കല്പറ്റ: നാട്ടിലിറങ്ങുന്ന വന്യജീവികളെ സുരക്ഷിതമായി വനത്തിലേക്ക് തുരത്തുന്നതിനുള്ള വനം വകുപ്പിന്റെ റാപിഡ് റെസ്പോണ്‍സ് ടീം മാനന്തവാടിയിലും രൂപീകരിക്കുന്നു. മാനന്തവാടി താലൂക്കിലെ വനാതിര്‍ത്തി ഗ്രാമങ്ങളില്‍ കാട്ടാനകളടക്കം വന്യജീവികള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങുന്നത് പതിവായ സാഹചര്യത്തിലാണിത്.
വയനാട്ടിലെ ബത്തേരിയില്‍ റാപിഡ് റെസ്പോണ്‍സ് ടീം നിലവിലുണ്ട്. ജില്ലയില്‍ അനുവദിച്ച രണ്ടാമത്തെ യൂണിറ്റാണ് മാനന്തവാടിയിലേത്. തോക്ക് ഉള്‍പ്പെടെ ആയുധങ്ങളും ടീം അംഗങ്ങളുടെ സുരക്ഷയ്ക്കുള്ള ഉപകരണങ്ങളും ലഭ്യമാകുന്ന മുറയ്ക്ക് മാനന്തവാടിയിലും ടീം പ്രവര്‍ത്തനസജ്ജമാകും. വരയാല്‍ ഫോറസ്റ്റ് ഡപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ ജഗന്നാഥന് മാനന്തവാടി റാപിഡ് റെസ്പോണ്‍സ് ടീമിന്റെ താത്കാലിക ചുമതല നല്‍കിയിട്ടുണ്ട്.
ഡപ്യൂട്ടി റെയ്ഞ്ച് ഓഫീസറും മൂന്നു വീതം ഫോറസ്റ്റര്‍മാരും ഗാര്‍ഡുമാരും രണ്ട് താത്കാലിക വാച്ചര്‍മാരും ഉള്‍പ്പെടുന്നതാണ് റാപിഡ് റെസ്പോണ്‍സ് ടീം. സംസ്ഥാനത്ത് വയനാടിനു പുറമേ കണ്ണൂര്‍, കോഴിക്കോട്, നിലമ്പൂര്‍, പാലക്കാട്, മണ്ണാര്‍ക്കാട്, റാന്നി, പേപ്പാറ എന്നിവിടങ്ങളിലും ടീം പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: