കൊച്ചി: മലയാളക്കരയിലേക്ക് ഒരോണംകൂടി വന്നണയുകയാണ്. തിരുവോണത്തെ വരവേല്‍ക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ നാടും നഗരവും ഇന്ന് ഉത്രാടപ്പാച്ചിലിന്റെ തിരക്കിലാകും. അത്തം പത്തോണം എന്നാണെങ്കിലും അത്തം കഴിഞ്ഞ് ഒന്‍പതാം നാള് തന്നെ തിരുവോണമെത്തുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ ഓണോത്സവത്തിനുണ്ട്. ഓണം മേകളും വള്ളംകളികളും മറ്റാഘോഷങ്ങളുമായി ഓണത്തെ വരവേല്‍ക്കാന്‍ ദിവസങ്ങള്‍ക്ക് മുമ്പുതന്നെ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു.
കാണം വിറ്റും ഓണം ഉണ്ണണം എന്ന ചൊല്ല് മനസില്‍ കൊണ്ടുനടക്കുന്ന മലയാളി കടുത്ത വിലക്കയറ്റത്തിലും ഓണത്തെ ആഘോഷിക്കാന്തന്നെയുള്ള തയ്യാറെടുപ്പിലാണ്. പച്ചക്കറികള്‍ക്കും പഴത്തിനും പൊള്ളുന്ന വിലയാണെങ്കിലും ആവശ്യക്കാര്‍ക്ക് കുറവില്ല. എറണാകുളം മാര്‍ക്കറ്റിലും മരട് പച്ചക്കറി മൊത്തവ്യാപാര കേന്ദ്രത്തിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. രാജനഗരിയായ തൃപ്പൂണിത്തുറയിലും ഓണംവിപണിയില്‍ തിരക്കേറുന്നു.
ഓണത്തിന്റെ പ്രധാന ഇനങ്ങളിലൊന്നായ കായ വറുത്തതിന് എക്കാലത്തേയും ഉയര്‍ന്ന വിലയാണ് ഇത്തവണ. കിലോക്ക് 280 രൂപയാണ് ഇന്നലത്തെ വിപണിവില. ഏത്തയ്ക്കായ്ക്ക് കിലോ 55 രൂപയാണെങ്കില്‍ ഏത്തപ്പഴത്തിനും ഇതേ വിലതന്നെ. പായസം ഉണ്ടാക്കാന്‍ പായ്ക്കറ്റുപാല് തന്നെയാണ് ആശ്രയം. അര ലിറ്ററിന് 17.50 രൂപയാണ് വില. മില്‍മയും സ്വകാര്യകമ്പനികളുമാണ് മത്സരിച്ച് വിപണിയില്‍ പാലെത്തിക്കുന്നത്.
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെയും ത്രിവേണിയുടെയും ഹോര്‍ട്ടി കോര്‍പ്പിന്റെയും ഓണച്ചന്തകള്‍ കൊച്ചിയിലും മറ്റും ആരംഭിച്ചത് ചെറിയൊരു ആശ്വാസമായി. എങ്കിലും വിപണിവില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കായില്ല. വിലവര്‍ധന മൂലം ഹോട്ടലുകളിലെ ഓണസദ്യയുടെ തിരക്ക് വര്ധിക്കുവാനും കാരണമായിട്ടുണ്ട്.
വസ്ത്രവ്യാപാര വിപണിയിലും ഓണക്കോടി വാങ്ങാനുള്ള വന്‍തിരക്കാണ്. പ്രത്യേക കിഴിവുകള്‍ പ്രഖ്യാപിക്കുന്നതിനാല്‍ ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍ക്കും ഓണക്കാലത്ത് ആവശ്യക്കാര്‍ ഏറെയാണ്.
അത്തച്ചമയ ഘോഷയാത്രയോടെയാണ് തൃപ്പൂണിത്തുറയില്‍ ഓണാഘോഷങ്ങള്‍ക്ക് തുടക്കമായതെങ്കില്‍ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ക്ലബുകളും സംഘടനകളും നിരവധി പരിപാടികളുമായി ഓണം കൊണ്ടാടി. ചമ്പക്കര, പിറവം, പനങ്ങാട് ഉള്‍പ്പെടെ പലേടത്തും ജലോത്സവങ്ങളും നടന്നു.
ഓണത്തിരക്ക് വര്‍ധിച്ചതോടെ നിരത്തുകളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത് ജനത്തെ വലക്കുന്നുണ്ട്. ഇന്ന് അവധിദിവസമാണെങ്കിലും ഉത്രാടപ്പാച്ചിലില്‍ നാടും നഗരവും തിരക്കിന്റെ പിടിയിലമരും. ആഘോഷങ്ങള്‍ക്കുള്ള അവസാനവട്ട ഒരുക്കങ്ങള്‍ക്കായി ഇനി മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. പൂക്കളത്തിനുള്ള പൂക്കളും സദ്യക്കുള്ള തൂശനിലയും ഓണത്തപ്പനെ വരെ വീട്ടിലെത്തിക്കേണ്ടവയുടെ കൂട്ടത്തില്‍പ്പെടുന്നു. നിരത്തുവക്കിലും കടകളിലും അനുഭവപ്പെടുന്ന ഉത്രാടപ്പാച്ചിലിന്റെ തിരക്ക് ചിലേടങ്ങളില്‍ രാത്രിവരെ നീളും.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: