കല്പറ്റ: പെണ്‍കുട്ടികള്‍ക്ക് ബ്ലൂഫിലിം സീഡി നല്‍കിയെന്നാരോപിച്ച് വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചസംഭവത്തില്‍ ചൈല്ഡ്ലൈന് അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ മൊഴിയെടുത്തു. വെള്ളാരമല സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയെയും ഇതേ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെയുമാണ് ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചത്
സീഡിയുടെ ഉറവിടം കണ്ടെത്തുന്നതിനോ കൈവശം വച്ചയാള്‍ക്കെതിരെ അന്വേഷണം നടത്തുന്നതിനോ പോലീസ് തയാറായിട്ടില്ല. പോലീസ് സ്റ്റേഷനില്‍ എത്തിച്ച വിദ്യാര്‍ഥികളെ രാത്രി മുഴുവന്‍ സ്റ്റേഷനില്‍ നിര്‍ത്തുകയും അടുത്ത ദിവസം സ്കൂളില്‍ നിന്നും ടിസി വാങ്ങിവന്നാല്‍ പറഞ്ഞയക്കാമെന്നും എസ്ഐ പറഞ്ഞു. പിന്നീട് ഒരുകുട്ടിയുടെ ടിസി ലഭിച്ച ശേഷമാണ് ഇവരെ വിട്ടയച്ചത്.
കുട്ടികള്‍ക്ക് മര്‍ദ്ദനം ഏറ്റിട്ടും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനും പോലീസ് തയാറായില്ല. അടുത്ത ദിവസം വീട്ടിലെത്തിയ കുട്ടിയുടെ കാഴ്ച മങ്ങുകയും ശരീരത്തില്‍ നീര് കാണപ്പെടുകയും ചെയ്തു. തുടര്‍ന്ന് കല്പറ്റയിലെ സ്വകാര്യ കണ്ണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടുത്തെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം രണ്ടു കുട്ടികളും ഇപ്പോള്‍ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
സ്കൂളില്‍ അതിക്രമിച്ച് കയറി വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദ്ദിച്ചവര്‍ക്കെതിരെയും മര്‍ദ്ദനം കണ്ടുനിന്ന ഹെഡ്മാസ്റ്റര്ക്കെതിരെയും രണ്ട് അധ്യാപകര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നും. വിദ്യാര്‍ഥികള്‍ക്ക് നീലച്ചിത്ര സിഡി നല്‍കിയവര്‍ക്കെതിരെയും നടപടി വേണമെന്നും നീലച്ചിത്ര സീഡിയുടെ ഉറവിടം കണ്ടെത്തണമെന്നും കുട്ടികളുടെ രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: