കോഴഞ്ചേരി: മംഗളവാദ്യവും വായ്ക്കുരവയും വഞ്ചിപ്പാട്ടും ഉത്സവാന്തരീക്ഷം സൃഷ്ടിച്ച ഉത്രാട സന്ധ്യയില്‍ തിരുവാറന്മുളയപ്പനു ഓണസദ്യയൊരുക്കാനുള്ള വിഭവങ്ങളുമായിട്ടുള്ള തൃക്കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട തിരുവോണത്തോണി ഇന്ന് പുലര്‍ച്ചെ ആറന്മുളയിലെത്തും. തിരുവോണത്തോണിയേറി ഭഗവാന് പാര്‍ത്ഥസാരഥിക്കു തിരുവോണസദ്യയ്ക്കുള്ള വിഭവങ്ങളെത്തിക്കാന്‍ വേണ്ടി കുമാരനല്ലൂരില്‍ നിന്നും വെള്ളിയാഴ്ച്ച യാത്രതിരിച്ച മങ്ങാട് നാരായണ ഭട്ടതിരി ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു തൃക്കാട്ടൂര്‍ മഹാവിഷ്ണുക്ഷേത്രക്കടവിലെത്തിയത്.ക്ഷേത്രോപദേശകസമിതി ഭാരവാഹികളും ഭക്തജനങ്ങളും ചേര്‍ന്ന് അദ്ദേഹത്തെ ആചാരപൂര്‍വം സ്വീകരിച്ചു.ഉച്ചഭക്ഷണത്തിനും വിശ്രമത്തിനും ശേഷം വൈകുന്നേരം 6 മണിയോടെ തിരുവോണത്തോണിയിലേക്ക് വിഭവങ്ങള്‍ എത്തിച്ചു.
കാട്ടൂരിലെ 18 നായര്‍ കുടുംബത്തിലെ അംഗങ്ങളാണ് പരമ്പരാഗതമായി ഈ വിഭവങ്ങള്‍ ശേഖരിച്ച് തോണിയിലെത്തിച്ചത്.ക്ഷേത്ര ശ്രീകോവിലില്‍ പ്രത്യേക പൂജകള്‍ക്ക് ശേഷം ക്ഷേത്രത്തില്‍ നിന്നും പകര്‍ന്ന ദീപവുമായി മങ്ങാട് ഭട്ടതിരി തിരുവോണത്തോണിയിലേറിയപ്പോള് മുഴങ്ങിയ നാരായണ മന്ത്രങ്ങളും ആര്‍പ്പുവിളികളും പമ്പാ നദിക്കരയാകെ ഭക്തി സാന്ദ്രമാക്കി. നൂറുകണക്കിന് ഭക്തജനങ്ങള്‍ തിരുവോണത്തോണിക്കു വെറ്റയും പുകയിലയും ദക്ഷിണ സമര്‍പ്പിച്ചു.പമ്പയുടെ ഇരുകരകളിലും നിറഞ്ഞ ഭക്തസഹസ്രങ്ങള്‍ക്ക് ദര്‍ശന പുണ്യമേകി തിരുവോണത്തോണി ക്ഷേത്രക്കടവില്‍ നിന്നും നീങ്ങിയപ്പോള്‍ പള്ളിയോടങ്ങള്‍ അകമ്പടിസേവിച്ചു.പമ്പയുടെ ഇരുകരകളിലും നിറ ദീപങ്ങള്‍ തെളിയിച്ചിരുന്നു. 9 മണിയോടെ അയിരൂര്‍ മഠത്തിലെത്തി. അത്താഴത്തിനും വിശ്രമത്തിനും ശേഷം ഒരു മണിയോടെ യാത്രതിരിച്ചതോണി സംഘം മേലുകര വെച്ചൂര്‍ മനയ്ക്കല്‍ കടവിലെത്തി ഉപചാരം സ്വീകരിച്ചു.
പുലര്‍ച്ചെ 4.30 യോടെ തിരുവാറന്മുള ക്ഷേത്രക്കടവിലെത്തുന്ന തിരുവോണത്തോണിക്ക് അകമ്പടിയായി പള്ളിയോടങ്ങള്‍ പമ്പയില്‍ നിറയും. തുടര്‍ന്ന് മങ്ങാട്ടു ഭട്ടതിരിയെയും സംഘത്തെയും ദേവസ്വം അധികൃതരും ക്ഷേത്രോപദേശികസമിതി ഭാരവാഹികളും ചേര്‍ന്ന് സ്വീകരിക്കും. ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കിലേക്ക് ഭട്ടതിരി ദീപം പകരുന്നതോടെ തിരുവോണദിവസത്തെ പൂജകള്‍ ആരംഭിക്കും . അടുത്ത ഉത്രാടം നാള്‍വരെ കെടാവിളക്കായി ദീപം തെളിഞ്ഞ് കത്തും.തുടര്‍ന്ന് വിഭവങ്ങള്‍ തയ്യാറാക്കി ഭഗവാന് സദ്യസമര്പ്പിക്കും .പ്രത്യേക പൂജകള്‍ക്കും പ്രാര്‍ത്ഥനയ്ക്കും ശേഷം ഇന്ന് വൈകുന്നേരം അത്താഴപൂജ കഴിഞ്ഞ് ചെലവിനു ശേഷമുള്ള പണം ഭണ്ഡാരത്തില് നിക്ഷേപിച്ച് നിയോഗത്തിന്റെ നിര്‍വൃതിയുമായി മങ്ങാട്ടു ഭട്ടതിരി കുമാരനല്ലൂര്ക്കു മടങ്ങും.
കാട്ടൂര്‍ , ചെറുകോല്‍ , കോറ്റത്തൂര്‍, ഇടപ്പാവൂര്‍ പള്ളിയോടങ്ങള്‍ തിരുവോണത്തോണിക്ക് അകമ്പടി സേവിക്കാന്‍ കാട്ടൂരിലെത്തിയിരുന്നു. തിരുവോണത്തോണി പുറപ്പാടിനോടനുബന്ധിച്ച് തൃക്കാട്ടൂര്‍ മഹാവിഷ്ണുക്ഷേത്രാങ്കണത്തില് ചേര്‍ന്ന പൊതുസമ്മേളനം ദേവസ്വം പ്രസിഡന്റ് അഡ്വ:എം.പി.ഗോവിന്ദന് നായര്‍ ഉദ്ഘാടനം ചെയ്തു.രാജു ഏബ്രഹാം എം.എല്‍.എ അദ്ധ്യക്ഷവഹിച്ചു. തന്ത്രിമുഖ്യന്‍ അക്കീരമണ്‍ കാളിദാസഭട്ടതിരി അനുഗ്രഹപ്രഭാഷണം നടത്തി. ദേവസ്വം ബോര്‍ഡ് അംഗം പി.കെ.കുമാരന് സംസാരിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: