കൊല്ലം: തിരുവോണം പുലരാന്‍ ഇന്നൊരു ദിവസം ബാക്കിനില്‍ക്കെ നഷ്ടങ്ങള്‍ നികത്താനുള്ള തത്രപ്പാടിലാണ് വഴിയോരക്കച്ചവടക്കാര്‍. ഓണമെത്തിയിട്ടും തെളിയാത്ത മാനവും മാറാത്ത മഴയും പ്രതീക്ഷകള്‍ക്ക് മേല്‍ വിതച്ച കരിനിഴല്‍ ഉത്രാടപ്പാച്ചിലില്‍ മായ്ച്ച് കളയാം എന്ന കാത്തിരിപ്പിലാണ് അവര്‍. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും മിതമായ നിരക്കില്‍ വസ്ത്രങ്ങള്‍ മുതല്‍ പച്ചക്കറികള്‍ വരെ എല്ലാമെത്തിച്ചാണ് വഴിയോരക്കച്ചവടക്കാര്‍ വിപണി കീഴടക്കുന്നത്.
ചിന്നക്കട, ഹെഡ്പോസ്റ്റോഫീസ്, ആണ്ടാമുക്കം, കോണ്‍വെന്റ് ജംഗ്ഷന്, ആശുപത്രി മുക്ക്, കപ്പലണ്ടി മുക്ക് തുടങ്ങിയ സ്ഥലങ്ങളിലാണ് വഴിയോരക്കച്ചവടം തകൃതിയായി നടക്കുന്നത്. ഗൃഹോപകരണങ്ങള്‍, തുണിത്തരങ്ങള്‍, കൗതുക വസ്തുക്കള്‍, കളിപ്പാട്ടങ്ങള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, വിവിധതരം പായകള്‍, പച്ചക്കറി തുടങ്ങി എന്തും കുറഞ്ഞ വിലയില്‍ വാങ്ങാന്‍ തയ്യാറാക്കിയിട്ടുണ്ട്. ഇപ്പോള്‍ത്തന്നെ കാല്‍നടയാത്രക്കാരും മറ്റ് വാഹനങ്ങളിലെ യാത്രക്കാരും ഫുട്പാത്ത് സാധനങ്ങള്‍ വാങ്ങാന്‍ തിരക്കുക്കൂട്ടുന്നതിനാല് മിക്കയിടങ്ങളിലും നീണ്ട നിരയാണ്.
ഷോറൂമുകളില്‍ ലഭിക്കുന്ന അതേ സാധനങ്ങളുടെ മോഡലുകള്‍ തന്നെയാണ് ഇവിടങ്ങളിലും ലഭിക്കുക. പക്ഷേ ഗുണനിലവാരത്തില്‍ പിന്നിലാണെന്നു മാത്രം. ഒരു ഗ്യാരന്റിയുമില്ലാതെയാണ് ഉപഭോക്താക്കള്‍ സാധനങ്ങള്‍ വാങ്ങിക്കൊണ്ടു പോകുന്നത്. അതിലവര്‍ക്കു പരിഭവവുമില്ല. കുറഞ്ഞ രൂപയ്ക്കു കൂടുതല്‍ സാധനം ലഭിക്കുമെന്നതാണ് ഏക ഗുണം. ചില ഐറ്റങ്ങള്‍ക്കു ഒരേ വിലയാണ്. ഏതെടുത്താലും 69, 55, 100 എന്നിങ്ങനെ ഒറ്റവിലയ്ക്കുള്ളതും വഴിയോരങ്ങളില്‍ ലഭ്യമാണ്.
65 രൂപയ്ക്ക് ഷര്‍ട്ടുകള്‍, 100 രൂപയ്ക്ക് പാന്റ്സുകള്‍, 50 രൂപ മുതല്‍ ബെഡ്ഷീറ്റുകള്‍, മുണ്ടുകള്‍, ഗൃഹോപകരണങ്ങള്‍, 30 രൂപ മുതല്‍ ചെരുപ്പുകള്‍. ചൈനീസ് ഉല്‍പ്പന്നങ്ങളും നാടന്‍ സാധനങ്ങളും വില്‍പ്പന ഐറ്റങ്ങളില്പ്പെടും. വിവിധ തൊഴിലിടങ്ങളിലെ ബോണസ് വിതരണത്തോടെ വഴിയോര വിപണിയില്‍ ഇന്ന് തിരക്കേറും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കശുവണ്ടിത്തൊഴിലാളികള്‍ക്കും മറ്റ് മേഖലകളിലെ തൊഴിലാളികള്‍ക്കും ശമ്പളവും ഉത്സവ അലവന്‍സുകളും എത്തിയതോടെ മഴയെ അവഗണിച്ചും ഇന്നലെ നല്ല കച്ചവടം നടന്നതായി വില്‍പ്പനക്കാര്‍ പറയുന്നു.
ഇടത്തരക്കാരാണ് വഴിയോരത്തിന്റെ പ്രധാന ഉപഭോക്താക്കള്‍. മിതമായ വിലയ്ക്ക് സാധനം വാങ്ങാന്‍ സാധിക്കുമോയെന്നാണ് അവര്‍ നോക്കുന്നത്. അതുകൊണ്ടാണ് വന്‍കിട കമ്പനി ഐറ്റങ്ങള്‍ക്ക് ടാറ്റാ പറഞ്ഞ് നാട്ടുകാര്‍ ഫുട്പാത്തിന്റെ പുറകേ പോകുന്നത്. അതേസമയം വഴിയോര വാണിഭത്തിന് ജനങ്ങള്‍ക്കിടയില്‍ സ്വാധീനമില്ലെന്നാണ് ഷോറൂം കച്ചവടക്കാരുടെ പക്ഷം.
തിരുവോണത്തിന് ഒരു നാള് ശേഷിക്കെ കരുനാഗപ്പള്ളിയില്‍ നാടും നഗരവും ഓണത്തിരക്കിലമര്‍ന്നു. ഇടയ്ക്കിടെ രസംകൊല്ലിയായെത്തിയ മഴയെ അവഗണിച്ച് ജനം കൂട്ടത്തോടെ സാധനങ്ങള്‍ വാങ്ങാനിറങ്ങിയതോടെ വിപണികളില്‍ തിരക്കിന്റെ ഓണമായി.
ഓണസാധനങ്ങള്‍ വാങ്ങാനെത്തിയവരെയും അവരുടെ വാഹനങ്ങളെയുംകൊണ്ട് നഗരനിരത്തുകള്‍ നിറഞ്ഞതോടെ ഗതാഗതക്കുരുക്കുമുണ്ടായി. ഓണത്തിരക്കൊഴിവാക്കാന്‍ പഴയ കമ്മ്യൂണിറ്റി ഹാള്‍ പൊളിച്ച സ്ഥലത്ത് സൗജന്യമായി നഗരസഭ പാര്‍ക്കിംഗിന് സൗകര്യമൊരുക്കിയിട്ടും ദേശീയപാതയില്‍ വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു. സൂപ്പര്‍മാര്‍ക്കറ്റുകളിലും പലവ്യഞ്ജനസാധനക്കടകളിലും തുണിക്കടകളിലും രാവിലെ മുതല്‍ തന്നെ തിരക്കായി. ഇവയ്ക്കൊപ്പം പച്ചക്കറിക്കടകളിലും നല്ല തിരക്കനുഭവപ്പെട്ടു.
സപ്ലൈക്കോ, ലാഭം, മാവേലി സ്റ്റോറുകളിലൊക്കെ വലിയ തിരക്കായിരുന്നു. പ്രമുഖ തുണിക്കടകളൊക്കെ രാവിലെ തന്നെ നിറഞ്ഞു. ബോണസ് ലഭിച്ച തൊഴിലാളികളുള്‍പ്പെടെയുള്ളവരാണ് ഉത്രാടത്തലേന്ന് വിപണികളില്‍ പ്രധാനമായും എത്തിയത്. അതേസമയം നാടെങ്ങും ഓണാഘോഷം വിപുലമായി നടക്കുന്നു.
പച്ചക്കറികളും ഏത്തക്കുലകളും മറ്റും വാങ്ങാന്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പുനലൂര്‍ നഗരത്തില്‍ ജനം ഒഴുകിയെത്തിയപ്പോള്‍ അവരെ നിയന്ത്രിക്കാന്‍ പോലീസിനും കഴിഞ്ഞില്ല. കെഎസ്ആര്‍ടിസി ജംഗ്ഷന്, പോസ്റ്റ് ഓഫീസ് ജംഗ്ഷന്, ചെമ്മന്തൂര്‍ എന്നിവിടങ്ങളിലാണ് ഏറെ തിരക്കനുഭവപ്പെട്ടത്. പുനലൂര്‍ നഗരസഭയുടെ ഓണം ഫെസ്റ്റിനോടനുബന്ധിച്ചു നടക്കുന്ന വിപണനമേളയും ഏറെ ശ്രദ്ധപിടിച്ചുപറ്റി. ഇവിടെയും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: