ശാസ്താംകോട്ട: ഉത്രാടസദ്യയുണ്ട നിറവില്‍ ശാസ്താംകോട്ടയിലെ വാനരസേന. നഷ്ടസ്മൃതികളുട കനം തൂങ്ങുന്ന മുഖഭാവമായിരുന്നു ഇക്കുറിയും പലര്‍ക്കും. സായ്പിന്റെ മരണശേഷം ചൂണ്ടിക്കാണിക്കാന്‍ ഒരു നേതാവില്ലാതലയുന്ന ശാസ്താംകോട്ടയിലെ വാനരസേനയ്ക്ക് ഇക്കുറി ഒരുക്കിയ ഉത്രാടസദ്യയിലും ആ അനാഥത്വം നിഴലിച്ചു. പലരും ഇന്നലെ സദ്യയുണ്ണാനേ എത്തിയില്ല. കുറച്ചുപേര്‍ ചടങ്ങിനെത്തി സദ്യവട്ടങ്ങളുടെ മണം പിടിച്ച് മടങ്ങി. എങ്കിലും വിഷമങ്ങള്‍ മറന്ന് പകുതിയിലധികംപേരും ഉത്രാടസദ്യയില് പങ്കാളികളായി.
ഇന്നലെ ക്ഷേത്രത്തില്‍ വാനരര്‍ക്കായി ഒരുക്കിയ ഉത്രാടസദ്യയായിരുന്നു രംഗം. തൂശനിലയിട്ട്, തൊടുകറികള്‍ വിളമ്പി, ചോറും പരിപ്പും പപ്പടവും സാമ്പാറും പായസവും അടക്കം ഗംഭീരമായിരുന്നു സദ്യവട്ടങ്ങള്‍. നാലമ്പലത്തിനുള്ളിലെ വാനരഭോജനശാലയിലാണ് സദ്യ വിളമ്പിയത്.
സദ്യ വിളമ്പിയ ശേഷം വിളമ്പുകാര്‍ മാറിനിന്ന് വിളിച്ചെങ്കിലും തുടക്കത്തില്‍ വാനരന്മാര് പിണങ്ങിയെന്നോണം മാറിനിന്നു. പിന്നെ ഒറ്റപ്പെട്ട് ചിലരെത്തി മണം പിടിച്ച് ഇലയില്‍ വിളമ്പിയത് സദ്യയെന്ന് ഉറപ്പുവരുത്തി പെറുക്കിത്തിന്നു തുടങ്ങിയതോടെ മറ്റുള്ളവരും ധൈര്യം സംഭരിച്ച് പന്തിയിലെത്തി.
മുന്വര്ഷത്തെപ്പോലെയുള്ള ബഹളവും കടിപിടിയും ഇക്കുറിയുണ്ടായില്ല. തങ്ങളുടെ നേതാവ് സായിപ്പിന്റെ മരണശേഷം നേതാവില്ലാത്ത വാനരക്കൂട്ടത്തിന്റെ അസംഘടിതാവസ്ഥ സദ്യയിലും പ്രകടമായി. ക്ഷേത്രത്തില്‍ നിന്നും പുറത്താക്കപ്പെട്ട ചന്തക്കുരങ്ങുകളും ഇക്കുറി സദ്യക്കെത്തിയില്ല. ഒറ്റപ്പെട്ട് ക്ഷേത്രത്തിലെത്തിയാല്‍ കടിച്ചുകീറുന്ന ക്ഷേത്രക്കുരങ്ങുകള്‍ ചന്തക്കുരങ്ങുകളുടെ കാര്യത്തില്‍ ഇപ്പോഴും സംഘടിതരാണ്.
എം.വി. അരവിന്ദാക്ഷന്നായരാണ് ഉത്രാടസദ്യ ഒരുക്കിയത്. ഇന്ന് തിരുവോണസദ്യയും വാനരന്മാര്‍ക്കായി ക്ഷേത്രത്തില്‍ ഒരുക്കുന്നുണ്ട്.
എം.എസ്. ജയച്ചന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: