ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഫെഡറല്‍ കോടതിയുടെ സമന്‍സ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് ആശുപത്രിയില്‍ വച്ച് കൈമാറി. സിഖ് മനുഷ്യാവകാശ സംഘടന നല്കിയ കേസിന്മേലാണ് സോണിയയ്ക്കെതിരെ കോടതി സമന്‍സ് പുറപ്പെടുവിച്ചത്.
ഫെഡറല്‍ ജഡ്ജ് ബ്രെയ്ന്‍ എം. കോഗന് പുറപ്പെടുവിച്ച സമന്‍സ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന സോണിയയ്ക്ക് എത്തിച്ചത് സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സിഖ് മനുഷ്യാവകാശ സംഘടനയാണ്. 1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കളെ ഒളിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിന് സോണിയ മുന്കയ്യെടുത്തെന്നാണ് പരാതിയില്‍ പറയുന്നത്.
സ്ലോവാന്‍ കെറ്ററിംഗ് മെമ്മോറിയല്‍ ആശുപത്രിയിലെ രാത്രി ഷിഫ്റ്റിന്റെ ചുമതലയുള്ള നഴ്സിംഗ് സൂപ്പര്‍വൈസര്‍ ആണ് സമന്‍സും സോണിയയ്ക്കെതിരായ പരാതിയുടെ പകര്‍പ്പും കൈമാറിയത്. ഇവ രണ്ടും നേരിട്ട് കൈമാറണമെന്ന കോടതിയുടെ നിര്‍ദേശപ്രകാരമായിരുന്നു അത്. എലിയന്‍ ടോര്‍ട്ട് ക്ലെയിംസ് ആക്ട്, ടോര്‍ച്ചര്‍ വിക്ടിം പ്രൊട്ടക്ഷന്‍ ആക്ട് എന്നീ ചട്ടങ്ങള്‍ പ്രകാരമാണ് 1984 നവംബറില്‍ നടന്ന കലാപത്തിലെ ഇരകളോടൊപ്പം അമേരിക്ക കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സിഖ് മനുഷ്യാവകാശ സംഘടന സോണിയയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതി ഫയല്‍ ചെയ്തത്.
കേസ് പുരോഗമിക്കവെ, സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടന ഒരു വ്യക്തിയെ മനപ്പൂര്‍വം അപമാനിക്കാനും വിദ്വേഷം ജനിപ്പിക്കാനും വേണ്ടി ഉപദ്രവകരമായ വ്യവഹാരവുമായി മുന്നോട്ടുപോകുകയാണെന്ന് അമേരിക്കയിലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചെയര്മാന് ജോര്‍ജ് അബ്രഹാം പറഞ്ഞു.
അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ബുധനാഴ്ച രാവിലെ വീട്ടില്‍ തിരിച്ചെത്തി. അതിരാവിലെ അവര്‍ ദല്ഹിയിലെത്തിയതായാണ് ഔദ്യോഗികവൃത്തങ്ങള്‍ പറയുന്നത്.
മകള്‍ പ്രിയങ്കയ്ക്കൊപ്പമാണ് അവര്‍ സപ്തംബര്‍ രണ്ടിന് മെഡിക്കല്‍ പരിശോധനയ്ക്കായി അമേരിക്കയ്ക്ക് പോയത്. 66 കാരിയായ സോണിയ 2011 ആഗസ്റ്റ് അഞ്ചിന് അമേരിക്കയില്‍ ഒരു സര്‍ജറിക്ക് വിധേയയായിരുന്നു. എന്ത് സര്‍ജറിയാണ് ചെയ്തതെന്ന് അവര്‍ വെളിപ്പെടുത്തിയിട്ടില്ല.
അടുത്തിടെ ലോക്സഭയില്‍ ഭക്ഷ്യ സുരക്ഷാ ബില്ലിന്മേല് അവസാനവട്ട ചര്‍ച്ച നടക്കവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സോണിയയെ ആള് ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ അഞ്ച് മണിക്കൂര്‍ ചെലവഴിച്ച് ചില പരിശോധനകള്‍ നടത്തിയ ശേഷം അവര്‍ വീട്ടിലേക്ക് മടങ്ങി.
ലോക്സഭയില്‍ പങ്കെടുക്കവെ തുടര്‍ച്ചയായ ചുമയും തലവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് അവരെ ആശുപത്രിയിലേക്ക് മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: