കൊച്ചി: കൊച്ചി മെട്രോയുടെ എംജി റോഡിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് ആരംഭിക്കും. ചെന്നൈ സില്‍ക്സിനു മുന്നിലാവും എംജി റോഡിലെ ആദ്യപെയിലിംഗ് നടക്കുകയെന്ന് കരാറുകാരായ സോമ കണ്‍സ്ട്രക്ഷന്‍സ് അറിയിച്ചു. വ്യാപാരികളുടെ ആവശ്യം പരിഗണിച്ചാണ് ഇവിടത്തെ നിര്‍മാണം ഓണം കഴിയുംവരെ നീട്ടിയത്. നേരത്തെ കളക്ടര്‍ വിളിച്ചു ചേര്ത്തയോഗത്തിലെ തീരുമാനം അനുസരിച്ചുതന്നെ ജോലികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.എറണാകുളം നോര്‍ത്ത് മുതല്‍ കച്ചേരിപ്പടി വരെയുള്ള കൊച്ചി മെട്രോയുടെ മൂന്നാമത്തെ റീച്ചിലെ പെയിലിംഗ് ജോലികള്‍ക്ക് ഈ ആഴ്ചയില്‍ കൂടുതല്‍ വേഗം കൈവരും.കരാറുകാരും തൊഴിലാളി സംഘടനകളും തമ്മിലുള്ള എല്ലാ പ്രശ്നങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കാനായത് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
മൂന്നാമത്തെ റീച്ചിലെ കലൂര്‍ സ്റ്റേഷന്റെ പെയിലിംഗും ഈ ആഴ്ച തന്നെ നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കരാറുകാര്‍. ഇവിടെ പെയിലിംഗിനായുള്ള എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയാക്കിയിരുന്നെങ്കിലും ഓണം കഴിഞ്ഞ് മതിയെന്ന പോലീസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നീട്ടുകയായിരുന്നു. എന്നാല്‍ ബാനര്‍ജി റോഡിലെ പെയിലിംഗ് ആരംഭിക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. റോഡിന്റെ ഇരുവശവും വീതി കൂട്ടിയശേഷം മതി പെയിലിംഗിനായി ബാരിക്കേഡ് നിര്‍മിക്കാനെന്ന പോലീസിന്റെ നിര്‍ദ്ദേശമാണ് ഇവിടത്തെ നിര്‍മാണം നീട്ടിക്കൊണ്ട് പോകുന്നത്.ബാനര്‍ജി റോഡിലെ വടക്ക് ഭാഗത്തെ വീതി കൂട്ടല്‍ ജോലികള്‍ അടുത്ത മാസം പകുതിയോടെ മാത്രമേ പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളു. ഇവിടത്തെ കാന പുനര്‍ നിര്‍മാണം അടക്കമുള്ള ജോലികള്‍ പുരോഗമിക്കുകയാണ്. തെക്കു ഭാഗത്ത് ഭൂമി ഏറ്റെടുക്കല്‍ ജോലി പൂര്‍ത്തിയാക്കിയെങ്കിലും ഇവിടത്തെ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കിയിട്ടില്ല. അതിനു ശേഷം മാത്രമേ ഈ ഭാഗത്തെ റോഡ് വീതി കൂട്ടല്‍ ജോലികള്‍ ആരംഭിക്കാന്‍ കഴിയുകയുള്ളു. ഇരുഭാഗത്തേയും വീതി കൂട്ടല്‍ ജോലി പൂര്‍ത്തിയാക്കിയെങ്കില്‍ മാത്രമേ റോഡിന്റെ മധ്യഭാഗത്ത് എട്ട് മീറ്റര്‍ വീതിയില്‍ ബാരിക്കേഡ് ചെയ്ത് ഒരു വരി ഗതഗതം ഉറപ്പാക്കാന്‍ സാധിക്കുകയുള്ളു.ബാനര്‍ജി റോഡിലെ പെയിലിംഗ് ജോലികള്‍ ആദ്യം ആരംഭിക്കാന്‍ സാധിക്കുമെന്ന കണക്കു കൂട്ടലില്‍ സോമ അധികൃതര്‍ കച്ചേരിപ്പടിയിലെ ആയൂര്‍വേദ ആശുപത്രിക്ക് സമീപത്ത് റിംഗ് അടക്കമുള്ള എല്ലാ സംവിധാനങ്ങളും തയാറാക്കി നിര്‍ത്തിയിട്ട് മാസങ്ങള്‍ പിന്നിടുകയാണ്. മൂന്നാമത്തെ റീച്ചിലെ നിര്‍മാണത്തിനായി നാല് ഋഗുകള്‍ ഇതിനകം തന്നെ എത്തിയിട്ടുണ്ട് ഇതില്‍ ഒരെണ്ണം ഒഴികെ ബാക്കിയൊക്കെ നാളുകളായി വെറുതെ ഇരിക്കുകയാണ്.
രണ്ടു റിംഗുകള്‍ കൂടി ഈ ആഴ്ചയില്‍ എത്തും. നിലവില്‍ മണപ്പാട്ടിപ്പറമ്പിനു സമീപത്തെ നിര്‍മാണത്തനായി ഒരു റിംഗ് മാത്രമാണ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നത്.അതേസമയം ഓണാഘോഷത്തോട് അനുബന്ധിച്ച് വിവിധ റീച്ചുകളിലായി നടക്കുന്ന നിര്‍മാണം മെല്ലെ ആയിട്ടുണ്ട്. പ്രാദേശിക തൊഴിലാളികള്‍ നിര്‍മാണത്തില്‍ സജീവമല്ല. അന്യ സംസ്ഥാന തൊഴിലാളികളെ വച്ചുകൊണ്ട് ചെറിയ ജോലികള്‍ മാത്രമാണ് നടക്കുകന്നത്. ഇക്കാരൃവും ഈ ദിവസങ്ങളില്‍ പരിഹാരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: