നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ സ്ഥാപിച്ച ആധുനിക റഡാര്‍ സംവിധാനം രാഷ്ട്രത്തിന് സമര്‍പ്പിച്ചു.
വ്യോമയാനസമൂഹത്തിനും യാത്രികര്‍ക്കും ഏറെ പ്രയോജനപ്രദമാകുന്നതാണ് പുതിയ സംവിധാനം. വ്യോമഗതാഗത നിയന്ത്രകര്‍ക്ക് വിമാനങ്ങളെ നേരിട്ടുള്ള ഹൃസ്വദൂരപഥങ്ങളിലൂടെ പറക്കാന്‍ അനുവദിക്കാനാകും എന്നതാണ് ഇതിന്റെ സവിശേഷത. വിമാനങ്ങള്‍ ഇറങ്ങുന്നതിനും പറന്നുയരുന്നതിനുമുണ്ടാകുന്ന കാലതാമസം ഗണ്യമായി കുറയ്ക്കാന്‍ പുതിയ സംവിധാനത്തിന് കഴിയും. കൂടുതല്‍ ഇന്ധനലാഭവും പ്രകൃതിസൗഹൃദ വ്യോമഗതാഗതവും പ്രദാനം ചെയ്യാനും ഇതിലൂടെ കഴിയുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
കുറഞ്ഞ കാഴ്ചയിലും വിമാനങ്ങളിറക്കാന്‍ കഴിയുന്ന ഇന്‍സ്ട്രമെന്റ് ലാന്‍ഡിംഗ് സിസ്റ്റം (ഐഎല്‍എസ്) തുടക്കം മുതല്‍ ഇവിടെ പ്രവര്‍ത്തനക്ഷമമാണ്. പൂര്‍ണമായും യന്ത്രവല്‍കൃതമായ ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള ആധുനിക റഡാര്‍ നിയന്ത്രണകേന്ദ്രത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ വേഗതയിലും സുഗമമായും നടത്താനാവും എന്നതിന് പുറമെ, ആകാശപഥങ്ങളില്‍ ഉണ്ടായേക്കാവുന്ന ഗതാഗതക്കുരുക്കുകള്‍ മുന്‍കൂട്ടി അറിയുവാനും യഥാസമയം ഇടപെട്ട് സുരക്ഷ ഉറപ്പാക്കാനും കഴിയും.
മംഗലാപുരത്തിന് തെക്കും കോയമ്പത്തൂരിന് കിഴക്കും മുതല്‍ കേരളതീരത്തിന് പടിഞ്ഞാറ് അറബിക്കടലിന് മുകളില്‍ നിര്‍ണായകമായ ദൂരപരിധിയും ഉള്ള വ്യോമഗതാഗത നിയന്ത്രണം കൊച്ചിയില്‍ ആരംഭിച്ചത് സമീപകാലത്താണ്. പുതിയ റഡാര്‍ സംവിധാനം നിലവില്‍ വന്നതോടെ ഈ പരിധിയിലുടനീളമുള്ള നിരീക്ഷണം പൂര്ണതോതിലായിരിക്കയാണ്.
വ്യോമഗതാഗത രംഗത്തെ പുതുരീതികള്ക്കനുസരണമായി കൊച്ചിയില്‍ ആരംഭിച്ച മറ്റൊരു സംവിധാനമാണ് വിമാനങ്ങളുടെ പ്രവര്ത്തനാധിഷ്ഠിതയാനം. പുതുതലമുറയില്‍പ്പെട്ട വിമാനങ്ങള്‍ക്ക് പ്രത്യേകമായനുവദിച്ചിട്ടുള്ള ഹ്രസ്വദൂരപഥങ്ങളിലൂടെ വേഗത്തിലും സുരക്ഷിതമായും വന്നിറങ്ങാനാവും എന്നതാണ് ഇതിന്റെ പ്രത്യേകത. കൊച്ചി വിമാനത്താവളത്തിലെ വ്യോമഗതാഗത വളര്‍ച്ചയെ സുഗമമാക്കാന്‍ ഉതകുന്ന സംവിധാനമാണ് ഇതോടെ പ്രവര്‍ത്തനസജ്ജമായിരിക്കുന്നത്.
വിമാനത്താവളത്തില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര വ്യോമയാനസഹമന്ത്രി കെ.സി. വേണുഗോപാല്‍ പുതിയ റഡാര്‍ സംവിധാനം ഉദ്ഘാടനം ചെയ്തു. മന്ത്രി കെ. ബാബു അധ്യക്ഷനായിരുന്നു. കെ.പി. ധനപാലന് എംപി, അന്‍വര്‍ സാദത്ത് എംഎല്‍എ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: