കൊച്ചി: സംസ്ഥാനത്തെ തീരദേശ മേഖലയുടെ സമഗ്ര വികസനത്തിനായി 60.80 കോടി രൂപ അനുവദിച്ചു. നബാര്‍ഡിന്റെ ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന ഫണ്ടില്‍ നിന്നാണ് തുക വായ്പയായി അനുവദിച്ചതെന്ന് ഫിഷറീസ്മന്ത്രി കെ. ബാബു അറിയിച്ചു. തീരദേശ കുടിവെള്ള പദ്ധതി, ഫിഷറീസ് സ്റ്റേഷനുകളുടെ നിര്‍മ്മാണം, മത്സ്യമേഖലയിലെ അടിസ്ഥാന സൗകര്യ വികസനം, തീരദേശ വിദ്യാഭ്യാസ ആരോഗ്യസ്ഥാപനങ്ങളുടെ വികസനം എന്നീ പദ്ധതികളാണ് കേരള സംസ്ഥാന തീരദേശ വികസന കോര്പ്പറേഷന് വഴി നടപ്പിലാക്കുന്നത്. തീരദേശ കുടിവെള്ള പദ്ധതികള്‍ക്കായി 12.45 കോടി രൂപ അനുവദിച്ചു.
കൊല്ലത്തെ നീണ്ടകര, ആലപ്പുഴയിലെ തൃക്കുന്നപ്പുഴ, എറണാകുളത്തെ ചെല്ലാനം, തൃശ്ശൂരിലെ കയ്പമംഗലം, കാസര്‍ഗോട്ടെ അജാനൂര്‍ എന്നീ മത്സ്യഗ്രാമങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇവ പൂര്‍ത്തിയാക്കുന്നതോടെ ഈ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമത്തിന് ഒരു ശാശ്വത പരിഹാരമുണ്ടാകും. ആലപ്പുഴ, തൃശ്ശൂര്‍, മലപ്പുറം, കാസര്‍ഗോഡ് എന്നീ നാല് ജില്ലകളിലും ഓരോ ഫിഷറീസ് സ്റ്റേഷന്റെ നിര്‍മ്മാണത്തിനായി 50 ലക്ഷം രൂപ വീതം വകയിരുത്തിയിട്ടുണ്ട്.
തീരദേശ വിദ്യാഭ്യാസ ആരോഗ്യ സ്ഥാപനങ്ങളുടെ വികസനത്തിനായി 19.63 കോടി രൂപയും മത്സ്യമേഖലയുടെ മറ്റു അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി 26.72 കോടി രൂപയും അനുവദിച്ചു. പ്രസ്തുത പദ്ധതികളില്‍ തിരുവനന്തപുരത്തെ പൊഴിയൂര്‍ ഗവണ്മെന്റ് യു.പി. സ്കൂള്‍, പൂവാര്‍ വെക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, കൊല്ലത്തെ പുത്തന്‍തുറ ഗവണ്മെന്റ് എ.എസ്.എച്ച്.എസ് ആലപ്പുഴയിലെ വലിയഴിക്കല്‍ ഗവണ്മെന്റ് എച്ച്.എസ്-എസ്, പല്ലന ഗവണ്മെന്റ് എല്‍.പി. സ്കൂള്‍, തൃക്കുന്നപ്പുഴ ഗവണ്മെന്റ് എല്‍.പി. സ്കൂള്‍, പാനൂര്‍ ഗവണ്മെന്റ് എല്‍.പി. സ്കൂള്‍ തൃശ്ശൂരിലെ കയ്പമംഗലം ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്കൂള്‍ മലപ്പുറത്തെ അരിയല്ലൂര്‍ ഗവണ്മെന്റ് യു.പി. സ്കൂള്‍, കാസര്‍ഗോട്ടെ മുസോഡി ഗവണ്മെന്റ് എല്‍.പി.സ്കൂള്‍, കോട്ടിക്കുളം ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്കൂള്‍ എന്നിവിടങ്ങളില്‍ അക്കാഡമിക് ബ്ലോക്കുകളുടെ നിര്‍മ്മാണവും പുല്ലുവിള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് ഐ.പി. ബ്ലോക്കും ലബോറട്ടറിയും, പൊയ്യ പി.എച്ച്.സി.ക്ക് ഐ.പി. ബ്ലോക്ക് നിര്‍മ്മാണവും ഉള്‍പ്പെടുന്നു.
മത്സ്യമേഖലയിലെ അടിസ്ഥാന സൗകര്യവികസന പദ്ധതികളില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണുര്‍ എന്നീ ജില്ലകളില്‍ 175 ലക്ഷം രൂപയുടെ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കും. തിരുവനന്തപുരത്തെ മരിയനാട്, അഞ്ചുതെങ്ങ്, പുതുക്കുറുച്ചി, എറണാകുളത്തെ ഉദയംപേരൂര്‍, തൃശ്ശൂരിലെ കൈയ്പ്പമംഗലം എന്നിവിടങ്ങളില്‍ 390 ലക്ഷം രൂപയുടെ ഫിഷ് ലാന്റിംഗ് സെന്ററുകള്‍, തിരുവനന്തപുരത്തെ കരുംകുളം, ആലപ്പുഴയിലെ അര്‍ത്തുങ്കല്‍, എറണാകുളത്തെ ഉദയംപേരൂര്‍, കണ്ണുരിലെ അഴീക്കോട് എന്നിവിടങ്ങളില്‍ 149.5 ലക്ഷം രൂപയുടെ നെറ്റ് മെന്‍ഡിംഗ് യാര്‍ഡുകള്‍, തിരുവനന്തപുരം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ 17.94 കോടി രൂപയുടെ ഫിഷറീസ് റോഡ് നര്‍മ്മാണം. കാസര്‍ഗോഡ് പടന്നയില്‍ 21 ലക്ഷം രൂപയുടെ കള്‍വര്‍ട്ട് നിര്‍മ്മാണം, 142 ലക്ഷം രൂപയുടെ ഒമ്പത് ഷെല്‍റ്റര്‍ ഷെഡുകളും ഉള്‍പ്പെടുന്നു. പദ്ധതി നടത്തിപ്പിന്റെ പ്രാരംഭ നടപടികള്‍ ഇതിനോടൊപ്പം തന്നെ ആരംഭിച്ചുകഴിഞ്ഞു.
കേരളത്തിലെ 222 തീരദേശ മത്സ്യഗ്രാമങ്ങളുടേയും, 123 ഉള്‍നാടന്‍ മത്സ്യഗ്രാമങ്ങളുടേയും സമഗ്രമായ വികസനത്തിന് 3000 കോടി രുപയുടെ പദ്ധതി തീരദേശ വികസന കോര്പ്പറേഷന് സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിരുന്നു. ഇത് ഘട്ടംഘട്ടമായി നടപ്പിലാക്കുന്നതിലായി, 150 കോടി രൂപയുടെ ഭവനവായ്പ ഹഡ്കൊ-യില്‍ നിന്ന് കോര്പ്പറേഷന് വായ്പ എടുക്കും. ഇതിന് സര്‍ക്കാര്‍ അനുമതി ലഭിച്ചു കഴിഞ്ഞു. നബാര്‍ഡില്‍ സമര്‍പ്പിച്ച 200 കോടി രൂപ ചെലവു വരുന്ന പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ 60.80 കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ചു. 2011-12 സാമ്പത്തിക വര്‍ഷത്തില്‍, തിരുവനന്തപുരം ജില്ലയില്‍ തീരദേശ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നബാര്‍ഡ് 10.89 കോടി രൂപ അനുവദിച്ചിരുന്നു. ഏകദേശം 71.69 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് തീരദേശ വികസന കോര്പ്പറേഷന് വഴി തീരദേശത്ത് നടപ്പിലാക്കുന്നതെന്നും മന്ത്രി കെ. ബാബു അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: