മാനന്തവാടി : ഫീസടക്കാന്‍ പണമില്ലാത്തതിനാല്‍ നിര്‍ദ്ധന കുടുംബത്തിലെ വിദ്യാര്‍ത്ഥിനിക്ക് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു. വയനാട് ജില്ലയിലെ തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ ബാവലി മീന്‍ക്കൊല്ലി വല്ലാട്ട്തടത്തില് വിന്‍സെന്റ്- ഷൈല ദമ്പതികളുടെ മകള്‍ നീതു(20) വിനാണ് താന്‍ ഏറെ മോഹിച്ച പഠനം നിര്‍ത്തേണ്ടിവന്നത്. കുസാറ്റില്‍ അഫിലിയേഷനുള്ള തിരുവന്തപുരം ടെക്നോപാര്‍ക്ക് ട്രിപ്പിള്‍ ഐടിഎംകെ എന്ന സ്ഥാപനത്തില്‍ എംഎസ്സി ജിയോ ഇന്‍ഫോമാറ്റിക് എന്ന ദ്വിവത്സരകോഴ്സിനായിരുന്നു നീതു പഠിച്ചുകൊണ്ടിരുന്നത്.
നാല് സെമസ്റ്ററുകളിലായി രണ്ട് ലക്ഷം രൂപയാണ് പഠന ചെലവ്. പ്രവേശന സമയത്ത് മാതാവിന്റെ ആഭരണം വിറ്റുകിട്ടിയ 25000 രൂപ അടച്ചാണ് അഡ്മിഷന് നേടിയത്. രണ്ടാം ഗഡുവായ 37000 രൂപ സെപ്തംബര്‍ 12 നകം അടക്കേണ്ടതായിരുന്നു. എന്നാല്‍ കൂലി പണിക്കാരായ നീതുവിന്റെ മാതാപിതാക്കള്‍ക്ക് തുക അടക്കാന്‍ കഴിയാതായതോടെയാണ് തിരുവനന്തപുരത്ത് നിന്നും പഠനം ഉപേക്ഷിച്ച് നീതു വീട്ടിലെത്തിയത്. അടച്ച തുക തിരികെ ലഭിക്കുമോ എന്നുപ്പോഴും നീതുവിന് അറിയില്ല.
വിന്‍സെന്റ്- ഷൈല ദമ്പതികള്‍ക്ക് മൂന്ന് പെണ്മക്കളാണ്. മൂത്തവളാണ് നീതു. പത്താം ക്ലാസ്സില്‍ 80 ശതമാനം മാര്‍ക്കോടെ പാസാവുകയും പ്ലസ്ടുവില്‍ 75 ശതമാനവും ഡിഗ്രിക്ക് 79 ശതമാനം മാര്‍ക്ക് വാങ്ങിയാണ് നീതു എംഎസ്സി ജിയോഗ്രഫി ഐഛിക വിഷയമായി തിരഞ്ഞെടുത്തത്. മാനന്തവാടി കനാറാ ബാങ്കില്‍ വിദ്യാഭ്യാസ ലോണിന് അപേക്ഷിച്ചെങ്കിലും 11 ശതമാനം പലിശ വേണമെന്ന ബാങ്കിന്റെ നിര്‍ബന്ധബുദ്ധി ലോണ്‍ ഉപേക്ഷിക്കുന്നതിന് കാരണമായി.
കേരളാ യൂണിവേഴ്സിറ്റിയില്‍ പിജി പഠനത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്, ജ്യോഗ്രഫി ഐഛിക വിഷയമായതിനാല്‍ ബിഎഡ് പ്രവേശനത്തിന് അപേക്ഷിച്ചെങ്കിലും അതും ലഭിക്കാത്ത അവസ്ഥയാണിപ്പോള്‍. സഹോദരി രേഷ്മ മാനന്തവാടിയിലെ സ്വകാര്യ കോള്ല് ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ്, മറ്റൊരു സഹോദരി നീന കാട്ടിക്കുളം ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ പ്ലസ്വണ് വിദ്യാര്‍ത്ഥിനിയാണ്. ആകെ 20 സെന്റ് സ്ഥലമാണ് ഇവരുടെ കുടുംബത്തിനുള്ളത്. കിടപ്പാടം വിറ്റെങ്കിലും മക്കളെ പഠിപ്പിക്കണമെന്നാണ് മാതാപിതാക്കളുടെ കാഴ്ച്ചപ്പാട്. പഠനം ഉപേക്ഷിക്കേണ്ടിവന്ന നീതു ദു:ഖം ഉള്ളിലൊതുക്കി വീട്ടില്‍ കഴിയുകയാണ്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: