കൊച്ചി: ഇന്ത്യയുടെ പ്രധാനമന്ത്രിയായി ത്തീരട്ടെയെന്ന് നരേന്ദ്ര മോദിക്ക് ജസ്റ്റീസ് (റിട്ട.) വി.ആര്.കൃഷ്ണയ്യരുടെ പിറന്നാള്‍ ആശംസ. പിറന്നാള്‍ ദിനത്തില്‍ വി.ആര്.കെ നല്കിയ തുറന്ന ആശംസാ സന്ദേശത്തിന്റെ പൂര്‍ണ രൂപമിങ്ങനെ:- ” ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ ആ പാര്‍ട്ടി പ്രഖ്യാപിച്ചതായി മാധ്യമങ്ങളിലൂടെ ഞാനറിഞ്ഞു. ഒരു സ്വതന്ത്ര മനസ്കനായ ഞാന്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയം കണക്കിലെടുക്കാതെ, അദ്ദേഹത്തിന് ദേശീയ ബോധത്തിന്റെയും വിശാല വീക്ഷണത്തിന്റെ മഹാമനസ്കതയും ഗുണാത്മകതകളുണ്ടെന്ന് എനിക്കു ബോധ്യമുള്ളതിനാല്‍, അദ്ദേഹത്തിന് എല്ലാ വിജയവും ആശംസിക്കുന്നു.
ഇന്ത്യക്ക് ആണവോര്‍ജ്ജം വേണ്ടെന്ന കാഴ്ചപ്പാടുതന്നെയാണ് എനിക്കും. ‘ആണവോര്‍ജ്ജം വേണ്ടേവേണ്ട, സൗരോര്‍ജ്ജം ആവോളം’ എന്നാണ് എന്റെ നയം. മാധ്യമങ്ങള്‍ പറയുന്നതു പ്രകാരം, സുനാമിയുടെയും ഭൂകമ്പങ്ങളുടെയും ഇരയായ ജപ്പാന്, ആണവ ഭീഷണിയെ തുടര്‍ന്ന് അവരുടെ അവസാന ആണവോര്‍ജ്ജ പ്ലാന്റും നിര്‍ത്താന്‍ തീരുമാനിച്ചു. നരേന്ദ്രമോദി സൗരോര്‍ജ്ജത്തിനു വേണ്ടി നിലകൊള്ളുന്നു. ഗുജറാത്തില്‍ മോദി ചെയ്തതുപോലെ ഇത്രയും വ്യാപകമായും വിജയകരമായും മറ്റൊരു സംസ്ഥാനവും സൗരോര്‍ജ്ജം ഉല്‍പ്പാദിപ്പിച്ചിട്ടില്ല. മഹാത്മാഗാന്ധിയും ഇന്ത്യന്‍ ഭരണഘടനയും ഇന്ത്യന്‍ ജനതയെ ബഹുവിധത്തില്‍ നശിപ്പിക്കുന്ന തിന്മയും വിനാശവുമായ മദ്യത്തിനെതിരാണ്. മദ്യ നിരോധനം പ്രാബല്യത്തില്‍ നടപ്പാക്കിയ ഒരേയൊരു ഇന്ത്യന്‍ സംസ്ഥാനം നരേന്ദ്ര മോദിയുടെ ഗുജറാത്ത് മാത്രമാണ്. എനിക്കു കിട്ടിയ വിവരങ്ങള്‍ പ്രകാരം, അഴിമതി ഗുജറാത്തില്‍നിന്ന് നിര്‍മാര്‍ജ്ജനം ചെയ്യപ്പെട്ടിരിക്കുന്നു. ആകെ നോക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഭരണ പാടവം ദേശീയ പിന്തുണ അര്‍ഹിക്കുന്നു, അതുകൊണ്ട് ദാരിദ്ര്യം ഇല്ലാതാക്കുന്ന, മഹത്തായ സ്വരാജ് തത്വങ്ങള്‍ നടപ്പാക്കാന്‍ കഴിയുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയാകുകയെന്ന അപൂര്‍വ അവസരം അദ്ദേഹത്തിനുണ്ടാകട്ടെ എന്നു ഞാന്‍ ആഗ്രഹിക്കുന്നു.
ഞാന്‍ വിശ്വാസം കൊണ്ട് ഒരു സോഷ്യലിസ്റ്റാണ്, അദ്ദേഹവും ഒരു സോഷ്യലിസ്റ്റാണെന്നും, മാനവികതയുടെയും ഭാരതീയ സാഹോദര്യത്തിന്റെയും നീതിയുടെയും സാമൂഹ്യതയുടെയും ഗാന്ധിജിയുടെ സാമ്പത്തിക-രാഷ്ട്രീയ ധാര്‍മ്മികതയുടെയും വക്താവാണെന്നും വിശ്വസിച്ചുകൊണ്ട് മോദിയെ ഞാന്‍ പിന്തുണക്കുന്നു.
മഹാനും വിശിഷ്ടനുമായ, നരേന്ദ്രമോദീ, വിശ്രുതമായ ജന്മദിനത്തില് അങ്ങേക്ക് സമൃദ്ധമായ ആശംസകള്‍, എവറസ്റ്റിനോളം അഭിനന്ദനങ്ങള്‍! ഇത് ഒരു പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള ശുഭാരംഭമാകട്ടെ, ഒപ്പം ഇന്ത്യന്‍ ജനതക്ക് മഹാനായ പ്രധാനമന്ത്രിയെ ലഭിക്കാനിടവരട്ടെ.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: