കാര്‍ഡിഫ്: ഓസ്ട്രേലിയക്കെതിരായ നാലാം ഏകദിന മത്സരത്തില്‍ ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് ജയം. ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 48.2 ഓവറില്‍ 227 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് 49.3 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറകടന്നു.ജോസ് ബട്ലറിന്റെ പ്രകടനമായിരുന്നു ഇംഗ്ലണ്ടിനെ ലക്ഷ്യം കടത്തിയത്.
തകര്‍ച്ചയോടെയായിരുന്നു ഓസ്ട്രേലിയയുടെ തുടക്കം. 11 റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തിയ ഇംഗ്ലണ്ട് കംഗാരുക്കളെ പ്രതിരോധത്തിലാക്കി. റണ്ണൊന്നുമെടുക്കാതെ ആരോണ്‍ ഫിഞ്ചും വാട്സണുമാണ് (6) തുടക്കത്തില്‍തന്നെ പുറത്തായത്. തുടര്‍ന്ന് ഷോണ്‍ മാര്‍ഷും മൈക്കല്‍ ക്ലാര്‍ക്കും ചേര്‍ന്ന് ഓസ്ട്രേലിയയെ മുന്നോട്ട് നയിച്ചു. എന്നാല്‍ സ്കോര്‍ 51-ല്‍ എത്തിയപ്പോള്‍ ഈ കൂട്ടുകെട്ടിനെയും ഇംഗ്ലണ്ട് പിരിച്ചു. 25 റണ്‍സെടുത്ത മാര്‍ഷിനെ സ്റ്റോക്ക്സ് ബട്ട്ലറുടെ കൈകളിലെത്തിച്ചു. ക്ലാര്‍ക്കിനും ഏറെനേരം പിടിച്ചുനില്‍ക്കാനായില്ല. ആറ് റണ്‍സുകൂടി കൂട്ടിച്ചേക്കുമ്പോഴേക്കും ഫിന്നിന്റെ പന്തില്‍ ഓസീസ് നായകന്‍ എല്‍ബിയില്‍ കുടുങ്ങി. ഇതോടെ ഓസ്ട്രേലിയ നാലു വിക്കറ്റിന് 57 റണ്‍സ് എന്ന നിലയിലായി. 22 റണ്‍സ് മാത്രമാണ് ക്ലാര്‍ക്കിന് നേടാനായത്.
ജോര്‍ജ് ബെയ്‌ലിയും ആദം വോഗസും തമ്മിലുള്ള കൂട്ടുകെട്ടാണ് ഓസ്ട്രേലിയയെ കരകയറ്റിയത്. നിര്‍ണായകഘട്ടത്തില്‍ ഇരുവരും ചേര്‍ന്ന് 67 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഇംഗ്ലണ്ടിന്റെ ഭീഷണി താല്‍ക്കാലികമായി ഈ കൂട്ടുകെട്ട് ചെറുത്തുനിന്നു. സ്കോര്‍ 124ല്‍ എത്തിയപ്പോള്‍ രവി ബൊപ്പാര ഇംഗ്ലണ്ടിന് ബ്രേക്ക്ത്രൂ നല്‍കി. 30 റണ്‍സെടുത്ത വോഗസിനെ ബൊപ്പാര ക്ലീന്‍ ബൗള്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് മാത്യു വെയ്ഡ് ബെയ്‌ലിക്ക് മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് സ്കോര്‍ 200 കടത്തി. സ്കോര്‍ 209 ല്‍ എത്തിയപ്പോഴാണ് ഇംഗ്ലണ്ടിന് ഈ സഖ്യത്തെ പിരിക്കാന്‍ കഴിഞ്ഞത്. 36 റണ്‍സെടുത്ത വെയ്ഡിനെ ട്രെഡ്‌വെല്‍ ആണ് പുറത്താക്കിയത്. ബെയ്‌ലി 91 പന്തില്‍നിന്നും അഞ്ച് ബൗണ്ടറികളുടെയും മൂന്ന് സിക്സറിന്റെയും കരുത്തില്‍ 87 റണ്‍സെടുത്തു. രാംകിനാണ് ബെയ്‌ലിയുടെ ഇന്നിംഗ്സ് അവസാനിപ്പിച്ചത്. ബാക്കിയാര്‍ക്കും ക്രീസില്‍ പിടിച്ചുനില്‍ക്കാന്‍പോലും കഴിഞ്ഞില്ല. ഇംഗ്ലണ്ടിനുവേണ്ടി ട്രെഡ്‌വെല്‍ മൂന്നും ഫിന്‍, രാംകിന്‍ എന്നിവര്‍ രണ്ടും വിക്കറ്റുകള്‍ വീതം വീഴ്‌ത്തി.
മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന്റെ തുടക്കം വന്‍ തകര്‍ച്ചയോടെയായിരുന്നു. സ്കോര്‍ 8ല്‍ എത്തിയപ്പോള്‍ മൂന്ന് വിക്കറ്റുകളാണ് തുടരെ ഇംഗ്ലണ്ടിന് നഷ്ടമായത്. ക്ലിന്റ് മക്കെയുടെ ഹാട്രിക് പ്രകടനത്തിന്റെ മുന്നില്‍ മുട്ടുകുത്തിയത് പീറ്റേഴ്സണ്‍, ട്രോട്ട്, റൂട്ട് എന്നിവരാണ്. എന്നാല്‍ മൈക്കല്‍ കാര്‍ബറിയും മോര്‍ഗനും ചേര്‍ന്ന് ഓസീസിന് കൈവന്ന മേധാവിത്വം ഇല്ലാതാക്കി. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 104 റണ്‍സിന്റെ ഉജ്ജ്വല കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. സ്കോര്‍ 112ല്‍ എത്തിയപ്പോള്‍ മോര്‍ഗനെ പുറത്താക്കിയാണ് കംഗാരുക്കള്‍ ഈ കൂട്ടുകെട്ടിനെ പിരിച്ചത്. 53 റണ്‍സെടുത്ത മോര്‍ഗനെ വാട്സണ്‍ ക്ലീന്‍ ബൗള്‍ ചെയ്യുകയായിരുന്നു. ഏറെനേരം മുന്നോട്ടുപോകാന്‍ കാര്‍ബറിക്കും കഴിഞ്ഞില്ല. നഥാന്‍കോള്‍ട്ടര്‍ നെയിലിന്റെ പന്തില്‍കാര്‍ബറിയും പുറത്തായി. 63റണ്‍സാണ് കാര്‍ബറി കൂട്ടി ച്ചേര്‍ത്തത്. തുടര്‍ന്ന് ജോസ് ബട്ട്ലര്‍ നടത്തിയ ഉജ്ജ്വല പ്രകടനം ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചു. 48 പന്തില്‍നിന്നും 65 റണ്‍സെടുത്ത ബട്ലര്‍ പുറത്താകാതെ നിന്നു. സ്റ്റോക്ക്സ് (25) ബട്ലര്‍ക്ക് മികച്ച പിന്തുണ നല്‍കി വിജയത്തിന് തൊട്ടുമുമ്പ് പുറത്തായി. ട്രെഡ്‌വെല്‍ (11) ക്രീസിലെത്തിയെങ്കിലും ബട്ലര്‍ വിജയം നേടിയെടുത്തു. ഓസ്ട്രേലിയക്കുവേണ്ടി ക്ലിന്റ് മക്കെ ഹാട്രിക് അടക്കം നാല് വിക്കറ്റുകള്‍ വീഴ്‌ത്തി. ഇംഗ്ലണ്ടിന്റെ ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 1-1 എന്ന നിലയിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: