കണ്ണൂര്‍: അതീവ ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുന്‍ മന്ത്രിയും മെഡിക്കല്‍ കോളേജ് ആശുപത്രി മുന്‍ ചെയര്‍മാനുമായ എം.വി.രാഘവന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടായിട്ടുണ്ടെന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ.എം.കെ.ബാലചന്ദ്രന് അറിയിച്ചു. എങ്കിലും ആരോഗ്യനില തൃപ്തികരമായിട്ടില്ല. കണ്ണുകള്‍ തുറക്കുകയും അടുത്ത ബന്ധുക്കളെ തിരിച്ചറിയുകയും ചെയ്തു.
പ്രമേഹവും രക്തസമ്മര്‍ദ്ദവും നിയന്ത്രണവിധേയമായിട്ടുണ്ട്. എന്നാല്‍ സംസാരശേഷി ഇതുവരെ വീണ്ടെടുത്തിട്ടില്ല. കടുത്ത ന്യുമോണിയബാധ കാരണം ശ്വാസകോശത്തിന്റെ പ്രവര്‍ത്തനവും തൃപ്തികരമായിട്ടില്ല. വൃക്കകളുടെ പ്രവര്‍ത്തനത്തേയും അസുഖം സാരമായി ബാധിച്ചിട്ടുണ്ട്. നേരിയ തോതിലുള്ള ഹൃദയാഘാതവും സംഭവിച്ചിരുന്നു. ആമാശയത്തിലേക്ക് രക്തസ്രാവം ഉണ്ടായതിന്റെ ലക്ഷണങ്ങളുമുണ്ട്. മരുന്നുകളോട് നേരിയതോതില്‍ മാത്രമാണ് പ്രതികരിക്കുന്നതെന്നും അടുത്ത 48 മണിക്കൂര്‍ സമയം നിര്‍ണായകമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
പാര്ക്കിന്സണ് രോഗബാധിതനായി ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ മസ്തിഷ്ക്കത്തിന്റെ പ്രവര്‍ത്തനം മന്ദീഭവിച്ച നിലയിലായിരുന്നെന്നും വിദഗധ ഡോക്ടര്‍സംഘം മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചു. മെഡിക്കല്‍ സൂപ്രണ്ടിനു പുറമേ ഡോ.എസ്.എം.അഷ്റഫ് (ഇന്റര്‍ വെന്ഷണല് കാര്‍ഡിയോളജിസ്റ്റ്), ഡോ.കെ.സുധീപ് (ജനറല്‍ മെഡിസിന്), ഡോ.കെ.ജി സാബു (ഗ്യാസ്ട്രോ മെഡിസിന്), ഡോ.ഡി.കെ മനോജ് (നെഞ്ചുരോഗ വിഭാഗം), ഡോ.സി.ജയകൃഷ്ണന് (ന്യൂറോ മെഡിസിന്) എന്നിവരടങ്ങിയ വിദഗ്ദ ഡോക്ടര്‍മാരുടെ സംഘമാണ് എം.വി.രാഘവനെ ചികിത്സിക്കുന്നത്.
ഇദ്ദേഹത്തിന്റെ രോഗം സംബന്ധിച്ച് കൂടുതല്‍ പരിശോധനക്കായി സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരത്തു നിന്നും മെഡിക്കല്‍ സംഘം കണ്ണൂരിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: