിറ്ററെ നിയമിച്ച് പ്രതിഫലം നിശ്ചയിക്കുക, ഡിവിഡന്റ് പ്രഖ്യാപനം നടത്തുക, 2013 മാര്‍ച്ച് 31 വരെയുള്ള ബാലന്‍സ് ഷീറ്റ്, ഓഡിറ്റ് റിപ്പോര്‍ട്ട് എന്നിവ അംഗീകരിക്കുക എന്നിവയാണ് പ്രധാന അജണ്ട.
കഴിഞ്ഞ ഡയറക്ടര്‍ ബോര്‍ഡിന്റെ കാലത്ത് നടന്ന അനധികൃത നിയമനങ്ങളില്‍ പൂര്‍ണ്ണമായും നടപടി സ്വീകരിക്കാതിരുന്നത് ഈ വാര്‍ഷിക പൊതുയോഗം പ്രഷുബ്ധമാകുവാന് സാധ്യതയുണ്ട്. വ്യോമയാനേതര വരുമാനങ്ങളെക്കുറിച്ചും പുതിയ ടെര്‍മിനലിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളെക്കുറിച്ചും വാര്‍ഷിക പൊതുയോഗത്തില്‍ ചര്‍ച്ച ചെയ്യുവാന്‍ സാധ്യതയുണ്ട്.
ഓഹരി ഉടമകള്‍ക്ക് 17 ശതമാനം ഡിവിഡന്റാണ് ഡയറക്ടര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇതുവരെ നല്‍കിയിട്ടുള്ള ഡിവിഡന്റുകളില്‍ ഏറ്റവും കൂടിയ നിരക്കാണ് ഇത്. നിലവിലുള്ള ഓഹരി ഉടമകള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി 10 രൂപ മുഖവിലയ്ക്ക് പരമാവധി 2000 ഓഹരി വരെ അവകാശ ഓഹരിയായി നല്‍കാനാണ് വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഡയറക്ടര്‍ ബോര്‍ഡ് വ്യക്തമാക്കിയിട്ടുള്ളത്. ഒരു ഓഹരിയ്ക്ക് ഒന്ന് എന്ന അനുപാതത്തിലായിരിക്കും അവകാശ ഓഹരി നല്‍കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 11.08 ശതമാനം വളര്‍ച്ചയുണ്ട്. 306.5 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൊത്തം വരുമാനം. 111.41 കോടി രൂപയാണ് അറ്റാദായം. 2011-12 സാമ്പത്തിക വര്‍ഷത്തില്‍ 102.03 കോടി രൂപയായിരുന്നു അറ്റാദായം. 1,76,594 എണ്ണം യാത്രക്കാരുടെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.
കേരളത്തിന്റെ മദ്ധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ റിക്കാരര്ഡ് വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഫ്ലൈറ്റുകളും എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 397 ഫ്ലൈറ്റുകളാണ് അധികമായി സര്‍വ്വീസ് നടത്തിയിട്ടുള്ളത്. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ ഇന്ത്യയില്‍ 4-ാം സ്ഥാനവും മൊത്തം യാത്രക്കാരുടെ എണ്ണത്തില്‍ 7-ാം സ്ഥാനവുമാണ് ഇപ്പോള്‍ കൊച്ചി വിമാനത്താവളത്തിന് ഉള്ളത്. പുതിയ ടെര്‍മിനല്‍ വരുന്നതോടെ ചൈന, ജപ്പാന് തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലേക്കും യൂറോപ്പ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും പുതിയ സര്‍വ്വീസ് ആരംഭിച്ചാല്‍ കൂടുതല്‍ യാത്രക്കാര്‍ കൊച്ചി വിമാനത്താവളം വഴി യാത്ര ചെയ്യുവാന്‍ സാദ്ധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: